ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിലെ പൊതുചര്‍ച്ചയ്ക്കിടെ ഉക്രൈനിലെയും ഗസയിലെയും സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. സമാധാനം പുനസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഇന്ത്യയുടെ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു എസ്. ജയശങ്കര്‍ യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്തത്.
ഗസയിലെയും ഉക്രൈനിലെയും സംഘര്‍ഷം കാരണം നേരിട്ട് ഇടപെടാത്തവര്‍ക്ക് പോലും ആഘാതം അനുഭവിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുള്ള പരിഹാരങ്ങള്‍ തേടണം. ശത്രുത അവസാനിപ്പിക്കാന്‍ ഇന്ത്യ ആഹ്വാനം ചെയ്യുകയാണ്. സമാധാനം പുനസ്ഥാപിക്കാന്‍ സഹായിക്കുന്ന എല്ലാ നീക്കങ്ങളെയും ഇന്ത്യ പിന്തുണയ്ക്കും’, എസ്. ജയശങ്കര്‍ പറഞ്ഞു.
ഉക്രൈനിലും പശ്ചിമേഷ്യയിലും പ്രധാനപ്പെട്ട സംഘര്‍ഷങ്ങള്‍ നടക്കുന്നതിനിടെ മറ്റിടങ്ങളിലെ പ്രശ്‌നങ്ങള്‍ പലതും വാര്‍ത്തകളില്‍ പോലും ഇടംപിടിക്കുന്നില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
എല്ലാ സംഘര്‍ഷങ്ങളിലും തുടക്കത്തില്‍ തന്നെ തകര്‍ക്കപ്പെടുന്നത് ഊര്‍ജ്ജസംരക്ഷണവും ഭക്ഷ്യ സുരക്ഷയുമാണ്. ഇക്കാര്യമാണ് എല്ലാവരും തുടക്കത്തില്‍ തന്നെ തിരിച്ചറിയേണ്ടതെന്നും സമൂഹത്തിന്റെ ഉത്തരവാദിത്തത്തെ കുറിച്ച് സംസാരിക്കവെ എസ്. ജയശങ്കര്‍ ഊന്നിപ്പറഞ്ഞു.
കൂടാതെ, ഇന്ത്യ രൂപീകൃതമായ കാലം മുതല്‍ തീവ്രവാദികളുടെ ഭീഷണി നേരിടുകയാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഏപ്രില്‍ 22ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെ കുറിച്ചും മെയ് മാസത്തില്‍ ഇന്ത്യ പാകിസ്ഥാനെതിരെ നടത്തിയ ആക്രണത്തെ കുറിച്ചും അദ്ദേഹം ഐക്യരാഷ്ട്രസഭയില്‍ പരാമര്‍ശിച്ചു.
മെയ് മാസത്തില്‍ ഇന്ത്യക്ക് ആക്രമണം നടത്തേണ്ടി വന്നത് പാകിസ്ഥാന്‍ കാരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്ഥാന്‍ പഹല്‍ഗാം ആക്രമണത്തിലെ പങ്കാളിത്തം നിഷേധിച്ചിട്ടുണ്ട്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടത്തണമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.
ഭീകരതയെ എതിര്‍ത്ത് സ്വന്തം ജനതയെ സംരക്ഷിക്കാനുള്ള കടമ രാജ്യം വിനിയോഗിച്ചെന്നാണ് അദ്ദേഹം ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി അതിര്‍ത്തി കടന്ന് നടത്തിയ സൈനിക നടപടിയെ വിശേഷിപ്പിച്ചത്. ഭീകരത ഒരു പൊതുഭീഷണിയായതിനാലാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്നതെന്നും എസ്. ജയശങ്കര്‍ പറഞ്ഞു.
യു.എസ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് കനത്ത തീരുവ ചുമത്തിയതിനെ കുറിച്ചും ജയശങ്കര്‍ യു.എന്നില്‍ സംസാരിച്ചു. ലോകം തന്നെ ഇപ്പോള്‍ തീരുവ ചാഞ്ചാട്ടങ്ങളും വിപണിയിലെ അനിശ്ചിതത്വങ്ങളും അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക വിപണിയെ മാത്രം അമിതമായി ആശ്രയിക്കുന്നത് വലിയ രീതിയില്‍ പ്രശ്‌നമുണ്ടാക്കുമെന്നും എല്ലായ്‌പ്പോഴും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തണമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
Content Highlight: India urges to end conflict in Ukraine and Gaza in UN