| Sunday, 27th July 2025, 12:21 pm

1936 മുതലുള്ള കാത്തിരിപ്പ്; ആ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മഹാത്ഭുതങ്ങള്‍ സംഭവിക്കണം

ആദര്‍ശ് എം.കെ.

ഇന്ത്യ ഇതുവരെ വിജയിക്കാത്ത മണ്ണ്, വിജയങ്ങളില്ലാതെ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച മണ്ണ്, ഒരുപക്ഷേ ഇത്തവണയും ഇന്ത്യയെ വിജയിക്കാന്‍ അനുവദിക്കാത്ത മണ്ണ്… പറഞ്ഞുവരുന്നത് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടിനെ കുറിച്ചാണ്.

തങ്ങളുടെ ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യ വിജയമധുരം രുചിക്കാത്ത സ്റ്റേഡിയങ്ങളിലൊന്നാണ് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ്. ഒമ്പത് പതിറ്റാണ്ടോളമായി ഇന്ത്യയെ വിജയിക്കാന്‍ അനുവദിക്കാത്ത ഈ വേദി ഇത്തവണയും അതിന്റെ ചരിത്രം മാറ്റുമെന്ന് പ്രതീക്ഷിക്കാന്‍ സാധിക്കില്ല.

ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ട്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം ടെസ്റ്റിനാണ് മാഞ്ചസ്റ്റര്‍ വേദിയാകുന്നത്. ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 2-1ന്റെ ലീഡുമായാണ് ആതിഥേയര്‍ മാഞ്ചസ്റ്ററിലിറങ്ങിയത്. ലീഡ്‌സിലും ലോര്‍ഡ്‌സിലും ഇംഗ്ലണ്ട് വിജയമധരുരം രുചിച്ചപ്പോള്‍ ചരിത്രത്തിലിതുവരെ വിജയിക്കാത്ത എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ പടുകൂറ്റന്‍ വിജയം സ്വന്തമാക്കി.

ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിലെ വിജയം തന്നെയായിരുന്നു നാലാം മത്സരത്തിന് മുമ്പ് ഇന്ത്യയുടെ ആത്മവിശ്വാസമുയര്‍ത്തിയത്. എഡ്ജ്ബാസ്റ്റണ്‍ വീണ്ടും ആവര്‍ത്തിക്കുമെന്ന് ആരാധകരും പ്രതീക്ഷിച്ചു.

ക്യാപ്റ്റന്‍ ഗില്‍: എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയുടെ വിജയശില്‍പി

1936 മുതല്‍ ഇതുവരെ ഒമ്പത് മത്സരങ്ങള്‍ ഇന്ത്യ ഈ വേദിയില്‍ കളിച്ചു. അഞ്ചെണ്ണം സമനിലയില്‍ അവസാനിച്ചപ്പോള്‍ നാലെണ്ണത്തില്‍ തോറ്റു. ഇതില്‍ രണ്ടെണ്ണം ഇന്നിങ്‌സ് തോല്‍വികള്‍! ഈ സ്ട്രീക്കിന് അന്ത്യം കുറിക്കാന്‍ കൂടി വേണ്ടിയാണ് ശുഭ്മന്‍ ഗില്ലും സംഘവും കളത്തിലിറങ്ങിയത്.

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ പ്രകടനം

(വര്‍ഷം – റിസള്‍ട്ട് – മാര്‍ജിന്‍ എന്നീ ക്രമത്തില്‍)

