| Wednesday, 6th August 2025, 9:36 pm

യു.എസിൻ്റെ അധിക തീരുവ; ദൗര്‍ഭാഗ്യകരമെന്ന് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഇന്ത്യന്‍ ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയ യു.എസിന്റെ നടപടി ദൗര്‍ഭാഗ്യകരമെന്ന് ഇന്ത്യ. തീരുമാനം പക്ഷപാതപരവും നീതീകരിക്കാനാകാത്തതെന്നും ഇന്ത്യ പ്രതികരിച്ചു. ദേശീയ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം എക്‌സില്‍ കുറിച്ചു.

നിലവില്‍ അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവയാണ് യു.എസ് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെയാണ് 25 ശതമാനം കൂടി അധിക തീരുവ ചുമത്തിയുള്ള ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചത്. ഇതോടെ ഇന്ത്യക്ക് മേല്‍ ചുമത്തിയ തീരുവ 50 ശതമാനമാകും.

‘യു.എസ് ലക്ഷ്യം വെച്ചിരിക്കുന്നത് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെ ആണ്. ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുക എന്ന മൊത്തത്തിലുള്ള ലക്ഷ്യത്തോടെയാണ് ഇറക്കുമതി ചെയ്യുന്നത്. ഈ വിഷയത്തില്‍ നിലപാട് ഇതിനകം വ്യക്തമാക്കിയതാണ്. ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്താന്‍ തീരുമാനിച്ച യു.എസ് നടപടി നിര്‍ഭാഗ്യകരമാണ്.

ഈ നടപടി അന്യായവും, നീതീകരിക്കാനാകാത്തതും യുക്തിരഹിതവുമാണെന്ന് ആവര്‍ത്തിക്കുന്നു. ഇന്ത്യയുടെ ദേശീയ താത്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും,’ ഔദ്യോഗിക എക്‌സ് പോസ്റ്റിലൂടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യു.എസ് 25 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. ഇത് ഓഗസ്റ്റ് ഒമ്പതിന് പ്രാബല്യത്തിൽ വരാനിരിക്കെയാണ് 25 ശതമാനം അധിക തീരുവ ചുമത്തിയുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്. ഇതോടെ ഇന്ത്യക്ക് മേലുള്ള യു.എസിന്റെ തീരുവ 50 ശതമാനമാകും. പുതിയ ചുങ്കം മൂന്ന് ആഴ്ചക്കുള്ളിൽ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.

ഇന്നലെ (ചൊവ്വ) വൈകുന്നേരത്തോടെ അടുത്ത 24 മണിക്കൂറിനുള്ളിൽ ഇന്ത്യക്ക് മേലുള്ള തീരുവ ഗണ്യമായി വർധിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യയിൽ നിന്ന് ഇന്ത്യ ഇനിയും എണ്ണ വാങ്ങിയാൽ തീരുവ വർധിപ്പിക്കുമെന്നായിരുന്നു അറിയിപ്പ്.

Content Highlight: India says US’s additional tariffs are unfortunate

We use cookies to give you the best possible experience. Learn more