| Thursday, 9th October 2025, 5:21 pm

ബ്രിട്ടനുമായി 468 മില്യൺ ഡോളർ മിസൈൽ കരാർ ഒപ്പുവെച്ച് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബ്രിട്ടനുമായി 350 മില്യൺ പൗണ്ട് (468 മില്യൺ യു.എസ് ഡോളർ) കരാർ ഒപ്പുവെച്ച് ഇന്ത്യ. ഈ കരാർ പ്രകാരം യു.കെ നിർമിത ലൈറ്റ് വെയ്റ്റ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിന് ബ്രിട്ടന്‍ വിതരണം ചെയ്യും. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമാരിന്റെ ഇന്ത്യ സന്ദർശനത്തിനിടെയാണ് ഈ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. മിസൈൽ വിതരണം വടക്കൻ അയർലന്റിൽ 700 ലധികം ജോലി അവസരങ്ങൾ സൃഷ്ടിക്കുമെന്ന് യു.കെ ഡിഫൻസ് മന്ത്രാലയം അറിയിച്ചു.

സന്ദർശനത്തിനിടെ 2028ഓടെ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാവാൻ ഇന്ത്യ ശരിയായ പാതയിലാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമാർ പറഞ്ഞു. 2047 ഓടെ ഇന്ത്യയെ പൂർണമായി വികസിത രാജ്യമാക്കുക എന്ന വികസിത്‌ ‘ഭാരത്’ന്റെ ദർശനം പൂർണമായും വിജയത്തിന്റെ പാതയിലാണ് എന്നതിന്റെ തെളിവാണ് താൻ ഇവിടെ കണ്ടതെന്നും സ്റ്റാർമാർ കൂട്ടിച്ചേർത്തു.

ബ്രിട്ടന്‍ ഈ വളര്‍ച്ചയുടെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നുവെന്നും സ്റ്റാര്‍മാര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹിന്ദിയിലാണ് മുംബൈയില്‍ നടന്ന പരിപാടിയെ അഭിസംബോധന ചെയ്തത്.

‘നമസ്‌കാര്‍ ദോസ്തോം, 2028ഓടെ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാകാന്‍ ലക്ഷ്യമിടുന്ന പ്രധാനമന്ത്രിയെ ഞാന്‍ അഭിനന്ദിക്കുന്നു. വികസിത് ‘ഭാരത്’ന്റെ ലക്ഷ്യം 2047ഓടെ രാജ്യത്തെ പൂര്‍ണമായി വികസിപ്പിക്കുക എന്നതാണ്.

അതിനുള്ള ശരിയായ പാതയിലാണ് നിങ്ങളുടെ യാത്ര എന്നതിന്റെ തെളിവാണ് ഞാന്‍ ഇവിടെ എത്തിയതിന് ശേഷം കണ്ടതെല്ലാം. ഈ യാത്രയില്‍ ഞങ്ങളും പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ 126 ബിസിനസുകാരെ എന്നോടൊപ്പം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്,’ സ്റ്റാര്‍മാര്‍ പറഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്നലെയാണ് (ബുധന്‍) രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി മുംബൈയിലെത്തിയത്. അദ്ദേഹത്തോടൊപ്പം ബ്രിട്ടനിലെ പ്രമുഖരായ ബിസിനസുകാര്‍, സംരംഭകര്‍, വിദ്യാഭ്യാസ വിദഗ്ദ്ര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 125 പേരുടെ സംഘവും ഇന്ത്യയില്‍ എത്തിയിട്ടുണ്ട്.

അതേസമയം, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ‘ഡെഡ് എക്കോണമി’ എന്ന് വിശേഷിപ്പിച്ചിരുന്നു. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുവെന്നതിന്റെ പേരില്‍ അധിക തീരുവ ചുമത്തിയ വേളയിലായിരുന്നു ട്രംപിന്റെ ഈ പരാമര്‍ശം. ഈ പ്രസ്താവന നടത്തി ആഴ്ചകള്‍ക്ക് ശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പ്രശംസിക്കുന്നതെന്നാണ് ശ്രദ്ധേയം.

Content Highlight: India – UK signed $468 million missile deal

We use cookies to give you the best possible experience. Learn more