ഇന്ത്യ U19 ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ വിജയവുമായി ഇന്ത്യ. കൗണ്ടി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 175 റണ്‍സിന്റെ വിജയം വെറും നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. എന്നാല്‍ ആ തുടക്കം പിന്നാലെയെത്തിയവര്‍ക്ക് മുതലാക്കാന്‍ സാധിക്കാതെ പോയതോടെയാണ് ഇംഗ്ലണ്ട് പരാജയം രുചിച്ചത്.
ഇംഗ്ലണ്ടിനായി റോക്കി ഫ്‌ളിന്റോഫ് അര്‍ധ സെഞ്ച്വറി നേടി. 90 പന്ത് നേരിട്ട് 156 റണ്‍സുമായാണ് ഫ്‌ളിന്റോഫ് പുറത്തായത്. 28 പന്തില്‍ 42 റണ്‍സ് നേടിയ ഐസാക് മുഹമ്മദാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. ഇവര്‍ക്ക് പുറമെ ബെന്‍ ഡോക്കിന്‍സ് (29 പന്തില്‍ 18), ജെയിംസ് മിന്റോ (31 പന്തില്‍ 10) എന്നിവരാണ് ഇംഗ്ലീഷ് നിരയില്‍ ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.
ഇന്ത്യയ്ക്കായി കനിഷ്‌ക് ചൗഹാന്‍ മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് എനാന്‍, അംബരീഷ് ആര്‍.എസ്, ഹെനില്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ആയുഷ് മാഹ്‌ത്രെയും വൈഭവ് സൂര്യവംശിയും ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചു. ക്യാപ്റ്റനെ ഒരറ്റത്ത് നിര്‍ത്തി സൂര്യവംശി തന്റെ തനതായ ശൈലിയില്‍ ബാറ്റ് വീശി. കണ്‍മുമ്പില്‍ കിട്ടിയ എല്ലാ ബൗളര്‍മാരെയും തല്ലിയൊതുക്കിയാണ് വൈഭവ് സൂര്യവംശി കളം വിട്ടത്.
19 പന്തില്‍ 48 റണ്‍സുമായാണ് സൂര്യവംശി പുറത്തായത്. അഞ്ച് സിക്‌സറും മൂന്ന് ഫോറും അടക്കം 252.3 സ്‌ട്രൈക്ക് റേറ്റിലാണ് താരം വെടിക്കെട്ട് നടത്തിയത്.
വൈഭവിന് പിന്നാലെ അധികം വൈകാതെ ക്യാപ്റ്റനെയും ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. 30 പന്തില്‍ 21 റണ്‍സാണ് മാഹ്‌ത്രെ അടിച്ചെടുത്തത്.
പിന്നാലെയെത്തിയ വിഹാന്‍ മല്‍ഹോത്ര 21 പന്തില്‍ 18 റണ്‍സും മൗല്യരാജ് സിങ് ചാവ്ദ 15 പന്തില്‍ 16 റണ്‍സും നേടി പുറത്തായി. വിക്കറ്റ് കീപ്പര്‍ അഭിജ്ഞാന്‍ കുണ്ഡു (34 പന്തില്‍ പുറത്താകാതെ 45), രാഹുല്‍ കുമാര്‍ (25 പന്തില്‍ 17) എന്നിവരും ചേര്‍ന്ന് ഇന്ത്യയെ 26 ഓവര്‍ ബാക്കി നില്‍ക്കവെ വിജയത്തിലെത്തിച്ചു.
ഈ വിജയത്തോടെ അഞ്ച് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലെത്തി. ജൂണ്‍ 30നാണ് പരമ്പരയിലെ അടുത്ത മത്സരം. നോര്‍താംപ്ടണാണ് വേദി.
Content Highlight: India U19 vs England U19: India won the 1st match