| Friday, 11th July 2025, 3:36 pm

അതിവേഗ പണമിടപാട്; ആഗോളതലത്തില്‍ ഇന്ത്യ ഒന്നാമതെന്ന് ഐ.എം.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അതിവേഗ പണമിടപാടില്‍ ആഗോളതലത്തില്‍ തന്നെ ഇന്ത്യ ഒന്നാമതെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്). ഇന്ത്യയില്‍ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ അതിവേഗത്തിലാണ് നടക്കുന്നതെന്നും ഐ.എം.എഫ് പറഞ്ഞു.

ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യ മറ്റേതൊരു രാജ്യത്തേക്കാളും വളരെ മുന്നിലാണെന്നും ഐ.എം.എഫ് ചൂണ്ടിക്കാട്ടി. യു.പി.ഐയിലൂടെ പ്രതിമാസം 18 ബില്യണിലധികം പേയ്മെന്റുകളാണ് രാജ്യത്ത് നടക്കുന്നത്. കൂടാതെ മറ്റ് ഇലക്ട്രോണിക് റീട്ടെയില്‍ പേയ്മെന്റുകളില്‍ യു.പി.ഐ ആധിപത്യവും പുലര്‍ത്തുന്നു.

ഇമ്മീഡിയറ്റ് പേയ്മെന്റ് സര്‍വീസ് (ഐ.എം.പി.എസ്) ഇന്‍ഫ്രാസ്ട്രക്ചറില്‍ നിര്‍മിച്ച ഒരു ഇന്‍സ്റ്റന്റ് പേയ്മെന്റ് പ്ലാറ്റ്ഫോമാണ് യു.പി.ഐ.

2016ന് ശേഷം യു.പി.ഐ പേയ്മെന്റുകളില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്ന് ‘വളരുന്ന റീട്ടെയില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍: ഇന്ററോപ്പറബിളിറ്റിയുടെ മൂല്യം’ എന്ന തലക്കെട്ടിലുള്ള ഫിന്‍ടെക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2016 അവസാനത്തോടെയാണ് നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി (ഭീം) ആപ്പ് പുറത്തിറക്കിയത്. ഇത് മൊബൈല്‍ ഫോണുകളെ ഉപയോഗിച്ച് തല്‍ക്ഷണം ബാങ്ക്-ടു-ബാങ്ക് ട്രാന്‍സ്ഫറുകള്‍ നടത്താന്‍ അനുവദിക്കുന്നു. പക്ഷെ 2016ന്റെ അവസാനത്തില്‍ രാജ്യത്തെ യു.പി.ഐയുടെ ഉപയോഗവും ദാതാക്കളും കുറവായിരുന്നു.

പിന്നീട് വൈവിധ്യമാര്‍ന്ന ആപ്പുകളുടെ ലഭ്യത യു.പി.ഐയുടെ ഉപയോഗം വര്‍ധിപ്പിച്ചതായാണ് ഐ.എം.എഫ് വിലയിരുത്തുന്നത്. യു.പി.ഐ പേയ്മെന്റുകളിലൂടെ ലഭിക്കുന്ന ഓഫറുകളും മറ്റും ഉപയോക്താക്കളെ സ്വാധീനിച്ചിട്ടുണ്ടെന്നും ഐ.എം.എഫ് പറയുന്നു.

2023നെ അപേക്ഷിച്ച് 2024 ജൂണില്‍ 20 ശതമാനം മൂല്യവര്‍ധനവാണ് രാജ്യത്തെ യു.പി.ഐ പേയ്മെന്റുകളില്‍ രേഖപ്പെടുത്തിയത്. 2025 ജൂണില്‍ ഇത് 32 ശതമാനത്തിലേക്കും ഉയര്‍ന്നു. മെയ് മാസത്തില്‍ 602 ദശലക്ഷം ആളുകളാണ് പ്രതിദിനം യു.പി.ഐ പേയ്മെന്റുകള്‍ നടത്തുന്നത്. ജൂണില്‍ ഇത് 613 ആയി വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേനയുള്ള പേയ്മെന്റുകള്‍ കുറഞ്ഞുവരികയാണെന്നും ഐ.എം.എഫ് പറഞ്ഞു. എന്നാല്‍ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനോട് താരതമ്യപ്പെടുത്തുമ്പോള്‍ ഡിജിറ്റല്‍ പേയ്മെന്റുകളില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്.

അലക്‌സാണ്ടര്‍ കോപെസ്റ്റേക്ക്, ദിവ്യ കീര്‍ത്തി, മരിയ സോളെഡാഡ് മാര്‍ട്ടിനെസ് പെരിയ എന്നിവര്‍ ചേര്‍ന്നാണ് ഫിന്‍ടെക് കുറിപ്പ് തയ്യാറാക്കിയത്.

Content Highlight: India tops global faster payments ranking, says IMF

We use cookies to give you the best possible experience. Learn more