| Sunday, 22nd February 2026, 9:48 pm

ഇന്ത്യ-യു.എസ് വ്യാപാര കരാര്‍: ചര്‍ച്ച നീട്ടിവെച്ചു; സംഭവവവികാസങ്ങള്‍ വിലയിരുത്തിയ ശേഷം തീയതി പ്രഖ്യാപിക്കുമെന്ന് കേന്ദ്രം

അനിത സി

ന്യൂദല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ മുഖ്യ നെഗോഷ്യേറ്റര്‍മാരുടെ ചര്‍ച്ച മാറ്റിവെച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇരുകൂട്ടരുടെയും അനുമതിയോടെയാണ് ചര്‍ച്ച മാറ്റിയതെന്നും പുതുക്കിയ തീയതി വൈകാതെ തീരുമാനിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യ-യു.എസ് ഇടക്കാല വ്യാപാര കരാര്‍ അന്തിമമാക്കുന്നത് സംബന്ധിച്ച് നടക്കേണ്ടിയിരുന്ന ചര്‍ച്ചയാണ് മാറ്റിവെച്ചിരിക്കുന്നത്. ഇന്ത്യയുടെ ചീഫ് നെഗോഷ്യേറ്റര്‍ ദര്‍പ്പണ്‍ ജെയിനാണ്. ദര്‍പ്പണിന്റെ നേതൃത്വത്തിലെ സംഘം യു.എസിന്റെ വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറുമായി വാഷിങ്ടണില്‍ ചര്‍ച്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ വിലയിരുത്തിയ ശേഷം വീണ്ടും യോഗം ചേരുമെന്നും കേന്ദ്രം അറിയിച്ചു.

വെള്ളിയാഴ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അമിതമായ തീരുവ ചുമത്തുന്ന തീരുമാനങ്ങളെ യു.എസ് സുപ്രീം കോടതി തടഞ്ഞിരുന്നു. ട്രംപ് തീരുവകളെ റദ്ദാക്കിയ കോടതി, ട്രംപിന് നിയമങ്ങളെ മറികടന്ന് അമിത തീരുവ ചുമത്താനുള്ള അധികാരമില്ലെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. 10 ശതമമാനം തീരുവയാണ് യു.എസിന് ചുമത്താനാവുക എന്ന കോടതി വിധിയെ മറികടന്ന് ആഗോള തീരുവ 15 ശതമാനമാക്കുമെന്ന് കഴിഞ്ഞദിവസം ട്രംപ് പ്രതികരിച്ചിരുന്നു.

എന്നാല്‍, ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ പ്രകാരം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ 18 ശതമാനമായി തുടരുമെന്ന് ട്രംപ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. കരാര്‍ പുതിയ പാതയിലാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

എന്നാല്‍ ഉത്പന്നങ്ങളുടെ തീരുവ 18 ആക്കുന്നതിന് പകരമായി ഇരുമ്പ്, ഉരുക്ക്, ഓട്ടോമൊബൈല്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനമെന്ന നിലയില്‍ തന്നെ തുടരുമെന്ന നിലപാടിലാണ് ഇന്ത്യയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യ ഇതുവരെ കരാറില്‍ അന്തിമമായി ഒപ്പുവെച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും ചര്‍ച്ചകള്‍ക്ക് സാധ്യതകളുണ്ട്. യു.എസ് സര്‍ക്കാര്‍ എങ്ങനെ വിധിയോട് പ്രതികരിക്കുമെന്ന് കാത്തിരുന്ന കാണാമെന്ന് കേന്ദ്ര ഉദ്യോഗസ്ഥന്‍ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞദിവസം ഇന്ത്യ യു.എസ് കോടതി വിധിയും ട്രംപ് ഭരണകൂടത്തിന്റെ പ്രതികരണവും സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചിരുന്നു.

അതേസമയം, യു.എസ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ കരാറില്‍ നിന്നും പിന്മാറണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും സി.പി.ഐ.എമ്മും ആവശ്യപ്പെട്ടിരുന്നു.

Content Highlight: India-Us Trade Deal, both side decided to reschedule chief negotiators’ talk

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more