| Wednesday, 18th February 2026, 7:33 am

ലോകകപ്പില്‍ അവസാന ഗ്രൂപ്പ് മത്സരത്തിന് ഇന്ത്യ; സഞ്ജുവിന് അവസരമൊരുങ്ങുമോ?

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നെതെര്‍ലാന്‍ഡ്സാണ് ഈ മത്സരത്തില്‍ മെന്‍ ഇന്‍ ബ്ലൂവിന്റെ എതിരാളികള്‍. ഇന്ന് (ഫെബ്രുവരി 18) ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുക.

ടൂര്‍ണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ജയിച്ചാണ് സൂര്യയും സംഘവും നാലാം മത്സരത്തിന് ഒരുങ്ങുന്നത്. അപരാജിതരായി സൂപ്പര്‍ 8ന് തയ്യാറെടുക്കുക എന്നത് തന്നെയാവും ടീമിന്റെ ലക്ഷ്യം. മറുവശത്ത് ടൂര്‍ണമെന്റിലെ രണ്ടാം വിജയം ലക്ഷ്യമിട്ടാവും നെതര്‍ലാന്‍ഡ്‌സ് ഇറങ്ങുക. വിജയത്തോടെ ടൂര്‍ണമെന്റ് അവസാനിപ്പിക്കാനാവും ഡച്ച് പടയുടെ ആഗ്രഹം.

കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് നേരത്തെ തന്നെ സൂപ്പര്‍ 8ലേക്ക് പ്രവേശിച്ചതിനാല്‍ ഇന്നത്തെ മത്സരം ഇന്ത്യയ്ക്ക് നിര്‍ണായകമല്ല. അതിനാല്‍ തന്നെ ഈ മത്സരത്തില്‍ ഇന്ത്യ ബെഞ്ച് സ്‌ട്രെങ്ത്ത് പരീക്ഷിച്ചേക്കുമെന്നാണ് പൊതുവായുള്ള വിലയിരുത്തല്‍.

സഞ്ജു സാംസൺ. Photo: BCCI/x.com

മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഒരു അവസരം കൂടി ലഭിച്ചേക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഫോം കണ്ടെത്താത്ത അഭിഷേക് ശര്‍മയെ മാറ്റാന്‍ സാധ്യത കുറവാണ്. അങ്ങനെയെങ്കില്‍ ഇഷാന്‍ കിഷന് മാത്രമാണ് വിശ്രമം നല്‍കാന്‍ സാധ്യതയുള്ളത്.

കിഷന് വിശ്രമം അനുവദിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചാല്‍ സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചേക്കും. അങ്ങനെയെങ്കില്‍ ലോകകപ്പില്‍ ആദ്യമായി മലയാളി താരത്തിന് വിക്കറ്റ് കീപ്പിങ്ങില്‍ ഇറങ്ങാനുള്ള സാധ്യതയും തെളിയും.

ഈയൊരു അവസരം ലഭിച്ചാല്‍ സഞ്ജുവിന് ഈ ലോകകപ്പില്‍ ലഭിക്കുന്ന അവസാന ചാന്‍സായിരിക്കും. ഇനി ടോപ് ഓര്‍ഡറില്‍ ഏതെങ്കിലും ഒരു താരത്തിന് പരിക്ക് പറ്റി പുറത്താകേണ്ടി വന്നാല്‍ മാത്രമാണ് മലയാളി ബാറ്റര്‍ക്ക് ഏതെങ്കിലുമൊരു സാധ്യതയുള്ളത്.

ജസ്പ്രീത് ബുംറ. Photo: BCCI/x.com

അതേസമയം, നെതര്‍ലാന്‍ഡ്‌സിന് എതിരെ ടോപ് ഓര്‍ഡറില്‍ മാറ്റം വരുത്തിയേക്കില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ബൗളിങ് യൂണിറ്റില്‍ മാത്രമാണ് മാറ്റമുണ്ടാകാന്‍ സാധ്യതകള്‍ എന്നും വിലയിരുത്തുന്നു. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കിയേക്കുമെന്നും മുഹമ്മദ് സിറാജ് ടീമില്‍ എത്തിയേക്കുമെന്നും സൂചനകളുണ്ട്.

ഇതിന് പുറമെ, വൈസ് ക്യാപ്റ്റന്‍ അക്സര്‍ പട്ടേലിനും വിശ്രമം നല്‍കിയേക്കും. പകരക്കാരനായി വാഷിംഗ്ടണ്‍ സുന്ദറിനാണ് സാധ്യത. കുല്‍ദീപ് യാദവിനെ ബെഞ്ചിലിരുത്തി അര്‍ഷ്ദീപ് സിങ്ങിനും അവസരമൊരുങ്ങിയേക്കും.

Content Highlight: India to face Netherlands in T20 World Cup 2026; does Sanju Samson get a chance?

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more