| Monday, 16th February 2026, 9:03 am

ലോകകപ്പ് ഫൈനലില്‍ കരയിച്ച അതേ ഓസീസിനെ പടിയിറക്കി സിംഹാസനത്തില്‍; അനുപമം അപരാജിതം ഇന്ത്യ

ആദര്‍ശ് എം.കെ.

ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ കൂറ്റന്‍ വിജയം സ്വന്തമാക്കി ഇന്ത്യ സൂപ്പര്‍ 8ന് യോഗ്യത നേടിയിരിക്കുകയാണ്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 18 ഓവറില്‍ വെറും 114 റണ്‍സിന് ഓള്‍ ഔട്ടായി.

സൂപ്പര്‍ 8 യോഗ്യതയ്‌ക്കൊപ്പം മറ്റൊരു ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി ഏറ്റവുമധികം വിജയം നേടുന്ന ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ തുടര്‍ച്ചയായ 16ാം വിജയമാണിത്.

2024 ടി-20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം മുതല്‍ ആരംഭിച്ച ഐ.സി.സി ടൂര്‍ണമെന്റുകളിലെ അപരാജിത കുതിപ്പാണ് ഇന്ത്യ തുടരുന്നത്.

2024 ടി-20 ലോകകപ്പുമായി ഇന്ത്യ. Photo: BCCI

2024 ടി-20 ലോകകപ്പ്, 2025 ചാമ്പ്യന്‍സ് ട്രോഫി എന്നിവയില്‍ ഒറ്റ മത്സരം പോലും തോല്‍ക്കാതെ കിരീടമുയര്‍ത്തിയ ഇന്ത്യ 2026 ലോകകപ്പും അതുപോലെ നേടാന്‍ തന്നെയാണ് കോപ്പുകൂട്ടുന്നത്.

ചാമ്പ്യന്‍സ് ട്രോഫിയുമായി. Photo: ICC

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ സുവര്‍ണകാലങ്ങളിലൊന്നില്‍ പിറവിയെടുത്ത റെക്കോഡാണ് ഇതോടെ പഴങ്കഥയായിരിക്കുന്നത്. 2006-2007ല്‍ തുടര്‍ച്ചയായി 15 മത്സരങ്ങളില്‍ വിജയിച്ചതിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

ഓസ്‌ട്രേലിയ 2007 ഏകദിന ലോകകപ്പുമായി. Photo: ICC

ഓസ്‌ട്രേലിയയുടെ റെക്കോഡ് തകര്‍ത്തതില്‍ മറ്റൊരു കാവ്യനീതിയുമുണ്ട്. ഇന്ത്യ ആതിഥേയത്വം വഹിച്ച 2023 ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മയെയും സംഘത്തെയും തോല്‍പ്പിച്ചാണ് കങ്കാരുക്കള്‍ കിരീടമുയര്‍ത്തിയത്. ഒറ്റ മത്സരം പോലും പരാജയപ്പെടാതെ ഫൈനലിലെത്തിയ ഇന്ത്യ കീരീടപ്പോരാട്ടത്തില്‍ ഓസീസിന് മുമ്പില്‍ കാലിടറി വീഴുകയായിരുന്നു.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായ വിജയം

(എത്ര തവണ – ടീം എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ കാലഘട്ടം)

16* – ഇന്ത്യ (2024-2026)

15 – ഓസ്‌ട്രേലിയ (2006-2007)

14 – ഓസ്‌ട്രേലിയ (2023-2024)

13 – ഓസ്‌ട്രേലിയ (2003-2004)

12 – ഇന്ത്യ (2012-2014)

10 – ഓസ്‌ട്രേലിയ (2009-2010)

10 – ഇന്ത്യ (2023)

9 – വെസ്റ്റ് ഇന്‍ഡീസ് (1975-1979)

9 – ശ്രീലങ്ക (1996-1998)

9 – പാകിസ്ഥാന്‍ (2019-2021)

റെക്കോഡ് നേട്ടത്തില്‍ നിലവില്‍ ഒന്നാമതുള്ള ഇന്ത്യ, ഈ നേട്ടം ഇനിയും അരക്കിട്ടുറപ്പിക്കുമെന്നുറപ്പാണ്.

പാകിസ്ഥാനെതിരായ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ് ഇന്ത്യ. മൂന്ന് മത്സരത്തില്‍ മൂന്നിലും വിജയിച്ച് ആറ് പോയിന്റാണ് സൂര്യയ്ക്കും സംഘത്തിനുമുള്ളത്.

ഫെബ്രുവരി 18നാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ അവസാന മത്സരം. അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്സാണ് എതിരാളികള്‍.

Content Highlight: India tops the list of most Consecutive wins in ICC Tournaments

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more