| Tuesday, 21st July 2026, 1:55 pm

ഇന്ത്യ-യു.എസ് വ്യാപാര കരാര്‍: കര്‍ഷകര്‍ കൂട്ടത്തോടെ ദല്‍ഹിയിലേക്ക്: ശംഭു അതിര്‍ത്തിയടച്ച് ഹരിയാന സര്‍ക്കാര്‍

നിഷാന. വി.വി

ന്യൂദല്‍ഹി: നിര്‍ദിഷ്ടിച്ച ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്ന നിലപാടിലുറച്ച് കര്‍ഷകര്‍. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ദല്‍ഹി കിസാന്‍ ഘട്ടില്‍ നടക്കുന്ന മഹാപഞ്ചായത്തില്‍ പങ്കെടുക്കാനായി പുറപ്പെട്ടു.

എന്നാല്‍ പഞ്ചാബില്‍ നിന്നും പുറപ്പെട്ട കര്‍ഷകരെ തടയാന്‍ ഹരിയാന- പഞ്ചാബ് അതിര്‍ത്തിയായ ശംഭു അതിര്‍ത്തി ഹരിയാന സര്‍ക്കാര്‍ അടച്ചു. അതിര്‍ത്തി പോയന്റില്‍ കനത്ത പൊലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്. ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും പാലത്തില്‍ സിമന്റ് കട്ടകള്‍ വെച്ച് അടയ്ക്കുകയും ചെയ്തിട്ടുണ്ട്.

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സര്‍ക്കാര്‍ അന്തര്‍ സംസ്ഥാന പാത അടച്ചതെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. സമാധാനപരമായി ദല്‍ഹിയിലേക്ക് പോവാനാണ് കര്‍ഷകര്‍ ആഗ്രഹിച്ചതെന്നും എന്നാല്‍ ഹരിയാന സര്‍ക്കാര്‍ ശംഭു അതിര്‍ത്തിയില്‍ അവരെ തടഞ്ഞ് വെച്ചിരിക്കുകയാണെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.

‘പഞ്ചാബ് സന്ദര്‍ശിക്കുകയും അവിടുത്തെ ജനങ്ങള്‍ക്ക് വലിയ വാഗ്ദാനം നല്‍കുകയും ചെയ്യുന്ന ഹരിയാന മുഖ്യമന്ത്രി നായാബ് സൈനിയുടെ യഥാര്‍ത്ഥ മുഖമാണ് പുറത്ത് വന്നിരിക്കുന്നത്,’ കര്‍ഷക നേതാവ് സര്‍വന്‍ സിങ് പന്ധര്‍ പറഞ്ഞു.

ദേശ് ബച്ചാവോ മോര്‍ച്ച ബാനറിന് കീഴില്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സുതാര്യത ഉറപ്പാക്കണമെന്നും കര്‍ഷകരുമായി കൂടിയാലോചന നടത്തണമെന്നുമാവശ്യപ്പെട്ടാണ് ഉപരോധം നടത്തുന്നത്.

അനിശ്ചിത കാലത്തേക്ക് ഉപരോധം നടത്താനാണ് ലക്ഷ്യമിടുന്നതെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. 2024 ല്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ നടന്ന ദില്ലി ചലോ മാര്‍ച്ചിന് ആഹ്വാനം ചെയ്തപ്പോഴും ഹരിയാന സര്‍ക്കാര്‍ അതിര്‍ത്തി അടച്ചിരുന്നു. അന്ന് ശംഭു, ഖനൗരി അതിര്‍ത്തികളില്‍ ഒരു വര്‍ഷത്തിലേറെയാണ് കര്‍ഷകര്‍ സമരം ചെയ്തത്.

Content Highlight: India-US trade deal: Farmers marching to Delhi in large numbers; Haryana government seals Shambhu border.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more