ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിന മത്സരം പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രം നേടിയത്. രസംകൊല്ലിയായി മഴയെത്തിയതോടെ 26 ഓവറുകളായിട്ടാണ് മത്സരം ചുരുക്കിയത്.
നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സാണ് നേടിയത്. ജോഷ് ഫിലിപ്പി 20 പന്തില്‍ 22 റണ്‍സും മിച്ചല്‍ മാര്‍ഷ് 36 പന്തില്‍ 33 റണ്‍സുമായി ക്രീസില്‍ തുടരുകയാണ്. എട്ട് റണ്‍സ് നേടിയ ട്രാവിസ് ഹെഡ്ഡിനെയും മാറ്റ് ഷോട്ടിനെയുമാണ് (8 റണ്‍സ്) ഓസീസിന് നഷ്ടമായത്. ഹെഡ്ഡിനെ അര്‍ഷ്ദീപ് സിങ് പുറത്താക്കിയപ്പോള്‍ അക്‌സര്‍ പട്ടേലാണ് ഷോട്ടിനെ പുറത്താക്കിയത്.
വലിയ പ്രതീക്ഷകളുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ് ഓസ്‌ട്രേലിയ തുടങ്ങിയത്. നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മ തിരികെ നടന്നു. 14 പന്തില്‍ ഒരു ഫോറടക്കം എട്ട് റണ്‍സ് നേടിയ താരം ജോഷ് ഹേസല്‍വുഡിന് മുന്നില്‍ വീഴുകയായിരുന്നു. വാനോളം പ്രതീക്ഷ നല്‍കിയ വിരാട് കോഹ്‌ലി രോഹിത്തിന് പിന്നാലെ ഡക്കായി മടങ്ങി. എട്ട് പന്തുകള്‍ നേരിട്ട് റണ്‍സ് ഒന്നും എടുക്കാതെയായിരുന്നു താരത്തിന്റെ മടക്കം. മിച്ചല്‍ സ്റ്റാര്‍ക്കാണ് താരത്തിന്റെ വിക്കറ്റ് വീഴ്ത്തിയത്.
ഇതോടെ ഒരു മോശം റെക്കോഡും ഏകദിനത്തില്‍ വിരാടിന്റെ തലയില്‍ വീണിരിക്കുകയാണ്. ഫോര്‍മാഓറ്റില്‍ താരത്തിന്റെ ഏറ്റവും സ്ലോവസ്റ്റായ രണ്ടാമത്തെ ഡക്കാണിത്. 2023ലെ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ലഖ്‌നൗവില്‍ വിരാട് ഒമ്പത് പന്തുകള്‍ നേരിട്ട് പൂജ്യം റണ്‍സിന് പുറത്തായിരുന്നു. ഇപ്പോള്‍ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഓസീസിനോട് എട്ട് പന്തിലും വിരാട് മടങ്ങിയത് കരിയറിലെ മറ്റൊരു മോശം സ്റ്റാറ്റ്‌സുമാണ്.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ആറാമനായി ഇറങ്ങിയ കെ.എല്‍. രാഹുലാണ്. 31 പന്തില്‍ 38 റണ്‍സ് നേടിയാണ് താരം കൂടാരം കയറിയത്. രണ്ട് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. രണ്ടാം ടോപ് സ്‌കോറര്‍ അക്‌സര്‍ പട്ടേലാണ്. 38 പന്തില്‍ മൂന്ന് ഫോറുകളടക്കം 31 റണ്‍സാണ് താരം നേടിയത്. അവസാന ഘട്ടത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് നിതീഷ് കുമാര്‍ റെഡ്ഡിയാണ്. പുറത്താകാതെ 11 പന്തില്‍ രണ്ട് സിക്‌സര്‍ ഉള്‍പ്പെടെ 19 റണ്‍സ് നേടിയാണ് നിതീഷ് മികവ് പുലര്‍ത്തിയത്.
ഓസീസിന് വേണ്ടി ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ ഓവണ്‍, മാത്യൂ കുനേമാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ എല്ലിസും ഓരോ വിക്കറ്റുകളും നേടി.
Content Highlight: India VS Australia: Virat Kohli In Unwanted Record Achievement