| Sunday, 2nd March 2025, 1:50 pm

'ഇന്ത്യ ശക്തമായ ടീം, മത്സരത്തിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്'; നിര്‍ണ്ണായക മത്സരത്തിന് മുമ്പ് പ്രതികരണവുമായി ന്യൂസിലാന്‍ഡ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനല്‍ മത്സരങ്ങളിലേക്ക് കടക്കുകയാണ്. ടൂര്‍ണമെന്റിലുടനീളം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് ഹൈബ്രിഡ് വേദിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍. ഒരേ വേദിയില്‍ കളിക്കുന്നത് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നുണ്ടെന്നും ഇല്ലെന്നും പറയുന്ന രണ്ട് പക്ഷക്കാരുണ്ട്.

ഇപ്പോള്‍ ഈ വിഷയത്തില്‍ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഗ്ലെന്‍ ഫിലിപ്‌സ്. ഇന്ന് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മത്സരം നടക്കാനിരിക്കെയാണ് ഫിലിപ്‌സിന്റെ പ്രതികരണം.

ഇന്ത്യ ഒരേ വേദിയില്‍ കളിക്കുന്നതില്‍ പരാതിപ്പെടാനില്ലെന്നും മത്സരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഫിലിപ്‌സ് പറഞ്ഞു. പാകിസ്ഥാനിലെ വ്യത്യസ്ത പിച്ചുകളില്‍ കളിച്ചത് ദുബായിലേക്ക് തയ്യാറെടുക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് താരം പ്രതികരണം അറിയിച്ചത്.

‘ഇന്ത്യ ഒരേ വേദിയില്‍ കളിക്കുന്നതില്‍ മുന്‍തൂക്കം ഉണ്ടോ ഇല്ലയോയെന്ന് ഞങ്ങള്‍ നോക്കുന്നില്ല. അതില്‍ പരാതിപ്പെടാനും പോകുന്നില്ല. അവരും ഞങ്ങളും ടൂര്‍ണമെന്റില്‍ നല്ല പ്രകടനമാണ് പുറത്തെടുത്തത്. അതിനാല്‍ മത്സരത്തിലാണ് ഞങ്ങളുടെ ശ്രദ്ധ. പാകിസ്ഥാനിലെ വ്യത്യസ്ത പിച്ചുകളിലും സാഹചര്യങ്ങളിലും കളിച്ചതിനാല്‍ മത്സരത്തിന് വേണ്ടി നന്നായി തയ്യാറെടുക്കാനായി,’ ന്യൂസിലാന്‍ഡ് സൂപ്പർ താരം പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡ് സ്‌ക്വാഡിന്റെ ഭാഗമായ താരം ഇന്ത്യ ശക്തമായ ടീമാണെന്നും പറഞ്ഞു. ഇന്ത്യയുമായുള്ള മത്സരം കടുപ്പമേറിയതാകും എന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യ ശക്തമായ ടീമാണ്. പിച്ച് മന്ദഗതിയിലായിരിക്കും. ചെറിയ ടേണ്‍ ഉണ്ടാവും. ഇന്ത്യയുമായുള്ള മത്സരം കടുപ്പമേറിയതാവും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ ന്യൂസിലാന്‍ഡ് മത്സരം ഇന്ന് ഉച്ചക്ക് 2. 30ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ അവസാന ഗ്രൂപ്പ് ഘട്ട മത്സരമാണിത്. ഇന്ത്യയും ന്യൂസിലാന്‍ഡും നേരത്തെ തന്നെ സെമി ഫൈനലിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇന്നത്തെ മത്സരമാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാരെ നിര്‍ണ്ണയിക്കുക.

ഇന്ത്യക്കും ന്യൂസിലാന്‍ഡിനും രണ്ട് മത്സരങ്ങളില്‍ രണ്ട് വിജയവുമായി നാല് പോയിന്റ് വീതമാണുള്ളത്. നിലവില്‍ നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ ന്യൂസിലന്‍ഡാണ് പോയിന്റ് പട്ടികയില്‍ മുന്നിലുള്ളത്. അപരാജിതരായി സെമി ഫൈനല്‍ പോരാട്ടത്തിന് തയ്യാറെടുക്കാനാകും ഇരു ടീമുകളുടെയും ലക്ഷ്യം.

content highlights: ‘India strong team, more focused on competition’; The New Zealand star reacts ahead of the crucial match

We use cookies to give you the best possible experience. Learn more