ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രം നേടിയത്. രസംകൊല്ലിയായി മഴയെത്തിയതോടെ 26 ഓവറുകളായിട്ടാണ് മത്സരം ചുരുക്കിയത്. ഡി.എല്‍.എസ് രീതിയില്‍ 131 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കങ്കാരുപ്പട 29 പന്ത് ശേഷിക്കേയാണ് മത്സരത്തില്‍ വിജയിച്ചത്.
പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്ത മിച്ചല്‍ മാര്‍ഷിന്റെ പ്രകടനത്തിന്റെ കരുത്തിലാണ് ഓസീസ് എളുപ്പത്തില്‍ വിജയം നേടിയത്. 52 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 46 റണ്‍സ് നേടി പുറത്താകാതെയാണ് താരം ബാറ്റ് ചെയ്തത്. വാഷിങ്ടണ്‍ സുന്ദറാണ് താരത്തെ പുറത്താക്കിയത്.
നാലാമനായി ഇറങ്ങിയ ജോഷ് ഫിലിപ്പി 29 പന്തില്‍ 37 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയാണ് മടങ്ങിയത്. രണ്ട് സിക്‌സും മൂന്ന് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അഞ്ചാമനായി ഇറങ്ങിയ മാറ്റ് റെന്‍ഷോ 24 പന്തില്‍ 21* റണ്‍സ് നേടി മികവ് പുലര്‍ത്തിയിരുന്നു.
എട്ട് റണ്‍സ് നേടിയ ട്രാവിസ് ഹെഡ്ഡിനെയും മാറ്റ് ഷോട്ടിനെയുമാണ് (8 റണ്‍സ്) ഓസീസിന് തുടക്കം തന്നെ നഷ്ടമായത്. ഹെഡ്ഡിനെ അര്‍ഷ്ദീപ് സിങ് പുറത്താക്കിയപ്പോള്‍ അക്‌സര്‍ പട്ടേലാണ് ഷോട്ടിനെ പുറത്താക്കിയത്.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ആറാമനായി ഇറങ്ങിയ കെ.എല്‍. രാഹുലാണ്. 31 പന്തില്‍ 38 റണ്‍സ് നേടിയാണ് താരം കൂടാരം കയറിയത്. രണ്ട് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. രണ്ടാം ടോപ് സ്‌കോറര്‍ അക്‌സര്‍ പട്ടേലാണ്. 38 പന്തില്‍ മൂന്ന് ഫോറുകളടക്കം 31 റണ്‍സാണ് താരം നേടിയത്. അവസാന ഘട്ടത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് നിതീഷ് കുമാര്‍ റെഡ്ഡിയാണ്. പുറത്താകാതെ 11 പന്തില്‍ രണ്ട് സിക്‌സര്‍ ഉള്‍പ്പെടെ 19 റണ്‍സ് നേടിയാണ് നിതീഷ് മികവ് പുലര്‍ത്തിയത്.
വലിയ പ്രതീക്ഷകളുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ് ഓസ്‌ട്രേലിയ തുടങ്ങിയത്. നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മ തിരികെ നടന്നു. 14 പന്തില്‍ ഒരു ഫോറടക്കം എട്ട് റണ്‍സ് നേടിയ താരം ജോഷ് ഹേസല്‍വുഡിന് മുന്നില്‍ വീഴുകയായിരുന്നു. വാനോളം പ്രതീക്ഷ നല്‍കിയ വിരാട് കോഹ്‌ലി രോഹിത്തിന് പിന്നാലെ ഡക്കായി മടങ്ങി. എട്ട് പന്തുകള്‍ നേരിട്ട് റണ്‍സ് ഒന്നും എടുക്കാതെയായിരുന്നു താരത്തിന്റെ മടക്കം. മിച്ചല്‍ സ്റ്റാര്‍ക്കാണ് താരത്തിന്റെ വിക്കറ്റ് വീഴ്ത്തിയത്.
ഓസീസിന് വേണ്ടി ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ ഓവണ്‍, മാത്യൂ കുനേമാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ എല്ലിസും ഓരോ വിക്കറ്റുകളും നേടി.
Content Highlight: India VS Australia: Australia Won Against India In First ODI