ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ മൂന്നാം മത്സരം ലോര്‍ഡ്‌സില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് പടുത്തുയര്‍ത്തിയ 387 റണ്‍സിനൊപ്പമെത്തിയാണ് ഇന്ത്യയും തുടര്‍ ബാറ്റ് ചെയ്ത് രണ്ടാം ഇന്നിങ്‌സില്‍ ബൗളിങ്ങിനിറങ്ങിയത്.
ശേഷം രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 192 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ചെയ്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സാണ് നേടിയത്. മൂന്നാം ടെസ്റ്റില്‍ വിജയം നേടാനും പരമ്പരയില്‍ ആധിപത്യം പുലര്‍ത്താനും ഇന്ത്യയ്ക്ക് ഇനി വേണ്ടത് 135 റണ്‍സ് മാത്രമാണ്. നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് 33 റണ്‍സ് നേടിയ കെ.എല്‍ രാഹുലാണ്.
മത്സരത്തിനോടനുബന്ധിച്ച് സ്‌കൈ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യ താരം അജിന്‍ക്യ രഹാനെ സംസാരിച്ചിരുന്നു. മുന്‍ ഇംഗ്ലണ്ട് താരം നാസര്‍ ഹൊസൈനൊപ്പമുള്ള അഭിമുഖത്തില്‍ സൂപ്പര്‍ താരം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമുണ്ടെന്നും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്നും രഹാനെ പറഞ്ഞു. മാത്രമല്ല ആഭ്യന്തര സീസണ്‍ ആരംഭിക്കാറായെന്നും ടീമിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് സെലക്ടര്‍മാരോട് സംസാരിച്ചെന്നും ബാറ്റര്‍ കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ എനിക്ക് അതിയായ അഭിനിവേശമുണ്ട്. ഇപ്പോള്‍ ഞാന്‍ എന്റെ ക്രിക്കറ്റ് ആസ്വദിക്കുകയാണ്. എനിക്ക് ഇവിടെ കുറച്ച് ദിവസമേ ഉള്ളൂ, ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ എന്റെ പരിശീലകരും വ്യായാമ വസ്ത്രങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഞങ്ങളുടെ ആഭ്യന്തര സീസണ്‍ ആരംഭിക്കാന്‍ പോകുകയാണ്. അതിനാല്‍ തയ്യാറെടുപ്പുകള്‍ ഔദ്യോഗികമായി ആരംഭിച്ചു.
എനിക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് പ്രധാനം. സത്യം പറഞ്ഞാല്‍ ഞാന്‍ സെലക്ടര്‍മാരുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചിരുന്നു എന്നാല്‍ ഒരു കളിക്കാരന്‍ എന്ന നിലയില്‍ എന്റെ നിയന്ത്രണത്തിന് മുകളിലുള്ള ചില കാര്യങ്ങളുണ്ട്. നിലവില്‍ എനിക്ക് ഒരു പ്രതികരണവും ലഭിച്ചിട്ടില്ല’ രഹാനെ സ്‌കൈ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
Content Highlight: India VS England: Ajinkya Rahane Talking About Comeback In Indian Team