| Thursday, 28th August 2025, 1:08 pm

റഷ്യന്‍ എണ്ണ വേണോയെന്ന് ഇന്ത്യ ഒന്നുകൂടി ചിന്തിക്കണം; 50 ശതമാനം താരിഫ് ഇന്ത്യ-യു.എസ് ബന്ധത്തിന് കനത്ത തിരിച്ചടിയും മുന്നറിയിപ്പും: രഘുറാം രാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ഇന്ത്യ-യു.എസ് ബന്ധത്തിന് കനത്ത തിരിച്ചടിയെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍.

ഈ നടപടി ഇന്ത്യക്ക് ഒരു മുന്നറിയിപ്പാണെന്നും അദ്ദേഹം പ്രതികരിച്ചു. റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന നയത്തില്‍ ഇന്ത്യ പുനപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിലൂടെ ആരാണ് നേട്ടം കൊയ്യുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്. എണ്ണ റിഫൈനറികള്‍ അമിതലാഭം കൊയ്യുമ്പോള്‍ കയറ്റുമതിക്കാര്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ട അവസ്ഥയിലാണ്. വലിയ സാമ്പത്തിക നേട്ടം ഉണ്ടാവുന്നില്ലെങ്കില്‍ ഈ എണ്ണ വ്യാപാരം തുടരണോ എന്നത് സംബന്ധിച്ച് ഒന്നുകൂടി ആലോചിക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിന്റെ പേരിലാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേലുണ്ടായിരുന്ന 25 ശതമാനം താരിഫ് എന്നത് ഇരട്ടിയാക്കി 50 ശതമാനം താരിഫിലേക്ക് ട്രംപ് ഭരണകൂടം ഉയര്‍ത്തിയത്.

ഇന്ത്യയിലെ ചെറുകിട കയറ്റുമതിക്കാരെയാണ് ഈ തീരുമാനം ഗുരുതരമായി ബാധിക്കുക. ചെമ്മീന്‍, തുണിത്തരങ്ങള്‍ തുടങ്ങിയവ കയറ്റുമതി ചെയ്യുന്നവരെ 50 ശതമാനം താരിഫ് പ്രതികൂലമായി ബാധിക്കുമെന്ന ഭയമുണ്ടെന്ന് ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രഘുറാം രാജന്‍ പറഞ്ഞു. ഇടത്തരക്കാരുടെ ജീവിതത്തെ തന്നെ മോശമായി ബാധിക്കുന്ന തീരുമാനമാണിത്. സംഭവത്തില്‍ കടുത്ത നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് താരിഫ് ഇരട്ടിയാക്കിയുള്ള ട്രംപിന്റെ നടപടി ബുധനാഴ്ചയാണ് പ്രാബല്യത്തില്‍ വന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യബന്ധത്തെ തന്നെ ഉലയ്ക്കുന്നതാണ് ഈ നടപടി.

ഇന്നത്തെ ലോകക്രമത്തില്‍ വാണിജ്യവും വ്യാപാരവും നിക്ഷേപവും എല്ലാം ആയുധങ്ങളാണ്, അതുകൊണ്ടുതന്നെ ഇന്ത്യ ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘യഥാര്‍ഥത്തില്‍ താരിഫ് ഉയര്‍ത്തിയ നടപടി ഒരു മുന്നറിയിപ്പ് കൂടിയാണ്, ഒരു രാജ്യത്തേയും വലിയ തോതില്‍ ആശ്രയിക്കരുത്.

യൂറോപ്പിനേയും യു.എസിനേയും കിഴക്കന്‍ രാജ്യങ്ങളെയെല്ലാം മാതൃകയാക്കി നയങ്ങള്‍ പരിഷ്‌കരിക്കുന്നതിലൂടെ യുവാക്കളുടെ തൊഴില്‍ സാധ്യതയില്‍ 8-8.5 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്,’ രഘുറാം രാജന്‍ പറഞ്ഞു.

തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, രത്‌നം, പാദരക്ഷകള്‍, സ്‌പോര്‍ട്‌സ് ഉത്പന്നങ്ങള്‍, ഫര്‍ണിച്ചറുകള്‍,രാസവസ്തുക്കള്‍ തുടങ്ങിയ ഇന്ത്യന്‍ കയറ്റുമതി ഉത്പന്നങ്ങള്‍ക്കാണ് യു.എസ് കനത്ത താരിഫ് ചുമത്തിയിരിക്കുന്നത്.

ആയിരക്കണക്കിന് ചെറുകിട കയറ്റുമതിക്കാരെയാണ് ഈ തീരുമാനം മോശമായി ബാധിക്കുക. ലോകത്ത് തന്നെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് വലിയ തിരിച്ചടിയാണ് ഈ തീരുമാനം.

Content Highlight: India should think again whether to buy Russian oil says Raghuram Rajan

We use cookies to give you the best possible experience. Learn more