| Saturday, 7th March 2026, 4:00 pm

തുടര്‍ച്ചയായ നാലാം ഐ.സി.സി ഫൈനല്‍; ക്രിക്കറ്റിലെ ഇന്ത്യന്‍ വസന്തം

ആദര്‍ശ് എം.കെ.

ഐ.സി.സി ടി-20 ലോകകപ്പില്‍ ഇന്ത്യ ഫൈനലിനിറങ്ങുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍. ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടത്തില്‍ മുത്തമിടാന്‍ ഒരുങ്ങുമ്പോള്‍ തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ കിരീടമാണ് കിവികള്‍ സ്വപ്‌നം കാണുന്നത്.

തുടര്‍ച്ചയായ നാലാം ഐ.സി.സി ടൂര്‍ണമെന്റ് ഫൈനലിനാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. 2023ലെ ഏകദിന ലോകകപ്പ് മുതല്‍ എല്ലാ ഐ.സി.സി വൈറ്റ് ബോള്‍ ടൂര്‍ണമെന്റ് ഫൈനലുകളിലും ഇന്ത്യയുടെ സാന്നിധ്യമുണ്ടായിരുന്നു.

സ്വന്തം മണ്ണില്‍ നടന്ന 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയായിരുന്നു എതിരാളികള്‍. ഒറ്റ മത്സരം പോലും പരാജയപ്പെടാതെയായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. എന്നാല്‍ അവസാന മത്സരത്തില്‍ ഇന്ത്യ പരാജയം രുചിച്ചു.

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന് വിജയിച്ചാണ് മഞ്ഞക്കുപ്പായക്കാര്‍ ആറാം കിരീടത്തിലേക്ക് ഓടിയടുത്തത്. ട്രാവിസ് ഹെഡിന്റെ സെഞ്ച്വറി കരുത്തിലായിരുന്നു ഓസീസിന്റെ വിജയം.

2023 ഏകദിന ലോകകപ്പുമായി ഓസ്ട്രേലിയ

ശേഷം 2024ല്‍ ഒരു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കിരീടവരള്‍ച്ച അവസാനിപ്പിച്ച് ഇന്ത്യ വിശ്വവിജയികളായി. സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ മള്‍ട്ടിപ്പിള്‍ വേള്‍ഡ് കപ്പുകള്‍ സ്വന്തമാക്കുന്ന മൂന്നാം ടീം എന്ന നേട്ടത്തോടെയായിരുന്നു ഇന്ത്യയുടെ രണ്ടാം ടി-20 ലോകകപ്പ് നേട്ടം.

2024 ടി-20 ലോകകപ്പുമായി ഇന്ത്യ

2023 ഏകദിന ലോകകപ്പെന്ന പോലെ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. എന്നാല്‍ ഇത്തവണ രോഹിത്തും സംഘവും ഫൈനല്‍ പരാജയപ്പെടാതെ ലോകം കാല്‍ക്കീഴിലാക്കി.

അടുത്ത വര്‍ഷം, 2025ല്‍ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യ ഒറ്റ മത്സരം പോലും പരാജയപ്പെടാതെ മുത്തമിട്ടു. ന്യൂസിലാന്‍ഡിനെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ ജയം. ഏറെ നാള്‍ കിരീടം നേടാന്‍ സാധിക്കാതെ പോയതിന്റെ സകല നിരാശയും മറികടക്കുന്നതായിരുന്നു തുടര്‍ച്ചയായ ഈ രണ്ടാം കിരീടം.

ചാമ്പ്യന്‍സ് ട്രോഫി കിരീടവുമായി

ഇപ്പോള്‍ മറ്റൊരു ഐ.സി.സി ഫൈനലിലും ഇന്ത്യയും ന്യൂസിലാന്‍ഡും നേര്‍ക്കുനേര്‍ വരികയാണ്. ലോകകപ്പ് ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം എന്ന നേട്ടത്തിലേക്കാണ് ഇന്ത്യ കണ്ണുവെക്കുന്നത്.

Content highlight: India to play 4th consecutive ICC white ball final

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more