| Sunday, 31st August 2025, 5:21 pm

ഇന്ത്യ 41 തവണ, പാകിസ്ഥാനിത് 16ാം തവണ; 'ഏഷ്യയിലെ മികച്ച ടീമിനെ' കാണാന്‍ പോലുമില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിന് മുന്നോടിയായി നടക്കുന്ന ട്രൈനേഷന്‍ സീരിസില്‍ യു.എ.ഇയെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ രണ്ടാം വിജയവും സ്വന്തമാക്കിയിരിക്കുകയാണ്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 31 റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യു.എ.ഇയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. സൂപ്പര്‍ താരം സയീം അയ്യൂബിന്റെ മികവിലാണ് പാകിസ്ഥാന്റെ വിജയം.

ഇത് 16ാം തവണയാണ് പാകിസ്ഥാന്‍ അന്താരാഷ്ട്ര ടി-20യില്‍ 200 റണ്‍സ് മാര്‍ക് പിന്നിടുന്നത്. 2021ല്‍ ഇംഗ്ലണ്ടിനെതിരെ നോട്ടിങ്ഹാമില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി നേടിയ 232 റണ്‍സാണ് പാകിസ്ഥാന്റെ ഏറ്റവുമുയര്‍ന്ന ടി-20ഐ ടോട്ടല്‍.

200+ ടോട്ടല്‍ സ്വന്തമാക്കിയ മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് പാകിസ്ഥാന് തോല്‍വി വഴങ്ങേണ്ടി വന്നത്. 2024ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയായിരുന്നു ഈ തോല്‍വി. സെഞ്ചൂറിയനില്‍ നടന്ന ഈ മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 207 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പ്രോട്ടിയാസ് മറികടന്നു.

200+ സ്‌കോര്‍ ചെയ്ത മത്സരങ്ങളില്‍ ഒറ്റ പരാജയവുമായി വിജയശതമാനത്തില്‍ മുമ്പിലാണെങ്കിലും ഏറ്റവുമധികം തവണ 200+ ടോട്ടല്‍ നേടിയ ടീമുകളെ പരിശോധിക്കുമ്പോള്‍ പാകിസ്ഥാന്‍ പിന്നിലാണ്. 41 തവണ 200 കടന്ന ഇന്ത്യയാണ് ഈ റെക്കോഡില്‍ ഒന്നാമതുള്ളത്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം തവണ 200+ റണ്‍സ് ടോട്ടല്‍ നേടിയ ടീമുകള്‍

(ടീം – എത്ര തവണ എന്നീ ക്രമത്തില്‍)

ഇന്ത്യ – 41

ഓസ്‌ട്രേലിയ – 25

സൗത്ത് ആഫ്രിക്ക – 25

ന്യൂസിലാന്‍ഡ് – 24

വെസ്റ്റ് ഇന്‍ഡീസ് – 23

ഇംഗ്ലണ്ട് – 22

പാകിസ്ഥാന്‍ – 16*

ശ്രീലങ്ക – 12

അയര്‍ലാന്‍ഡ് – 9

സിംബാബ്‌വേ – 9

അഫ്ഗാനിസ്ഥാന്‍ – 8

ബംഗ്ലാദേശ് – 7

(ടെസ്റ്റ് സ്റ്റാറ്റസ് ഉള്ള ടീമുകള്‍ മാത്രം)

ഏഷ്യയിലെ ഏറ്റവും മികച്ച ടീം എന്ന് ബംഗ്ലാ ആരാധകര്‍ വാഴ്ത്തുന്ന ടീമിന്റെ മോശം പ്രകടനം കൂടിയാണ് ഇതോടൊപ്പം ചര്‍ച്ചയാകുന്നത്. ഏഷ്യയിലെ താരതമ്യേന കുഞ്ഞന്‍ ടീമായ നേപ്പാള്‍ പോലും 12 തവണ ടി-20ഐയില്‍ 200+ റണ്‍സ് നേടിയിട്ടുണ്ട് എന്നാണ് മറ്റുള്ള ആരാധകരെല്ലാം തന്നെ ചൂണ്ടിക്കാട്ടുന്നത്.

ഏഴ് തവണ 200+ റണ്‍സ് മാര്‍ക് പിന്നിട്ടിട്ടുണ്ടെങ്കിലും ഒരിക്കല്‍പ്പോലും ടോപ്പ് ടീമുകള്‍ക്കെതിരെ ഈ നേട്ടം ആവര്‍ത്തിക്കാന്‍ കടുവകള്‍ക്ക് സാധിച്ചിട്ടില്ല.

അതേസമയം, ട്രൈ നേഷന്‍ സീരിസിലെ രണ്ടാം വിജയത്തിന് പിന്നാലെ പാകിസ്ഥാന്‍ കുതിപ്പ് തുടരുകയാണ്. ഏഷ്യാ കപ്പിന് മുമ്പുള്ള ഈ വിജയങ്ങള്‍ പാകിസ്ഥാന്റെ ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നുണ്ട്.

Content Highlight: India tops the list of teams with most 200+ totals in T20Is

We use cookies to give you the best possible experience. Learn more