ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തിലെ മൂന്നാം ദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 13 ഓവറില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെടുത്തിട്ടുണ്ട്.
ഓപ്പണര്‍ യശസ്വി ജെയ്സ്വാളിന്റെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. 22 പന്തില്‍ 28 റണ്‍സെടുത്ത താരത്തെ ജോഷ് ടംഗാണ് പുറത്താക്കിയത്. കെ.എല്‍. രാഹുലും 38 പന്തില്‍ 28 റണ്‍സും കരുണ്‍ നായര്‍ 18 പന്തില്‍ ഏഴ് റണ്‍സും നേടി ക്രീസിലുണ്ട്.
നേരത്തെ ഇന്ത്യ നേടിയ 587 റണ്‍സ് മറികടക്കാനിറങ്ങിയ ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്‌സില്‍ 407 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടാക്കിയിരുന്നു. ആതിഥേയര്‍ക്കായി ജെയ്മി സ്മിത്തും ഹാരി ബ്രൂക്കുമാണ് മിന്നും പ്രകടനം കാഴ്ച വെച്ചത്. സ്മിത് 207 പന്തില്‍ പുറത്താകാതെ 184 റണ്‍സെടുത്ത് ഇംഗ്ലണ്ടിന്റെ രക്ഷകനായി. ബ്രൂക്ക് 234 158 റണ്‍സ് നേടി വമ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് മുഹമ്മദ് സിറാജായിരുന്നു. ആറ് വിക്കറ്റ് നേടിയാണ് താരം മിന്നും പ്രകടനം നടത്തിയത്. 3.59 എക്കോണമിയില്‍ പന്തെറിഞ്ഞ സിറാജ് 70 റണ്‍സ് മാത്രമാണ് വിട്ടു നല്‍കിയത്. ഇപ്പോള്‍ സിറാജിന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.
സിറാജ് എല്ലായിപ്പോഴും തന്റെ പരമാവധി ചെയ്യുന്ന താരമാണെന്നും ധൈര്യത്തോടെയും ആത്മാര്‍ത്ഥമായുമാണ് സിറാജ് പന്തെറിയുന്നതെന്നും ചോപ്ര പറഞ്ഞു. മാത്രമല്ല പന്ത് കയ്യില്‍ കിട്ടുമ്പോള്‍ 100 ശതമാനം നല്‍കി ബൗള്‍ ചെയ്യുന്ന താരമാണ് സിറാജെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എല്ലായ്പ്പോഴും അവന്‍ തന്റെ പരമാവധി ചെയ്യും. അവന്‍ ധൈര്യത്തോടെയും ആത്മാര്‍ത്ഥമായും പന്തെറിയുന്നു. പന്ത് കൈമാറുമ്പോള്‍ 100 ശതമാനം നല്‍കുന്ന ഒരാളെ നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍, അത് മുഹമ്മദ് സിറാജാണ്. അവന്റെ പ്രതിബദ്ധത, അഭിനിവേശം, ആക്രമണ ശൈലി, സ്ഥിരതയുള്ള മനോഭാവം എന്നിവ ശരിക്കും ശ്രദ്ധേയവും പ്രചോദനാത്മകവുമാണ്.
വിക്കറ്റുകള്‍ വീഴ്ത്തിയാലും ഇല്ലെങ്കിലും, മറുവശത്ത് എന്ത് സംഭവിച്ചാലും എത്ര അടി കിട്ടിയാലും, അവന്‍ ഒന്നും നിര്‍ത്താന്‍ നിര്‍ത്താന്‍ പോകുന്നില്ല. ഒരിക്കല്‍ കൂടി, ആ വ്യക്തി അത്ഭുതകരമായി പന്തെറിഞ്ഞു. പിച്ച് ഒരു റോഡ് പോലെയായിരുന്നു. ധാരാളം റണ്‍സ് സ്‌കോര്‍ ചെയ്യപ്പെട്ടു, പക്ഷേ സിറാജ് വേറിട്ടു നിന്നു. അവന്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി. റൂട്ടിനെയും സ്റ്റോക്‌സിനേയും അവന്‍ പുറത്താക്കി,’ ചോപ്ര പറഞ്ഞു.
സാക്ക് ക്രോളി (19), ജോ റൂട്ട് (22), ബെന്‍ സ്റ്റോക്സ് (0), ബ്രൈഡന്‍ കാഴ്സ് (0), ജോഷ് ടംഗ് (0), ഷൊയിബ് ബഷീര്‍ (0) എന്നിവരെയാണ് സിറാജ് പുറത്താക്കിയത്. സിറാജിന് പുറമെ ഇന്ത്യയ്ക്ക് വേണ്ടി ബാക്കി നാല് വിക്കറ്റുകളും സ്വന്തമാക്കിയത് ബുംറയ്ക്ക് പകരക്കാരനായി ടീമിലെത്തിയ ആകാശ് ദീപാണ്.
Content Highlight: India VS England: Akash Chopra Praises Mohammad Siraj