| Monday, 11th December 2017, 10:45 am

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍; രാജ്യം ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോകകപ്പ്

എഡിറ്റര്‍

മുംബൈ: 2023 ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ നടക്കും. ഇന്നു ചേര്‍ന്ന ബി.സി.സി.ഐയുടെ പ്രത്യേക ജനറല്‍ യോഗത്തിലാണ് 2023 ലോകകപ്പ് വേദിയുടെ കാര്യത്തില്‍ തീരുമാനമായത്. 2021 ലെ ചാമ്പ്യന്‍സ് ട്രോഫിക്കും ഇന്ത്യ വേദിയാകും.

ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയരാകുന്ന ആദ്യ ഏകദിന ലോകകപ്പാണ് 2023 ല്‍ നടക്കാന്‍ പോകുന്നത്. നേരത്തെ 1987, 1996, 2011 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ലോകകപ്പ നടന്നിട്ടുണ്ടെങ്കിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളോടൊപ്പം സംയുക്തമായിട്ടായിരുന്നു ആതിഥേയത്വം. ഇതിനു മുന്നേയുള്ള മത്സരങ്ങളില്‍ പാകിസ്താനും ബംഗ്ലാദേശും ശ്രീലങ്കയുമടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയോടൊപ്പം ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയായിരുന്നു.

ഇതിനു പുറമേ അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് അരങ്ങേറ്റത്തെക്കുറിച്ചും ബി.സി.സി.ഐ യോഗത്തില്‍ ധാരണയായി. 2019 ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഈ ടെസ്റ്റ് മത്സരം. ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ മുന്‍ നിര്‍ത്തി ഈ മത്സരം ഇന്ത്യയില്‍ വച്ച് നടത്താനാണ് ബോര്‍ഡിന്റെ തീരുമാനം.

2019-23 കാലഘട്ടത്തിനിടയില്‍ 81 ഹോം മത്സരങ്ങള്‍ കളിക്കാനും ബി.സി.സി.ഐ തീരുമാനിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിനിടയില്‍ കളിയുടെ ദിവസങ്ങള്‍ 306 ആയി ചുരുക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. നായകന്‍ വിരാട് കോഹ്ലി വിശ്രമം ലഭിക്കാതെയുള്ള മത്സരക്രമത്തിനെക്കുറിച്ച് പ്രതികരിച്ച സാഹചര്യത്തിലാണ് ബോര്‍ഡിന്റെ പുതിയ തീരുമാനം.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more