1936 – സമനില

1946 – സമനില

1952 – തോല്‍വി – ഇന്നിങ്സിനും 207 റണ്‍സിനും

1959 – തോല്‍വി – 171 റണ്‍സ്

1971 – സമനില

1974 – തോല്‍വി – 113 റണ്‍സ്

1982 – സമനില

1990 – സമനില

2014 – തോല്‍വി – ഇന്നിങ്സിനും 54 റണ്‍സിനും

11 വര്‍ഷത്തിനിപ്പുറം ഒരിക്കല്‍ക്കൂടി ഈ വേദിയില്‍ കളിക്കാനിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയുടെ മനസിലുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളൊന്നും ഇന്ത്യയ്ക്ക് അനുകൂലമല്ല.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 358ന് പുറത്തായി. സായ് സുദര്‍ശന്‍, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ തരക്കേടില്ലാത്ത ഒന്നാം ഇന്നിങ്‌സ് സ്‌കോറിലെത്തിയത്. കെ.എല്‍. രാഹുലും റിഷബ് പന്തും കരിയറിലെ ചരിത്ര നാഴികക്കല്ലുകള്‍ പിന്നിട്ട് റെക്കോഡുകള്‍ വാരിക്കൂട്ടിയെങ്കിലും ഒരു മികച്ച സ്‌കോറിലെത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. ഇതിനൊപ്പം റിഷബ് പന്തിന്റെ പരിക്കും ഇന്ത്യയ്ക്ക് വിനയായി.

മറുവശത്ത് ഫോമിന്റെ പാരമ്യത്തിലുള്ള ബെന്‍ സ്റ്റോക്‌സിനെയാണ് ആരാധകര്‍ കണ്ടത്. പന്തെറിഞ്ഞും ബാറ്റുകൊണ്ടും സ്റ്റോക്‌സ് ഇന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍ തളച്ചിട്ടു.

വിക്കറ്റ് വീഴ്ത്തിയ ബെന്‍ സ്റ്റോക്സിന്‍റെ ആഹ്ളാദം

അഞ്ച് വിക്കറ്റുമായാണ് സ്‌റ്റോക്‌സ് തിളങ്ങിയത്. ആര്‍ച്ചര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്രിസ് വോക്‌സും ലിയാം ഡോവ്‌സണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇംഗ്ലണ്ട് നിരയില്‍ പന്തെറിഞ്ഞവരില്‍ പാര്‍ട്ട് ടൈം ബൗളര്‍ ജോ റൂട്ട് ഒഴികെ എല്ലാവരും 3.40 എന്ന എക്കോണമിയിലാണ് പന്തെറിഞ്ഞത്. അഞ്ച് ഓവര്‍ പന്തെറിഞ്ഞ് 19 റണ്‍സ് വഴങ്ങിയ റൂട്ടിന്റെ എക്കോണമി 3.80 ആയിരുന്നു.

ഇംഗ്ലണ്ട് ബൗളര്‍മാര്‍ എത്രത്തോളം മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്ന് മനസിലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെടുക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. അരങ്ങേറ്റക്കാരന്‍ അന്‍ഷുല്‍ കാംബോജ് മുതല്‍ കൂട്ടത്തിലെ ഏറ്റവും അനുഭവസമ്പത്തുള്ള ജഡേജ വരെ ഇംഗ്ലണ്ടിന്റെ കരുത്തറിഞ്ഞു. ചരിത്രത്തിലാദ്യമായി ബുംറയ്ക്ക് ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ 100+ റണ്‍സ് വഴങ്ങേണ്ടതായും വന്നു.

ഇംഗ്ലണ്ടിനായി ആദ്യ വിക്കറ്റില്‍ സാക്ക് ക്രോളിയും ബെന്‍ ഡക്കറ്റും ചേര്‍ന്ന് 150+ റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്നിങ്‌സിന് അടിത്തറയൊരുക്കി. പിന്നാലെയെത്തിയ ജോ റൂട്ടും ബെന്‍ സ്‌റ്റോക്‌സും ചേര്‍ന്ന് ഇന്നിങ്‌സ് പടുത്തുയര്‍ത്തുകയായിരുന്നു. അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ ഒലി പോപ്പിന്റെയും പത്താം നമ്പറിലിറങ്ങിയ ബ്രൈഡന്‍ കാര്‍സിന്റെയും പ്രകടനവുമായതോടെ ഇംഗ്ലണ്ട് മികച്ച സ്‌കോറിലെത്തി.

ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരിക്കുകയാണ്. ആദ്യ ഓവറില്‍ തന്നെ യശസ്വി ജെയ്‌സ്വാളിനെയും സായ് സുദര്‍ശനെയും സന്ദര്‍ശകര്‍ക്ക് പൂജ്യത്തിന് നഷ്ടമായി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും കെ.എല്‍. രാഹുലും ചേര്‍ന്ന് ചെറുത്തുനില്‍ക്കുകയാണ്. രാഹുല്‍ 210 പന്ത് നേരിട്ട് 87 റണ്‍സുമായും ഗില്‍ 167 പന്തില്‍ 78 റണ്‍സുമായാണ് ക്രീസില്‍ തുടരുന്നത്.

