| Wednesday, 8th July 2026, 6:58 am

ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി; ത്രീ ലയണ്‍സിന്റെ ആറാട്ടില്‍ നാണംകെട്ട് ഇന്ത്യ

ശ്രീരാഗ് പാറക്കല്‍

ഇന്ത്യക്കെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ കൂറ്റന്‍ വിജയവുമായി ഇംഗ്ലണ്ട്. ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 125 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്കെതിരെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് ത്രീ ലയന്‍സ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 11.4 ഓവറില്‍ വെറും 76 റണ്‍സിന് ഔട്ട് ആവുകയായിരുന്നു.

ഇതോടെ ഒരു ചരിത്ര നാണക്കേടും ഇന്ത്യ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ നേരിടേണ്ടി വന്നിരിക്കുകയാണ്. റണ്‍സിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. ഇത് ആദ്യമായാണ് ഇന്ത്യ 100 + റണ്‍സിന്റെ മാര്‍ജിനില്‍ പരാജയം ഏറ്റുവാങ്ങുന്നത്. 2019 ന്യൂസിലാന്‍ഡിനെതിരെ 80 റണ്‍സിന്റെ തോല്‍വിയായിരുന്നു ഇന്ത്യ മുമ്പ് ഏറ്റുവാങ്ങിയത്.

അന്താരാഷ്ട്ര ടി-20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വികള്‍

(എതിരാളി, റണ്‍സ്, വര്‍ഷം)

ഇംഗ്ലണ്ട് – 125 – 2026

ന്യൂസിലാന്‍ഡ് – 80 – 2019

സൗത്ത് ആഫ്രിക്ക – 76 – 2026

ടി-20 ഫോര്‍മാറ്റില്‍ ആധിപത്യം സൃഷ്ടിച്ച ഇന്ത്യക്ക് ഏറ്റവും വലിയ തിരിച്ചടിയാണ് ഇംഗ്ലണ്ടിനെതിരായ ചരിത്ര തോല്‍വി.

മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബൗളര്‍ ജോഷ് ടങ്ങും ജോഫ്രാ ആര്‍ച്ചറും നടത്തിയ കിടിലന്‍ പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യയെ എളുപ്പം തകര്‍ക്കാന്‍ സാധിച്ചത്.

28 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് ടങ് വീഴ്ത്തിയത്. ജോഫ്ര ആര്‍ച്ചര്‍ മൂന്ന് ഓവറില്‍ 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും സ്വന്തമാക്കി. സഞ്ജു സാംസണിന് പകരം ഇലവനില്‍ ഇടം നേടിയ ഓപ്പണര്‍ വൈഭവ് സൂര്യവംശിയും ഇഷാന്‍ കിഷനുമാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍.

വൈഭവ് അഞ്ച് പന്തില്‍ രണ്ട് സിക്‌സര്‍ ഉള്‍പ്പെടെ 13 റണ്‍സ് നേടിയപ്പോള്‍ കിഷന്‍ ഒമ്പത് പന്തില്‍ ഒരു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെയാണ് 13 റണ്‍സ് നേടിയത്. അഭിഷ്‌ക് ശര്‍മ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ 10 റണ്‍സ് വീതവും നേടി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (5), വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ (3) എന്നിവര്‍ക്കും ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

ഇംഗ്ലണ്ടിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ഫില്‍ സാള്‍ട്ടാണ്. 44 പന്തില്‍ 77 റണ്‍സാണ് താരം നേടിയത്. ജോസ് ബട്‌ലര്‍ 36 റണ്‍സും സാം കറന്‍ 41* റണ്‍സും നേടി ത്രീ ലയണ്‍സിനെ 200 കടത്തി. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ഷിത് റാണ, പ്രിന്‍സ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: India holds a poor record in international cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more