| Tuesday, 5th August 2025, 10:57 pm

അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇന്ത്യക്ക് മേലുള്ള തീരുവ ഉയര്‍ത്തും; ഭീഷണി ആവര്‍ത്തിച്ച് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്ത്യക്കെതിരെ തീരുവ ഭീഷണി ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉത്പന്നങ്ങളുടെ തീരുവ ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇന്ന് (ചൊവ്വ) സി.എന്‍.ബി. സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് വീണ്ടും ഭീഷണി മുഴക്കിയത്.

ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളിയല്ലെന്നും റഷ്യയില്‍ നിന്ന് ഇന്ത്യ വീണ്ടും എണ്ണ വാങ്ങുകയാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയെ കുറിച്ച് ആളുകള്‍ പറയാന്‍ മടിക്കുന്ന പ്രധാന കാര്യം, ‘ഏറ്റവും ഉയര്‍ന്ന താരിഫ് ചുമത്തുന്ന രാജ്യമാണ് ഇന്ത്യ’ എന്നാണ്. യു.എസ് ഇന്ത്യയുമായി വളരെ കുറച്ച് വ്യാപാരങ്ങള്‍ മാത്രമാണ് നടത്തുന്നതെന്നും എന്നാല്‍ റഷ്യമായി ഇന്ത്യ അങ്ങനെയല്ലെന്നും ട്രംപ് പറഞ്ഞു.

നിലവില്‍ ഇന്ത്യക്ക് മേല്‍ യു.എസ് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഓഗസ്റ്റ് ഏഴിന് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ട്രംപ് ഭീഷണി ആവര്‍ത്തിച്ചത്.

ഇന്നലെ (തിങ്കള്‍)യും സമാനമായ രീതിയില്‍ ട്രംപ് ഭീഷണി ഉയര്‍ത്തിയിരുന്നു. റഷ്യയില്‍ നിന്ന് ഇന്ത്യ ഇനിയും എണ്ണ വാങ്ങുകയാണെങ്കില്‍ ഇന്ത്യക്ക് മേലുള്ള തീരുവ കൂട്ടുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയത്.

‘ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുക മാത്രമല്ല ചെയ്യുന്നത്, അത് തുറന്ന വിപണയില്‍ വലിയ വിലയ്ക്ക് വില്‍ക്കുകയും ചെയ്യുന്നു,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. മുമ്പ് റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് പിഴ ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള എല്ലാ കയറ്റുമതികള്‍ക്കും 25 ശതമാനം തീരുവ ചുമത്താനുള്ള വൈറ്റ് ഹൗസിന്റെ തീരുമാനത്തിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

തുടര്‍ന്ന് ഇന്ത്യ ഇനിമുതല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ സാധ്യതയില്ലെന്ന് കേട്ടതായും ട്രംപ് പരിഹസിച്ചിരുന്നു. താന്‍ കേട്ടതാണ് ഇതെന്നും എന്നാല്‍ കേട്ടത് എത്രമാത്രം ശരിയാണെന്ന് അറിയില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച മറ്റൊരു പോസ്റ്റില്‍, ലോകത്തെ തന്നെ ഉയര്‍ന്ന താരിഫുകള്‍ ചുമത്തുന്നതിനും ഉക്രൈനില്‍ റഷ്യ യുദ്ധം നടത്തുമ്പോള്‍ റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിനും ട്രംപ് ഇന്ത്യയെ വിമര്‍ശിച്ചിരുന്നു. ഇതിനെല്ലാം പുറമെയാണ് ട്രംപ് ഇന്ത്യക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

എന്നാല്‍ ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇന്ന് പ്രതികരിച്ചിരുന്നു. രാജ്യത്തെ പ്രത്യേകം ലക്ഷ്യമിട്ട് നടത്തുന്ന പരാമര്‍ശങ്ങള്‍ ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്നുമാണ് ഇന്ത്യ പ്രതികരിച്ചത്.

Content Highlight: Trump reiterates threat to raise tariffs on India within next 24 hours

We use cookies to give you the best possible experience. Learn more