| Wednesday, 30th July 2025, 9:13 pm

ടെസ്റ്റ് ഭീമന്മാര്‍ക്ക് ബിഗ് വാണിങ്, ചരിത്രം തിരുത്തിക്കുറിക്കാന്‍ ഗില്ലിന് മുന്നിലുള്ളത് രണ്ടേ രണ്ട് ഇന്നിങ്‌സും

ശ്രീരാഗ് പാറക്കല്‍

ഒരു 25കാരന്റെ കയ്യില്‍ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചപ്പോള്‍ ക്രിക്കറ്റ് ലോകം മുഴുവന്‍ ഉയര്‍ത്തിയ ആശങ്കകള്‍ക്ക് മറുപടി നല്‍കി അവന്‍ മുന്നോട്ട് കതിക്കുകയാണ്… ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ആറാട്ടില്‍ കയ്യടിക്കാത്ത ഒരു ക്രിക്കറ്റ് പ്രേമിയുണ്ടാകില്ല,

രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും ടെസ്റ്റ് വിരമിക്കലിന് ശേഷം ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സന്‍ ട്രോഫിക്ക് വിമാനം കയറിയ ഗില്ലും സംഘവും തങ്ങള്‍ അത്ര നിസാരക്കാരല്ലെന്ന് തെളിയിക്കുകയാണ്. അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ആദ്യ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് 2-1ന് മുമ്പിലാണെങ്കിലും, ഒരു വിജയവും വിജയത്തോളം അഭിമാനിക്കാവുന്ന സമനിലയും നേടി ഇന്ത്യ അവസാന അങ്കത്തിന് തയ്യാറെടുത്തുകഴിഞ്ഞു.

ലീഡ്സിലും ലോര്‍ഡ്സിലും ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ ഇതിന് മുമ്പ് ഒരിക്കല്‍പ്പോലും വിജയിക്കാന്‍ സാധിക്കാതെ പോയ എഡ്ജ്ബാസ്റ്റണില്‍ ആദ്യമായി വിജയിച്ച ഗില്ലും സംഘവും മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രോഫോഡില്‍ സമനില നേടുകയും ചെയ്തു. ഇനി അറിയാനുള്ളത് അവസാന വിധിയെഴുത്തിന്റെ ആകാംക്ഷ നിറഞ്ഞ അഞ്ചേ അഞ്ച് ദിനങ്ങള്‍…

ഓവലിലെ അവസാന പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ഇന്നേവരെ ഇന്ത്യയുടെ രണ്ട് ക്യാപ്റ്റന്‍മാര്‍ക്ക് മാത്രം വിജയം രേഖപ്പെടുത്താന്‍ സാധിച്ച വേദിയില്‍ മൂന്നാമനായി ചരിത്രം കുറിക്കാന്‍ ഗില്‍ ഒരുങ്ങിക്കഴിഞ്ഞു. 1971ല്‍ വധേക്കറും 2021ല്‍ വിരാടും സ്വന്തമാക്കിയ വിജയം ഗില്‍ ആവര്‍ത്തിക്കുമോ എന്നത് മാത്രല്ല ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്… വെറും ഒരു 25കാരനായ പയ്യന്‍, ലോകം കണ്ട ഏറ്റവും മികച്ച ടെസ്റ്റ് താരങ്ങള്‍ക്ക് മുന്നില്‍ വെച്ച വമ്പന്‍ വെല്ലുവിളിയുടെ ക്ലൈമാക്‌സിലേക്കാണ് ആരാധകരുടെ മുഴുവന്‍ ശ്രദ്ധയും! അതിനായി ഗില്ലിന്റെ കയ്യിലുള്ളത് രണ്ടേ രണ്ട് ഇന്നിങ്‌സും…

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു പരമ്പരയില്‍ നിന്ന് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന വമ്പന്‍ നേട്ടത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ക്കാന്‍ ഗില്ലിന് വെട്ടിക്കൂട്ടേണ്ടത് ഇനി 26 പേരുകളാണ്. ഓസീസിന്റെ ബ്രാഡ്മാനും വിന്‍ഡീസിന്റെ ലാറയും ഇന്ത്യയുടെ സുനില്‍ ഗവാസ്‌കറും വാഴുന്ന ഇതിഹാസ ലിസ്റ്റിലെ തലപ്പത്തേക്ക് ചേക്കേറാന്‍ അവസാന പോരാട്ടത്തില്‍ ഗില്ലിന് വേണ്ടത് ഇനി 252 റണ്‍സും. ഇതെല്ലാം അവനെക്കൊണ്ട് സാധിക്കുമോ എന്ന് സംശയിക്കുന്നവര്‍ക്ക് മുന്നില്‍ ഗില്‍ തന്റെ പ്രകടനം കൊണ്ട് ഉത്തരം നല്‍കിക്കഴിഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിലെ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍, ടീം, റണ്‍സ് എന്ന ക്രമത്തില്‍

