യുണൈറ്റഡ് നാഷന്‍സ്: ശ്രീലങ്കയിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭയില്‍ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു. ഇന്ത്യ അടക്കം 24 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്ത് പ്രമേയം പാസ്സാക്കി.
എല്‍.ടി.ടിഇ.ക്കെതിരായ പോരാട്ടത്തിന്റെ മറവില്‍ തമിഴ്‌വംശജരെ വേട്ടയാടി കൊന്നുടുക്കുന്നതിന് എതിരെയാണ് പ്രമേയം. 26 വര്‍ഷമായി ലങ്കയില്‍ നടക്കുന്ന ആഭ്യന്തര യുദ്ധ സമയത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്കയാണു പ്രമേയം അവതരിപ്പിച്ചത്.
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സഭയില്‍ കൊണ്ടുവന്ന പ്രമേയത്തിനെ എതിര്‍ത്ത് ചൈനയും റഷ്യയും അടക്കം 15 രാജ്യങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. എട്ടു രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
ലങ്കന്‍ സര്‍ക്കാറിനെയും തമിഴ് പുലികളെയും വിമര്‍ശിക്കുന്ന പ്രമേയത്തെ ശ്രീലങ്ക തള്ളിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ ആരോപണങ്ങള്‍ ന്യായീകരിക്കാനാവാത്തതാണെന്നും പുനര്‍ നിര്‍മ്മാണ് പ്രവര്‍ത്തനങ്ങളെ പ്രമേയം പ്രതികൂലമായി ബാധിക്കുമെന്നും ശ്രീലങ്കന്‍ പ്രതിനിധി അറിയിച്ചു.
പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്തില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന് ഡി.എം.കെ യു.പി.എ സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കിയിരുന്നു.