രണ്ടാം ടെസ്റ്റിലും വിജയിച്ച് ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് പരമ്പര സൗത്ത് ആഫ്രിക്ക തൂത്തുവാരിയിരുന്നു. ഗുവാഹത്തി ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തിയാണ് ബാവുമയുടെയും സംഘത്തിന്റെയും വിജയം. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രോട്ടിയാസ് ഇന്ത്യന്‍ മണ്ണില്‍ ഒരു പരമ്പര സ്വന്തമാക്കുന്നത്.
രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വി 408 റണ്‍സിനാണ്. ഇന്ത്യയെ ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് തോല്‍വിയിലേക്ക് (റണ്‍സിന്റെ അടിസ്ഥാനത്തില്‍) തള്ളിയിട്ടായിരുന്നു സൗത്ത് ആഫ്രിക്ക വിജയക്കൊടി നാട്ടിയത്. സ്വന്തം നാട്ടില്‍ പ്രോട്ടിയാസിനെതിരെയുള്ള അപ്രമാദിത്യം കൈവിട്ട തോല്‍വിയോടെ തന്നെ മറ്റൊരു തിരിച്ചടി കൂടി നേരിട്ടിരിക്കുയാണ്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യൂ.ടി.സി) 2025 – 2027 സൈക്കിളിലാണ് ഇന്ത്യയ്ക്ക് തിരിച്ചടി. ഈ തോല്‍വിയോടെ ടീം ഡബ്ല്യൂ.ടി.സി പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. നിലവില്‍ ഇന്ത്യയുടെ സ്ഥാനം പാകിസ്ഥാനും താഴെയാണ്.
ഈ സൈക്കിളില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ട് ടെസ്റ്റടക്കം ഒമ്പത് ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. ഇതില്‍ നാല് വീതം ജയവും തോല്‍വിയുമാണുള്ളത്. ഒരു മത്സരം സമനിലയിലും അവസാനിച്ചു. ഇപ്പോള്‍ 48.15 ശതമാനമാണ് ഇന്ത്യന്‍ സംഘത്തിന്റെ പോയിന്റ്.
ഗുവാഹത്തി ടെസ്റ്റിന് മുമ്പ് ഇന്ത്യയുടെ പോയിന്റ് 54.17 ശതമാനമായിരുന്നു. ഈ ടെസ്റ്റില്‍ വലിയ തോല്‍വി നേരിട്ടതോടെയാണ് ടീമിന്റെ പോയിന്റ് വലിയ രീതിയില്‍ കുറഞ്ഞതും അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതും.
അതേസമയം, നിലവില്‍ ഈ പോയിന്റ് ടേബിളില്‍ തലപ്പത്ത് കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയയാണ്. 100 ശതമാനമാണ് കങ്കാരുക്കളുടെ പോയിന്റ്.
2025 – 27 ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടേബിള്‍
(ടീം – മത്സരം – ജയം – തോല്‍വി – സമനില – പി.സി.ടി എന്നീ ക്രമത്തില്‍)
ഓസ്‌ട്രേലിയ – 4 – 4 – 0 – 0 – 100
സൗത്ത് ആഫ്രിക്ക – 4 – 3 – 1 – 0 – 75
ശ്രീലങ്ക – 2 – 1 – 0 – 1 – 66.67
പാകിസ്ഥാന്‍ – 2 – 1 -1 – 0 – 50.00
ഇന്ത്യ – 9 – 4 – 4 -1 – 48.15
ഇംഗ്ലണ്ട് – 6 – 2 – 3 – 1 – 36.11
ബംഗ്ലാദേശ് – 2 – 0 – 1 – 1 – 16.67
വെസ്റ്റ് ഇന്‍ഡീസ് – 5 – 0 – 5 – 0 – 0.00
ന്യൂസിലാന്‍ഡ് – 0 – 0 – 0 – 0 – 0
Content Highlight: India slips to fifth place below Pakistan in World Test Championship point table after the defeat against South Africa