ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സില്‍ നടക്കുന്ന വനിതാ ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി. ടീമിന്റെ പ്രധാന സ്പിന്നര്‍മാരില്‍ ഒരാളായ ശ്രേയങ്ക പാട്ടീല്‍ പരുക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. നെതര്‍ലന്‍ഡ്സിനെതിരായ ഇന്ത്യയുടെ രണ്ടാം മത്സരത്തില്‍ പന്തെറിയുന്നതിനിടെയാണ് താരത്തിന് കണങ്കാലിന് പരിക്കേറ്റത്.
പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു പന്ത് മാത്രം എറിഞ്ഞ ശേഷം ശ്രേയങ്കയ്ക്ക് മത്സരം പാതിവഴിയില്‍ അവസാനിപ്പിച്ച് കളം വിടേണ്ടിവന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം താരത്തിന് ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് ടീമില്‍ മാറ്റം വരുത്തിയത്.
ശ്രേയങ്കയ്ക്ക് പകരമായി യുവ ഓള്‍റൗണ്ടര്‍ പ്രേമ റാവത്തിനെ മാനേജ്‌മെന്റ് ടീമില്‍ ഉള്‍പ്പെടുത്തി. ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കും ലോകകപ്പ് ടീമിലേക്കും പ്രേമയുടെ ആദ്യ അവസരമാണ്. വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍ ടൂര്‍ണമെന്റില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് പ്രേമയ്ക്ക് ലോകകപ്പ് ടീമിലേക്കുള്ള വഴി തുറന്നത്.
ഇന്ത്യ എ ടീമിനായി അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റുകള്‍ നേടിയ പ്രേമ, ബാറ്റുകൊണ്ടും നിര്‍ണായക സംഭാവനകള്‍ നല്‍കിയിരുന്നു. വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി നടത്തിയ പ്രകടനവും താരത്തിന്റെ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി.
അതേസമയം, ലോകകപ്പില്‍ ഇന്ത്യ മികച്ച ഫോമിലാണ്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെയും രണ്ടാം മത്സരത്തില്‍ നെതര്‍ലാന്‍ഡ്സിനെയും തോല്‍പ്പിച്ച ഇന്ത്യ, തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ആത്മവിശ്വാസം ഉയര്‍ത്തിയിരിക്കുകയാണ്.
ഇനി ജൂണ്‍ 21ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ശക്തരായ സൗത്ത് ആഫ്രിക്കയെ നേരിടാനാണ് ഇന്ത്യയുടെ തയ്യാറെടുപ്പ്. ഈ മത്സരത്തിലെ വിജയം സെമിഫൈനല്‍ സാധ്യതകള്‍ കൂടുതല്‍ ശക്തമാക്കും.
Content Highlight: India suffers a huge setback in the Women’s T20 World Cup