ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ന്യൂസിലാന്‍ഡ് കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. ബെയ് ഓവലില്‍ നടന്ന മത്സരത്തില്‍ 224 റണ്‍സിന്റ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 333 റണ്‍സിന് ഓള് ഔട്ട് ആവുകയായിരുന്നു. എന്നാല്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയെ 26.4 ഓവറില്‍ 89 റണ്‍സിന് ഓള് ഔട്ട് ചെയ്താണ് കിവികള്‍ കരുത്ത് കാട്ടിയത്.
ഇതോടെ ഏകദിനത്തില്‍ ഇന്ത്യയെ ആദ്യമായി നയിച്ച ശ്രേയസ് അയ്യര്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത തോല്‍വിയാണ് ന്യൂസിലാന്‍ഡ് നല്‍കിയത്. മാത്രമല്ല ചരിത്രത്തില്‍ മറ്റൊരു നാണക്കേടും ഇന്ത്യ ഏറ്റവാങ്ങിയിരിക്കുകയാണ്. അന്താരാഷ്ട്ര ഏകദിന ചരിത്രത്തില്‍ ഇന്ത്യ ഏറ്റുവാങ്ങുന്ന ഏറ്റവും വലിയ രണ്ടാമത്തെ തോല്‍വിയാണിത്.
ശ്രീലങ്കയ്ക്കെതിരെ 2000ത്തില്‍ ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ 245 റണ്‍സിന്റെ അതിഭീകരമായ തോല്‍വിയായിരുന്നു ഇന്ത്യ നേരിട്ടത്. എന്നാല്‍ 244 റണ്‍സിന് ഇന്ത്യ കിവീസിനോട് ബെയ് ഓവലില്‍ ഏറ്റവും വലിയ രണ്ടാമത്തെ തോല്‍വി വഴങ്ങിയിരിക്കുകയാണ്.
മത്സരത്തില്‍ കിവികള്‍ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് വില്‍ യങ്ങാണ്. 108 പന്തില്‍ നിന്ന് നാല് സിക്സും 14 ഫോറും ഉള്‍പ്പെടെ 125 റണ്‍സാണ് താരം നേടിയത്. ടിം സീഫേര്‍ട്ട് 48 പന്തില്‍ മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 58 റണ്‍സും നേടി. മധ്യനിരയില്‍ ഇറങ്ങിയ ഫിന് അലന് 30 പന്തില്‍ 41 റണ്‍സ് നേടി മികവ് പുലര്‍ത്തി.
ഇന്ത്യയ്ക്ക് വേണ്ടി ആഖിബ് നബി, ഗുര്‍ണൂര്‍ ബ്രാര്‍, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അര്‍ഷ്ദീപ് സിങ്ങും നമന്‍ ധിറും ഓരോ വിക്കറ്റും നേടി. രണ്ട് റണ്‍ ഔട്ടുകളും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി ഉയര്‍ന്ന സ്കോര്‍ നേടിയത് ഇഷാന് കിഷനാണ്. 53 പന്തില്‍ 27 റണ്‍സാണ് താരം നേടിയത്. അക്സര്‍ പട്ടേലും നമന്‍ ധിറും 21 റണ്‍സ് വീതം നേടി. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പൂജ്യം റണ്‍സിനാണ് കൂടാരം കയറിയത്. ഓപ്പണറായി ടീമില്‍ തിരിച്ചെത്തിയ ഋതുരാജ് ഗെയ്ക്വാദ് അഞ്ച് റണ്‍സിനും കീഴടങ്ങി. മറ്റാര്‍ക്കും പ്രതീക്ഷിച്ച ബാറ്റിങ് മികവ് കാണിക്കാന്‍ സാധിച്ചില്ലായിരുന്നു.
ന്യൂസിലാന്‍ഡിന് വേണ്ടി കിടിലന്‍ ബൗളിങ് പ്രകടനം നടത്തിയത് ആറ് വിക്കറ്റ് നേടിയ മാറ്റ് ഹെന്റിയാണ്. മാത്യു ഫിഷര്‍ മൂന്ന് വിക്കറ്റും കൈല്‍ ജാമിസണ് ഒരു വിക്കറ്റും വീഴ്ത്തി.
Content Highlight: India suffers its second-largest defeat in ODI history