| Sunday, 1st February 2026, 2:53 pm

ലോകറെക്കോഡ്, ഇന്ത്യയുടെ ചെണ്ട, ബംഗ്ലാദേശിനും ലങ്കയ്ക്കും സൗത്ത് ആഫ്രിക്കയ്ക്കും കൂട്ടായി ന്യൂസിലാന്‍ഡും

ആദര്‍ശ് എം.കെ.

ഇന്ത്യ – ന്യൂസിലാന്‍ഡ് ടി-20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ മികച്ച വിജയം നേടി ആതിഥേയര്‍ 4-1ന് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 46 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.

ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവികള്‍ 225ന് പുറത്താവുകയായിരുന്നു. ലോക്കല്‍ ബോയ് സഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. ശേഷം അത് കൃത്യമായി ഡിഫന്‍ഡ് ചെയ്യുകയും ചെയ്തു.

അന്താരാഷ്ട്ര ടി-20യില്‍ ഇത് നാലാം തവണയാണ് ഇന്ത്യ 250+ സ്‌കോര്‍ നേടുന്നത്. ന്യൂസിലാന്‍ഡിന് പുറമെ ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നിവര്‍ക്കെതിരെയായിരുന്നു ഇന്ത്യയുടെ റണ്ണടിമേളം.

ഇന്ത്യയുടെ 250+ ടോട്ടലുകള്‍

(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

297/6 – ബംഗ്ലാദേശ് – ഹൈദരാബാദ് – 2024

283/1 – സൗത്ത് ആഫ്രിക്ക – ജോഹനാസ്‌ബെര്‍ഗ് – 2024

271/5 – ന്യൂസിലാന്‍ഡ് – തിരുവനന്തപുരം – 2026*

260/5 – ശ്രീലങ്ക – ഇന്‍ഡോര്‍ – 2017

ഇതോടെ ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ 250+ ടോട്ടല്‍ സ്വന്തമാക്കുന്ന ടീം എന്ന നേട്ടവും ഇന്ത്യ തങ്ങളുടെ പേരിലെഴുതിച്ചേർത്തു. സിംബാബ്‌വേയെ മറികടന്നുകൊണ്ടായിരുന്നു ഇന്ത്യയുടെ നേട്ടം.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം തവണ 250+ റണ്‍സ് നേടിയ ടീമുകള്‍

(ടീം – എത്ര തവണ – ഉയര്‍ന്ന സ്‌കോര്‍ എന്നീ ക്രമത്തില്‍)

ഇന്ത്യ – 4 – 297/6 vs ബംഗ്ലാദേശ്

സിംബാബ്‌വേ – 3 – 344/4 vs ഗാംബിയ

ഇംഗ്ലണ്ട് – 2 – 304/2 vs സൗത്ത് ആഫ്രിക്ക

ചെക് റിപ്പബ്ലിക് – 2 – 278/4 vs ടര്‍ക്കി

ജപ്പാന്‍ – 2 – 258/0 vs ചൈന

കാര്യവട്ടത്ത് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാന്‍ കിഷന്റെ സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്.

ഇഷാന്‍ 43 പന്തില്‍ 103 റണ്‍സടിച്ചപ്പോള്‍ 30 പന്തില്‍ 63 റണ്‍സാണ് സ്‌കൈ സ്വന്തമാക്കിയത്. ഇവര്‍ക്ക് പുറമെ 17 പന്തില്‍ 42 റണ്‍സടിച്ച ഹര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്സും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 271ലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് ഫിന്‍ അലന്റെ (38 പന്തില്‍ 80) കരുത്തില്‍ പൊരുതിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു.

അഞ്ച് വിക്കറ്റുമായി തിളങ്ങിയ അര്‍ഷ്ദീപ് സിങ്ങാണ് കിവീസിന്റെ നടുവൊടിച്ചത്. അക്സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയും റിങ്കു സിങ്ങും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlight: India tops the list of most 250+ totals in T20I

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more