| Sunday, 11th May 2025, 4:46 pm

ഒരു കൊല്ലം മുഴുവനെടുത്ത് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയ ചരിത്ര റെക്കോഡ് അഞ്ചാം മാസത്തില്‍ തൂക്കി ഇന്ത്യ; ഇവിടെ പല നേട്ടങ്ങളും പഴങ്കഥയാകുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്ക ആതിഥേയത്വം വഹിക്കുന്ന ട്രൈനേഷന്‍ സീരിസ് ഫൈനല്‍ കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ തുടരുകയാണ്. കലാശപ്പോരാട്ടത്തില്‍ ഇന്ത്യയെയാണ് ആതിഥേയരായ ലങ്ക നേരിടുന്നത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെ സെഞ്ച്വറി കരുത്തില്‍ റണ്‍മല പടുത്തുയര്‍ത്തിയിരിക്കുകയാണ്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്.

101 പന്തില്‍ 116 റണ്‍സ് നേടിയാണ് മന്ഥാന മടങ്ങിയത്. 15 ഫോറും രണ്ട് സിക്‌സറും അടക്കം 114.85 സ്‌ട്രൈക്ക് റേറ്റിലാണ് മന്ഥാന സ്‌കോര്‍ ചെയ്തത്.

മന്ഥാനയ്ക്ക് പുറമെ ഹര്‍ലീന്‍ ഡിയോള്‍ (56 പന്തില്‍ 47), ജെമീമ റോഡ്രിഗസ് (29 പന്തില്‍ 44), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (30 പന്തില്‍ 41) എന്നിവരുടെ ബാറ്റിങ് പ്രകടനങ്ങളും ഇന്ത്യന്‍ നിരയില്‍ കരുത്തായി.

ഈ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഇന്ത്യയെ തേടിയെത്തി. വനിതാ ഏകദിനത്തില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം തവണ 300+ ടോട്ടല്‍ സ്വന്തമാക്കുന്ന ടീം എന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.

2025ല്‍ ഇത് നാലാം തവണയാണ് ഇന്ത്യന്‍ വനിതകള്‍ ഏകദിനത്തില്‍ 300 മാര്‍ക് പിന്നിടുന്നത്. 2018ല്‍ നാല് തവണ ഈ നേട്ടത്തിലെത്തിയ ന്യൂസിലാന്‍ഡിനൊപ്പം ഇന്ത്യ ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനം പങ്കിടുകയാണ്. ഈ വര്‍ഷം ഹര്‍മനും സംഘത്തിനും ഇനിയും ഏകദിന മത്സരങ്ങള്‍ ഉണ്ടെന്നിരിക്കെ പുതിയ റെക്കോഡുകള്‍ പിറക്കുമെന്നും ഉറപ്പാണ്.

വനിതാ ഏകദിനത്തില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം തവണ 300+ ടോട്ടല്‍ സ്വന്തമാക്കുന്ന ടീം

(ടീം – എത്ര തവണ – വര്‍ഷം എന്നീ ക്രമത്തില്‍)

ഇന്ത്യ – 4 – 2025*

ന്യൂസിലാന്‍ഡ് – 4 – 2018

ഇന്ത്യ – 3 – 2024

ഇംഗ്ലണ്ട് – 3 – 1997

സൗത്ത് ആഫ്രിക്ക – 3 – 2017

ഓസ്‌ട്രേലിയ – 3 – 2022

അയര്‍ലന്‍ഡ് വനിതകളുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലാണ് ഇന്ത്യ ഈ വര്‍ഷം ആദ്യമായി 300 മാര്‍ക് പിന്നിട്ടത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനത്തിലാണ് ഇന്ത്യ ഈ വര്‍ഷം ആദ്യമായി മുന്നൂറ് റണ്‍സ് മാര്‍ക് പിന്നിട്ടത്.

രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ ജെമീമ റോഡ്രിഗസിന്റെ സെഞ്ച്വറി കരുത്തില്‍ 370 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ടീം 116 റണ്‍സിന് വിജയിക്കുകയും ചെയ്തു.

പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിലും ഇന്ത്യന്‍ വനിതകള്‍ 300 മാര്‍ക് പിന്നിട്ടു. തങ്ങളുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണ് ഹര്‍മനും സംഘവും രാജ്‌കോട്ടില്‍ ഒരിക്കല്‍ക്കൂടി അടിച്ചെടുത്തത്.

പ്രതീക റാവല്‍ (129 പന്തില്‍ 154), സ്മൃതി മന്ഥാന (80 പന്തില്‍ 135) എന്നിവരുടെ കരുത്തില്‍ 435/5 റണ്‍സാണ് ആതിഥേയര്‍ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഐറിഷ് വനിതകള്‍ 131ന് പുറത്താക്കിയ ഇന്ത്യ 304 റണ്‍സിന്റെ വിജയവും സ്വന്തമാക്കി.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ട്രൈനേഷന്‍ സീരീസില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യ മൂന്നാമതായി മുന്നൂറടിച്ചത്. കൊളംബോയില്‍ നടന്ന മത്സരത്തില്‍ ജെമീമ റോഡ്രിഗസിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 337/9 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് നേടാന്‍ സാധിച്ചത്.

ഈ വര്‍ഷം ഇന്ത്യ 300+ റണ്‍സ് നേടിയ മൂന്ന് മത്സരത്തിലും ടീം വിജയിച്ചിരുന്നു. ഇപ്പോള്‍ ട്രൈസീരീസിന്റെ ഫൈനലിലും ഇന്ത്യ മുന്നൂറടിച്ചിരിക്കുകയാണ്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ മറ്റൊരു പൊന്‍തൂവലും ഇന്ത്യന്‍ വനിതകളുടെ പേരില്‍ ചാര്‍ത്തപ്പെടും.

Content Highlight: India tops the list of most 300+ totals in a calendar year in WODIs

We use cookies to give you the best possible experience. Learn more