അണ്ടര്‍ 19 ഏകദിന ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ എത്തിയിരിക്കുകയാണ്. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റ് എടുത്തത്.
നിര്‍ണായക മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച അഫ്ഗാന്‍ പട നാല് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ഇന്ത്യയ്ക്ക് മുന്നില്‍ പടുത്തുയര്‍ത്തിയത്. അണ്ടര്‍ 19 ലോകകപ്പില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ സ്‌കോറാണിത്.
എന്നാല്‍ അഫ്ഗാന്റെ റെക്കോഡ് റണ്‍മല ഇടിച്ചുനിരത്തിക്കൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി ബാറ്റിങ്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് നേടിയാണ് ഇന്ത്യ മത്സരം ഫിനിഷ് ചെയ്തത്. ഇതോടെ അണ്ടര്‍ 19 ലോകകപ്പിലെ ഏറ്റവും ഉര്‍ന്ന സ്‌കോര്‍ ചെയ്‌സ് ചെയ്യുന്ന ടീമാകാനാണ് ഇന്ത്യയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ 2006ല്‍ അയര്‍ലാന്‍ഡിനെതിരെ ന്യൂസിലാന്‍ഡിന്റെ 305 റണ്‍സായിരുന്നു മുന്നില്‍. എന്നാല്‍ 20 വര്‍ഷം പഴക്കമുള്ള റെക്കോഡ് മലര്‍ത്തിയാടിച്ചാണ് ഇന്ത്യയുടെ തേരോട്ടം.
ഇന്ത്യ – 311 – അഫ്ഗാനിസ്ഥാന്‍ – 2026*
ന്യൂസിലാന്‍ഡ് – 305 – അയര്‍ലാന്‍ഡ് – 2006
സൗത്ത് ആഫ്രിക്ക – 294 – ബംഗ്ലാദേശ് – 2022
വെസ്റ്റ് ഇന്‍ഡീസ് – 292 – ശ്രീലങ്ക – 2010
അതേസമയം മലയാളി സൂപ്പര്‍ താരം ആരോണ്‍ ജോര്‍ജിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ അഫ്ഗാന്‍ സിംഹങ്ങളെ മലര്‍ത്തിയടിച്ചത്. ഓപ്പണറായി ഇറങ്ങിയ ആരോണ്‍ 104 പന്തില്‍ 15 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 115 റണ്‍സ് നേടിയാണ് മടങ്ങിയത്. വെടിക്കെട്ട് ബാറ്റര്‍ വൈഭവ് സൂര്യവംശി 33 പന്തില്‍ നാല് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടെ 68 റണ്‍സ് നേടി ടീമിന് മിന്നും തുടക്കം നല്‍കിയാണ് പുറത്തായി.
ക്യാപ്റ്റന്‍ ആയുഷ് മാഹ്ത്രെ 59 പന്തില്‍ 62 റണ്‍സും നേടിയിരുന്നു. വിഹാന്‍ മല്‍ഹോത്ര 38 റണ്‍സ് നേടി പുറത്താകാതെ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. അഫ്ഗാനി വേണ്ടി നൂറിസ്ഥാനി ഒമര്‍സായി രണ്ട് വിക്കറ്റും വഹീദുള്ള സദ്രാന്‍ ഒരു വിക്കറ്റും നേടി.
അഫ്ഗാനിസ്ഥാന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് വണ്‍ ഡൗണ്‍ ബാറ്റര്‍ ഫൈസല്‍ ഖാനും നാലാമനായി ഇറങ്ങിയ ഉസൈറുള്ള നിയാസായുമാണ്. ഇരുവരും തകര്‍പ്പന്‍ സെഞ്ച്വറിയടിച്ചാണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്.
ഫൈസല്‍ 93 പന്തില്‍ നിന്ന് 15 ഫോര്‍ ഉള്‍പ്പെടെ 110 റണ്‍സ് നേടിയാണ് മടങ്ങിയത്. ഇത് താരത്തിന്റെ ബാക് ടു ബാക് സെഞ്ച്വറിയാണ്. കഴിഞ്ഞ മത്സരത്തില്‍ അയര്‍ലാന്‍ഡിനെതിരെ 163 റണ്‍സ് നേടിയ വമ്പന്‍ പ്രകടനം താരം കാഴ്ചവെച്ചിരുന്നു.
ഉസൈറുള്ള 86 പന്തില്‍ നിന്ന് രണ്ട് സിക്സും 12 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടി ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നു. അഫ്ഗാന് വേണ്ടി ഓപ്പണര്‍ ഒസ്മാന്‍ സാദത് 39 റണ്‍സ് നേടിയാണ് മടങ്ങിയത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രന്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ ടീമിന് നേടിക്കൊടുത്തു.
അതേസമയം ഫെബ്രുവരി ആറിനാണ് അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ പോരാട്ടം. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെയാണ് നേരിടേണ്ടത്. ഫൈനലില്‍ ആയുഷ് മാഹ്ത്രെയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കിരീടം സ്വന്തമാക്കുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: India U19 In Great Record Achievement In 2026 World Cup