2026ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സെമി ഫൈനല്‍ മത്സരം കൊറോഗി സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. മത്സരത്തില്‍ ഇന്ത്യ തങ്ങളുടെ പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്തിയാണ് കളത്തിലിറങ്ങിയത്.
വെടിക്കെട്ട് ബാറ്ററായ സഞ്ജു സാംസണിനെ ഓപ്പണിങ് പൊസിഷനില്‍ നിന്ന് പിന്നോട്ടടിച്ചാണ് ഇന്ത്യ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചത്. സഞ്ജുവിനെ വണ്‍ഡൗണില്‍ എത്തിച്ച് യുവ താരം വൈഭവ് സൂര്യവംശിയെ ഓപ്പണിങ്ങിലിറക്കിയാണ് ഇന്ത്യ പുതിയ പരീക്ഷണം നടത്തിയത്.
നിലവില്‍ മത്സരത്തില്‍ രണ്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സാണ് ഇന്ത്യ നേടിയത്. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ സിക്‌സര്‍ അടിച്ച അഭിഷേക് രണ്ടാം പന്തില്‍ സഹനിന്റെ പന്തില്‍ പുറത്താകുകയായിരുന്നു. മൂന്ന് പന്തില്‍ ഏഴ് റണ്‍സ് നേടിയാണ് താരം പുറത്തായത്.
അതേസമയം മൂന്ന് താരങ്ങള്‍ക്ക് അരങ്ങേറ്റം നല്‍കിക്കൊണ്ടാണ് ശ്രീലങ്ക കളത്തിലിറങ്ങിയത്.
ലസിത് ക്രൂസ്പുള്ളെ, സിനത്ത് ജയവര്‍ധന (ടി-20 അന്താരാഷ്ട്ര അരങ്ങേറ്റം), സോഹന്‍ ഡി ലിവേര (വിക്കറ്റ് കീപ്പര്‍, ടി-20 അന്താരാഷ്ട്ര അരങ്ങേറ്റം), അശന്‍ ബണ്ഡാര, സഹന്‍ അരച്ചിഗെ (ക്യാപ്റ്റന്‍), നുവാനിഡു ഫെര്‍ണാണ്ടോ, ചമിക കരുണാരത്‌നെ, വാനുജ സഹന്‍ (ടി-20 അന്താരാഷ്ട്ര അരങ്ങേറ്റം), വിജയകാന്ത് വിയസ്‌കാന്ത്, തരിന്ദു രത്‌നായകെ, ബിനുര ഫെര്‍ണാണ്ടോ.
വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, തിലക് വര്‍മ്മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ.
Content Highlight: India sent Sanju Samson in at one-down in the Asian Games semi-final