മത്സരത്തില്‍ ഇനി ഒരു ദിവസം മാത്രം ശേഷിക്കെ, 137 റണ്‍സിന് പിന്നില്‍ നില്‍ക്കവെ വിജയമെന്നത് ഇന്ത്യയെ സംബന്ധിച്ച് കിട്ടാക്കനിയാണ്. വിക്കറ്റ് നഷ്ടപ്പെടുത്താതെ മത്സരം സമനിലയിലെത്തിക്കാനാകും ഇന്ത്യ ശ്രമിക്കുക. പരാജയമൊഴിവാക്കാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ ശേഷിക്കുന്ന എട്ട് വിക്കറ്റുകള്‍ എത്രയും വേഗം പിഴുതെറിയുക എന്നതാകും ആതിഥേയരുടെ ലക്ഷ്യം. മാഞ്ചസ്റ്ററില്‍ തന്നെ പരമ്പര സ്വന്തമാക്കാനുള്ള പടയൊരുക്കവുമായിട്ടാകും സ്റ്റോക്‌സും സംഘവും അഞ്ചാം ദിവസം കളത്തിലിറങ്ങുക.

ഒരുപക്ഷേ മത്സരം സമനിലയില്‍ അവസാനിച്ചാല്‍ ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ ശാപം തുടരുകയും ചെയ്യും. കൂടാതെ വിജയമില്ലാതെ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച വേദികളില്‍ ഒന്നാമതായും ഓള്‍ഡ് ട്രാഫോര്‍ഡ് ഇടം നേടും.

ജയമില്ലാതെ ഇന്ത്യ ഏറ്റവുമധികം മത്സരം കളിച്ച വേദികള്‍

(വേദി – രാജ്യം – ആകെ കളിച്ച മത്സരം – തോല്‍വി – സമനില എന്നീ ക്രമത്തില്‍)

ബ്രിഡ്ജ്ടൗണ്‍ – ബാര്‍ബഡോസ് (വെസ്റ്റ് ഇന്‍ഡീസ്) – 9 – 7 – 2

ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍ – ഇംഗ്ലണ്ട് – 9 – 4 – 5

ഗദ്ദാഫി സ്റ്റേഡിയം, ലാഹോര്‍ – പാകിസ്ഥാന്‍ – 7 – 2 – 5

ജോര്‍ജ്ടൗണ്‍ – ഗയാന (വെസ്റ്റ് ഇന്‍ഡീസ്) – 6 – 0 – 6

നാഷണല്‍ സ്റ്റേഡിയം, കറാച്ചി – പാകിസ്ഥാന്‍ – 6 – 3 – 3

*ഈ പരമ്പരയിലെ മാഞ്ചസ്റ്റര്‍ ടെസ്റ്റിന് മുമ്പുള്ള കണക്കുകള്‍

അതേസമയം, മാഞ്ചസ്റ്ററില്‍ വിജയിക്കാന്‍ സാധിക്കാതെ പോയാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനുള്ള അവസരവും നഷ്ടമാകും. മാഞ്ചസ്റ്ററില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് നിലവില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2ല്‍ സമനിലയിലെത്തിക്കാം. ശേഷം അഞ്ചാം മത്സരത്തില്‍ വിജയിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ പരമ്പര നേടാന്‍ ഇന്ത്യയ്ക്ക് സാധിക്കൂ.

ഒരുപക്ഷേ മാഞ്ചസ്റ്ററില്‍ പരാജയപ്പെട്ടാല്‍ ദി ഓവലില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിന് മുമ്പ് തന്നെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും. മാഞ്ചസ്റ്ററില്‍ സമനില നേടുകയും ഓവലില്‍ വിജയിക്കുകയും ചെയ്താല്‍ 2-2ന് ഇന്ത്യയ്ക്ക് പരമ്പര സമനിലയില്‍ അവസാനിപ്പിക്കാം. 2007ന് ശേഷം ആദ്യമായി ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരെ പരമ്പര സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ഇതോടെ ഇന്ത്യയ്ക്ക് നഷ്ടമാവുന്നത്.

Content highlight: India vs England, 4th Test, Old Trafford Cricket Stadium, Manchester

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more