| Saturday, 7th March 2026, 2:16 pm

കപ്പുയര്‍ത്താനെത്തുന്നത് മറ്റൊരു കിരീടവും ചൂടി; ചരിത്രനേട്ടത്തില്‍ സൂര്യയുടെ ഇന്ത്യ

ആദര്‍ശ് എം.കെ.

ഐ.സി.സി ടി-20 ലോകകപ്പ് അതിന്റെ അവസാന മുഹൂര്‍ത്തങ്ങളിലേക്കെത്തുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരും ഡിഫന്‍ഡിങ് ചാമ്പ്യമാരുമായ ഇന്ത്യ ആദ്യ കിരീടം തേടിയെത്തുന്ന ന്യൂസിലാന്‍ഡിനെ നേരിടും.

സെമി ഫൈനല്‍ വരെ അപരാജിത കുതിപ്പ് നടത്തിയ സൗത്ത് ആഫ്രിക്കയെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാണ് ന്യൂസിലാന്‍ഡ് കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. അതേസമയം, കരുത്തരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വന്തം തട്ടകത്തില്‍ നടക്കുന്ന ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്.

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടൂര്‍ണമെന്റിലെ അവസാന മത്സരത്തില്‍ ടോസിന് കളത്തിലിറങ്ങുമ്പോള്‍ ഒരു റെക്കോഡും ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ടാകും. ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം തവണ വേള്‍ഡ് കപ്പ് ഫൈനല്‍ കളിച്ച ടീം എന്ന നേട്ടമാണ് ഇന്ത്യ ഇതിനോടകം സ്വന്തമാക്കിയത്.

ഇത് നാലാം തവണയാണ് ഇന്ത്യ ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്നത്. ഇതുവരെ കളിച്ച മൂന്ന് ലോകകപ്പില്‍ രണ്ട് തവണ കിരീടവും നേടി.

ലോകകപ്പിന്റെ ഉദ്ഘാടന എഡിഷനിലായിരുന്നു ഇന്ത്യ ആദ്യമായി ഫൈനല്‍ കളിച്ചത്. അന്ന് അയല്‍ക്കാരായ പാകിസ്ഥാനെ തകര്‍ത്ത് ധോണിപ്പട ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തി.

ചരിത്രത്തിലെ ആദ്യ ചാമ്പ്യന്‍മാര്‍

ശേഷം 2014ല്‍ വീണ്ടും ഫൈനല്‍ കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും മറ്റൊരു അയല്‍ക്കാരയ ശ്രീലങ്കയോട് പരാജയപ്പെട്ടു. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം 2024ല്‍ വീണ്ടും ഫൈനല്‍. അന്ന് പ്രോട്ടിയാസിനെ പരാജയപ്പെടുത്തി ഇന്ത്യ രണ്ടാം കിരീടവും സ്വന്തമാക്കി.

കിരീടവരള്‍ച്ചയ്ക്ക് അന്ത്യം കുറിച്ച രണ്ടാം ലോകകപ്പ്

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ഒരുപക്ഷേ ഇംഗ്ലണ്ടായിരുന്നു വിജയിച്ചിരുന്നതെങ്കില്‍ ത്രീ ലയണ്‍സിന്റെ പേരിലും ഇതേ നേട്ടം കുറിക്കപ്പെടുമായിരുന്നു. ഇന്ത്യയെ പോലെ തന്നെ ഇംഗ്ലണ്ട് മൂന്ന് ഫൈനല്‍ കളിക്കുകയും രണ്ട് കിരീടം നേടുകയും ചെയ്തിട്ടുണ്ട്.

2010ല്‍ ചിരവൈരികളായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി കപ്പുയര്‍ത്തിയ ഇംഗ്ലണ്ട് 2016ല്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നില്‍ കരീബിയന്‍സിനോട് പരാജയപ്പെട്ടു. ശേഷം 2022ല്‍ പാകിസ്ഥാനെ തോല്‍പിച്ച് രണ്ടാം കിരീടം സ്വന്തമാക്കുകയും ചെയ്തു.

2022 ചാമ്പ്യന്‍മാര്‍

പാകിസ്ഥാനും ശ്രീലങ്കയുമാണ് ഇതിനോടകം മൂന്ന് ഫൈനല്‍ കളിച്ച മറ്റ് ടീമുകള്‍. ഇരു ടീമുകളും ഓരോ കിരീടം നേടിയപ്പോള്‍ രണ്ട് തവണ തോല്‍വി വഴങ്ങുകയും ചെയ്തു.

ലോകകപ്പിന്റെ രണ്ടാം എഡിഷനായ 2009ലാണ് പാകിസ്ഥാന്‍ ആദ്യമായും അവസാനമായും കിരീടമണിയുന്നത്. ഇതിന് മുമ്പ് 2007ല്‍ നടന്ന ആദ്യ ലോകകപ്പില്‍ ഇന്ത്യയോടും ശേഷം 2022ല്‍ ഇംഗ്ലണ്ടിനോടും തോല്‍വി വഴങ്ങി.

കിരീടവുമായി പാകിസ്ഥാന്‍

2009ലാണ് ശ്രീലങ്കയുടെ ആദ്യ ലോകകപ്പ് പ്രവേശം. അന്ന് പാകിസ്ഥാനോട് എട്ട് വിക്കറ്റിന്റെ തോല്‍വിയേറ്റുവാങ്ങേണ്ടി വന്നു. 2012ല്‍ ഒരിക്കല്‍ക്കൂടി ഫൈനല്‍ കളിച്ചെങ്കിലും വെസ്റ്റ് ഇന്‍ഡീസിന് മുമ്പില്‍ കീഴടങ്ങി.

കിരീടവുമായി ശ്രീലങ്ക

2014ല്‍ ലങ്ക ഒരിക്കല്‍ക്കൂടി കിരീടത്തിന് അടുത്തെത്തി. അന്നവര്‍ക്ക് അടി തെറ്റിയില്ല. ലസിത് മലിംഗയ്ക്ക് കീഴില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ആദ്യ കീരീടം ശ്രീലങ്ക സ്വന്തമാക്കി.

Content Highlight: India to play 4th ICC T20 World Cup Final

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more