| Thursday, 10th September 2026, 4:18 pm

ഇസ്രഈൽ കുടിയേറ്റ ഉത്പന്നങ്ങൾ ഇന്ത്യയും നിരോധിക്കണം: പ്രധാനമന്ത്രിയോട് അസദുദ്ദീൻ ഒവൈസി

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധ ഇസ്രഈൽ കുടിയേറ്റ പ്രദേശങ്ങളിൽ നിർമിക്കുന്ന ഉത്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ പൂർണമായി നിരോധിക്കണമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഒവൈസി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്.

വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ബ്രിട്ടൺ വ്യാപാര നിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഒവൈസിയുടെ പ്രതികരണം.

ബ്രിട്ടന് പുറമെ മറ്റ് 11രാജ്യങ്ങൾ സമാനമായ നടപടികളിലേക്ക് നീങ്ങുകയാണെന്ന് ഒവൈസി ചൂണ്ടിക്കാട്ടി. ഫലസ്തീൻ ജനതയ്ക്കെതിരെയുള്ള ഇസ്രഈലിന്റെ ക്രൂരമായ അടിച്ചമർത്തലുകൾക്കെതിരെ നിലപാട് സ്വീകരിക്കാൻ ഇന്ത്യയും ഇതേ മാതൃക പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ചൊവ്വാഴ്ച ബ്രിട്ടീഷ് പാർലമെന്റിൽ വെച്ചാണ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡ് ഇസ്രഈൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ നിരോധിക്കാനുള്ള ചരിത്രപരമായ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അനധികൃത കുടിയേറ്റ മേഖലകളുടെ വ്യാപനത്തെ വെറുതെ അപലപിക്കുന്ന പതിവ് ശൈലിയിൽ നിന്ന് മാറി പ്രായോഗിക നടപടികൾ സ്വീകരിക്കേണ്ട സമയമാണിതെന്ന് ബ്രിട്ടൻ വ്യക്തമാക്കി.

ദ്വിരാഷ്ട്ര പരിഹാരത്തിന്റെ തകർച്ചയ്ക്കും ഫലസ്തീനിലെ നിരപരാധികളുടെ ദുരിതങ്ങൾക്കും വെറും കാഴ്ചക്കാരായി തുടരാൻ തങ്ങൾ തയാറല്ലെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.

ബ്രിട്ടന് പിന്നാലെ ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങളും ഇത്തരം കർശനമായ വ്യാപാര നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ തയ്യാറായി. ഇതിന് പുറമെ ഡെൻമാർക്ക്, ഫിൻലാൻഡ്, ഐസ്‌ലാൻഡ്, പോളണ്ട്, പോർച്ചുഗൽ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളും ഈ തീരുമാനത്തെ ശക്തമായി പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

ലോകരാജ്യങ്ങൾ ഫലസ്തീൻ ജനതയ്ക്കൊപ്പം നിന്ന് സാമ്പത്തിക ഉപരോധം ഉൾപ്പെടെയുള്ള മാർഗങ്ങൾ ശക്തമാക്കുമ്പോൾ, ഇന്ത്യയും ഇത്തരം ഉത്പന്നങ്ങൾ രാജ്യത്തേക്ക് എത്തുന്നത് തടയാൻ തയ്യാറാകണമെന്നാണ് ഒവൈസി ആവശ്യപ്പെട്ടത്. ഇസ്രഈലിന്റെ അന്താരാഷ്ട്ര നിയമലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്താൻ കേന്ദ്ര സർക്കാർ ആർജ്ജവം കാട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight:India Should Also Ban Israeli Settlement Products: Asaduddin Owaisi Urges Prime Minister.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more