| Wednesday, 22nd April 2020, 10:29 pm

ഇന്ത്യയില്‍ ലോക്ഡൗണ്‍ പത്ത് ആഴ്ചയെങ്കിലും നീട്ടണം; ഇല്ലെങ്കില്‍ ഫലം രൂക്ഷമാകുമെന്ന് പ്രമുഖ ഹെല്‍ത്ത് ജേണല്‍ എഡിറ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് പ്രഖ്യാപിച്ച രണ്ടാം ഘട്ട ലോക്ഡൗണ്‍ മെയ് മൂന്നിനാണ് അവസാനിക്കുന്നത്. മെയ് മാസത്തോടെ രാജ്യം കൊവിഡ് വ്യാപനത്തെ മറികടക്കുമെന്നാണ് നിരവധിയാളുകള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇന്ത്യയില്‍ പത്ത് ആഴ്ച നീണ്ട സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് നിര്‍ദ്ദേശിക്കുകയാണ് ലോക പ്രശസ്ത ഹെല്‍ത്ത് ജേണലായ ദി ലാന്‍സെറ്റിന്റെ പത്രാധിപര്‍ റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍.

‘ദയവുചെയ്ത് ഇത് അവസാനിപ്പിക്കരുത്. ലോക്ഡൗണ്‍ അവസാനിപ്പിക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ ഇവിടെ രണ്ടാം ഘട്ട കൊവിഡ് വ്യാപനമുണ്ടാവും. അങ്ങനെ സംഭവിച്ചാല്‍ അത് ആദ്യ ഘട്ടത്തിനേക്കാള്‍ അതീവ ഗുരുതരമായിരിക്കും’, ഹോര്‍ട്ടണ്‍ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സമയം കളയരുത്. ഈ ലോക്ഡൗണ്‍ ചുരുങ്ങിയത് പത്ത് ആഴ്ച കൂടി വര്‍ധിപ്പിക്കണമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

അതേസമയം, ബെംഗലൂരുവിലും മുംബൈയിലും രണ്ടാം ഘട്ട കൊവിഡ് വ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. മെയ് മൂന്നിന് ലോക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം നിയന്ത്രണങ്ങള്‍ തുടര്‍ന്നില്ലെങ്കിലാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നേക്കുക. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെയും ടാറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെയും 18 അംഗ ഗവേഷക സംഘമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

രോഗ പുരോഗതി, ദിവസംതോറുമുള്ള പകര്‍ച്ച നിരക്ക് തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ ബെംഗലൂരു, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ രണ്ടാം ഘട്ട വ്യാപനം ഉണ്ടായേക്കുമെന്നാണ് ഇവര്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more