| Sunday, 1st February 2026, 10:09 pm

കൗമാരപടയും കസറി; പാകിസ്ഥാനെ തകര്‍ത്ത് സെമിയില്‍

ഫസീഹ പി.സി.

അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. ഇന്ന് ക്വീന്‍സ് സ്‌പോര്‍ട്ട് ക്ലബ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 58 റണ്‍സിനാണ് കൗമാര പടയുടെ വിജയം. ഇതോടെ ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറി.

മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 194 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ 22 പന്തുകള്‍ ബാക്കി നില്‍ക്കെ ആയുഷ് മാഹ്‌ത്രെയും സംഘവും വിജയിക്കുകയായിരുന്നു.

വിജയത്തോടെ സെമി ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യയുടെ എതിരാളികള്‍ അഫ്ഗാനിസ്ഥാനാണ്. ഫെബ്രുവരി നാലിനാണ് ഈ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തുടക്കം ലഭിച്ചിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 47 എന്ന നിലയില്‍ മുന്നേറിയ ഇന്ത്യയ്ക്ക് അതേ സ്‌കോറില്‍ തന്നെ ക്യാപ്റ്റനും വൈഭവിനെയുമടക്കം മൂന്ന് പേരെ നഷ്ടമായി.

Photo: BCCI/x.com

പിന്നാലെ ഒരുമിച്ച വേദാന്ത് ത്രിവേദി – വിഹാന്‍ മനോജ് മല്‍ഹോത്ര സഖ്യം ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് 62 റണ്‍സ് ചേര്‍ത്തതിന് പിന്നാലെ വിഹാന്‍ (43 പന്തില്‍ 21) മടങ്ങി. ഏറെ വൈകാതെ 98 പന്തില്‍ 68 റണ്‍സുമായി വേദാന്തും കൂടാരം കയറി.

ഇവര്‍ക്ക് പുറമെ ഇന്ത്യക്കായി കനിഷ്‌ക് ചൗഹാന്‍ (29 പന്തില്‍ 35), ആര്‍. അംബരീഷ് (38 പന്തില്‍ 29), ഖിലാന്‍ പട്ടേല്‍ (15 പന്തില്‍ 21), അഭിഗ്യാന്‍ കുണ്ഡു (27 പന്തില്‍ 16) എന്നിവരും സംഭാവന ചെയ്തു. ഇതോടെ ടീമിന് 252 എന്ന സ്‌കോര്‍ എടുക്കാന്‍ സാധിച്ചു.

പാകിസ്ഥാനായി അബ്ദുല്‍ സുബ്ഹാന്‍ മൂന്ന് വിക്കറ്റും മുഹമ്മദ് സയ്യാം രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. മോമിന്‍ ഖമര്‍, അലി ഹസന്‍ ബലോച്ച്, അലി റാസ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങില്‍ മികച്ച നിലയില്‍ തുടങ്ങിയ പാകിസ്ഥാന്‍ പിന്നീട് തകര്‍ന്നടിയുകയായിരുന്നു. ടീമിനായി ഉസ്മാന്‍ ഖാന്‍, ഹംസ സഹൂറുമായും ഫര്‍ഹാന്‍ യൂസുഫുമായും മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി.

ഉസ്മാന്‍ – സഹൂര്‍ സഖ്യം 65 റണ്‍സ് ചേര്‍ത്തപ്പോള്‍ ക്യാപ്റ്റന്‍ ഫര്‍ഹാനുമായി താരം പടുത്തുയര്‍ത്തിയത് 63 റണ്‍സാണ്. ഉസ്മാന്‍ (92 പന്തില്‍ 66), സഹൂര്‍ (49 പന്തില്‍ 42), ഫര്‍ഹാന്‍ (39 പന്തില്‍ 38) എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്.

മൂവരും മടങ്ങിയതോടെയാണ് പാകിസ്ഥാന്‍ നിര തകർന്നടിയാൻ തുടങ്ങിയത്. പിന്നാലെ ബാറ്റിങ്ങിന് എത്തിയ ഒരാള്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ സാധിച്ചത്. അതോടെ ടീം 46.2 ഓവറില്‍ ഓള്‍ ഔട്ടായി.

ഇന്ത്യക്കായി ക്യാപ്റ്റന്‍ ആയുഷ് മാഹ്‌ത്രെയും ഖിലാന്‍ പട്ടേലും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഇവര്‍ക്കൊപ്പം കനിഷ്‌ക് ചൗഹാന്‍, വിഹാന്‍, ആര്‍.എസ്. അംബരീഷ്, ഹെനില്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും അക്കൗണ്ടിലെത്തിച്ചു.

Content Highlight: India U19 reached U19 World Cup semi final by defeating Pakistan U19

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more