ഡൊണാള്‍ഡ് ബ്രാഡ്മാന്‍ – ഓസ്‌ട്രേലിയ – 974

വാള്‍ട്ടര്‍ ഹെമ്മോണ്ട് – 905

മാര്‍ക് ടെയ്‌ലര്‍ – ഓസ്‌ട്രേലിയ – 839

റോബര്‍ട്ട് ഹാര്‍വേ – ഓസ്‌ട്രേലിയ – 834

വിവിയന്‍ റിച്ചാര്‍ഡ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 829

ക്ലൈഡ് വാള്‍ക്കോട്ട് – വെസ്റ്റ് ഇന്‍ഡീസ് – 827

ഗാരി സോബേഴ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 824

ഡൊണാള്‍ഡ് ബ്രാഡ്മാന്‍ – ഓസ്‌ട്രേലിയ – 810

ഡൊണാള്‍ഡ് ബ്രാഡ്മാന്‍ – ഓസ്‌ട്രേലിയ – 806

ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – 798

കോഴ്‌സി വീക്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 779

സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 774

സുനില്‍ ഗവാസ്‌കര്‍ – ഇന്ത്യ – 774

സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 769

അലസ്റ്റയര്‍ കുക്ക് – ഇംഗ്ലണ്ട് – 766

ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – 765

മുദാസര്‍ നാലര്‍ – പാകിസ്ഥാന്‍ – 761

ഡൊണാള്‍ഡ് ബ്രാഡ്മാന്‍ – ഓസ്‌ട്രേലിയ – 758

ഡെനിസ് കോംപ്ടണ്‍ – ഇംഗ്ലണ്ട് – 753

ഗ്രഹാം ഗൂച്ച് – ഇംഗ്ലണ്ട് – 752

ജോ റൂട്ട് – ഇംഗ്ലണ്ട് – 737

ഹെര്‍ബേര്‍ട്ട് സട്ട്ക്ലിഫ് – ഇംഗ്ലണ്ട് – 734

സുനില്‍ ഗവാസ്‌കര്‍ – ഇന്ത്യ – 732

ഡേവിഡ് ഗോവര്‍ – ഇംഗ്ലണ്ട് – 732

ജോര്‍ജ് ഫോക്ണര്‍ – സൗത്ത് ആഫ്രിക്ക – 732

ഗാരി സോബേഴ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 722

ശുഭ്മന്‍ ഗില്‍ – ഇന്ത്യ – 722*

മാത്രമല്ല നിലവില്‍ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം കൂടിയാണ് ഗില്‍. നാലാം ടെസ്റ്റിലെ അവസാന ദിനം സെഞ്ച്വറി നേടിയതോടെ ഒരു ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടവും ഗില്‍ സ്വന്തമാക്കി. ഈ നേട്ടത്തില്‍ സുനില്‍ ഗവാസ്‌കര്‍, ഡോണ്‍ ബ്രാഡ്മാന്‍ എന്നീ ഇതിഹാസ താരങ്ങള്‍ക്കൊപ്പമെത്താനും ഗില്ലിന് കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാലാം സെഞ്ച്വറിയാണ് ഗില്‍ തന്റെ പേരില്‍ കുറിച്ചത്. മാത്രമല്ല നാല് സെഞ്ച്വറികളോടൊപ്പം ഒരു ഡബിള്‍ സെഞ്ച്വറിയും ഗില്‍ പരമ്പരയില്‍ നേടിയിരുന്നു.

മാഞ്ചസ്റ്ററില്‍ നടക്കുന്ന ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ഏക ഇന്ത്യന്‍ താരം എന്ന നേട്ടവും ഗില്‍ ഇതിനോടകം തന്റെ അക്കൗണ്ടിലാക്കി. തന്റെ 25ാം വയസില്‍ 18 അന്താരാഷ്ട്ര സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയ ഗില്‍ ഇനിയും റെക്കോഡുകള്‍ തകര്‍ക്കുമെന്നത് ഉറപ്പാണ്.

അതേസമയം ടെന്‍ഡുല്‍ക്കര്‍- ആന്‍ഡേഴ്‌സന്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെ ദി ഓവലിലാണ് മത്സരം നടക്കുക.

ഈ മത്സരത്തില്‍ എന്ത് വിലകൊടുത്തും ഇന്ത്യക്ക് വിജയിക്കേണ്ടത് അനിവാര്യമാണ്. 1936 മുതല്‍ ഓവലില്‍ ഇന്ത്യ 15 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചെങ്കിലും രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. ഓവലില്‍ ആറ് മത്സരങ്ങള്‍ പരാജയപ്പെട്ട ഇന്ത്യ ഏഴ് മത്സരങ്ങളില്‍ സമനില രേഖപ്പെടുത്തി. ഇംഗ്ലണ്ടാണ് മത്സരത്തില്‍ വിജയിക്കുന്നതെങ്കില്‍ 3-1ന് ഇന്ത്യയ്ക്ക് പരമ്പര തന്നെ നഷ്ടമാകും. എന്നിരുന്നാലും ഗില്ലിന്റെയും ഇന്ത്യയുടെയും വിജയത്തിനായി നമുക്ക് കാത്തിരിക്കാം.

Content Highlight: India VS England: A legendary record awaits Shubhman Gill in the final Test against England

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more