| Tuesday, 15th July 2025, 11:09 am

'ഇറച്ചിക്ക് വേണ്ടി വളര്‍ത്തുന്ന 'ഗോമാതാ'വിന്റെ പാല്‍ ഇന്ത്യക്ക് വേണ്ട'; യു.എസില്‍ നിന്നുള്ള പാല്‍ ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.എസില്‍ നിന്നുള്ള പാല്‍ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ. ഇന്ത്യ-യു.എസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ വാഷിങ്ടണ്‍ ഡി.സി ന്യൂദല്‍ഹിയില്‍ പാല്‍ വിപണി തുറക്കുന്നതിനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പാല്‍ മാംസത്തിനോ മറ്റാവശ്യങ്ങള്‍ക്കോ വേണ്ടി വളര്‍ത്തുന്ന പശുക്കളില്‍ നിന്നാകരുതെന്ന കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ഇന്ത്യ. ഇങ്ങനെയുള്ള പശുക്കളില്‍ നിന്നല്ല പാല്‍ കൊണ്ടുവന്നതെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കേഷനും കൊണ്ടുവരാനൊരുങ്ങുകയാണെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

മതപരവും സാംസ്‌കാരികപരവുമായ കാര്യങ്ങള്‍ കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് രാജ്യം പോകുന്നതെന്നും അമേരിക്കയില്‍ മാംസം വളര്‍ത്തുന്ന പശുക്കളില്‍ നിന്നുള്ള പാല്‍ ഇന്ത്യന്‍ മതവിശ്വാസങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇതോടെ 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറായി ഉയര്‍ത്താനും കരാര്‍ ഉറപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഇന്ത്യ-യു.എസ് വ്യാപാര ചര്‍ച്ചകള്‍ വഴിമുട്ടി. ഇറക്കുമതി ചെയ്യുന്ന പാലുത്പ്പന്നങ്ങള്‍ മാംസം, രക്തം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വളര്‍ത്താത്ത പശുക്കളില്‍ നിന്നാണെന്ന് ഉറപ്പാക്കുന്നതിന് കര്‍ശനമായ സര്‍ട്ടിഫിക്കേഷന്‍ വേണമെന്ന ഇന്ത്യയുടെ നിര്‍ബന്ധമാണ് ഈ പ്രതിസന്ധിക്ക് കാരണം.

പശുവിന്റെ പാലില്‍ നിന്ന് വെണ്ണ കഴിക്കുന്ന ഇന്ത്യ, മാംസത്തിനായി വളര്‍ത്തുന്ന മറ്റൊരു പശുവിന്റെ പാല്‍ കുടിക്കില്ലെന്ന് ന്യൂദല്‍ഹി ആസ്ഥാനമായുള്ള തിങ്ക് ടാങ്കായ ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ജി.ടി.ആര്‍.ഐ) അജയ് ശ്രീവാസ്തവ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

അതേസമയം തങ്ങളുടെ ക്ഷീര, കാര്‍ഷിക മേഖലകളില്‍ ഇന്ത്യ അനാവശ്യമായി കൈകടത്തരുതെന്നും വ്യാപാര തടസം സൃഷ്ടിക്കരുതെന്നും വാഷിങ്ടണ്‍ ഡി.സി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ രാജ്യം വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: India-US trade deal talks, Washington DC wants New Delhi to open its dairy market. But India insists on strict certification that ensures imported milk comes from cows not fed animal-based products like meat or blood

We use cookies to give you the best possible experience. Learn more