| Sunday, 16th August 2026, 8:45 am

ഷെയ്ഖ് ഹസീന കൈമാറ്റം: അന്തിമ തീരുമാനം കോടതിയുടേത്; ഇന്ത്യ-ബംഗ്ലാദേശ് ചർച്ചകൾ തുടരുന്നു

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കൈമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം രാഷ്ട്രീയമോ നയതന്ത്രപരമോ ആയ തലത്തിലല്ല, മറിച്ച് ഇന്ത്യൻ കോടതികളിലൂടെയായിരിക്കുമെന്ന് ഉന്നത ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബംഗ്ലാദേശ് സർക്കാരിന്റെ ഔദ്യോഗിക അഭ്യർത്ഥന പ്രകാരം കോടതി നടപടികൾ മുന്നോട്ടുപോകുമ്പോൾ, ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ ഇന്ത്യൻ നിയമപ്രകാരവും കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുമോ എന്ന് കോടതി പരിശോധിക്കുന്നുണ്ട്.

അതേസമയം, ദൽഹിയും ധാക്കയും തമ്മിൽ ഇക്കാര്യത്തിൽ നയതന്ത്ര തലത്തിലുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.

ബംഗ്ലാദേശിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ആവശ്യം താരിഖ് റഹ്മാൻ സർക്കാർ ആവർത്തിക്കുന്നതിനിടയിലാണ് ഈ നയതന്ത്ര ചർച്ചകൾ നടക്കുന്നത്. ഇത്തരമൊരു കടുത്ത നിലപാടിൽ നിന്ന് പിന്നോട്ടുപോകുന്നതിനായി ധാക്കയുമായി ശക്തമായ ചർച്ചകൾ നടക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

2024ലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഷെയ്ഖ് ഹസീന ഓഗസ്റ്റ് അഞ്ചിന് ന്യൂദൽഹിയിൽ നടത്തിയ വെർച്വൽ മാധ്യമസമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. ഹസീനയെ പുറത്താക്കിയതിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മാധ്യമസമ്മേളനം.

ഇതിനെതിരെ ബംഗ്ലാദേശ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നുവെങ്കിലും, ഹസീനയുടെ പരിപാടിയിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുകയും പരിപാടിയുമായി സർക്കാരിന് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ബംഗ്ലാദേശിൽ ഹസീനയ്ക്ക് മരണശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ട്. അവരുടെ പാർട്ടിയായ അവാമി ലീഗിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പുറത്താക്കപ്പെട്ട അവാമി ലീഗ് പാർട്ടിയിലെ നിലവിലെയും മുൻകാലത്തെയും എം.പിമാർ പറയുന്നതനുസരിച്ച്, ഇന്ത്യയിലെ അനൗദ്യോഗിക അഭയത്തിനിടയിലും ഹസീന ബംഗ്ലാദേശിലെ പാർട്ടി പ്രവർത്തകരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇടയ്ക്കിടെ നേരിട്ടുള്ള കൂടിക്കാഴ്ചകളും നടത്തുന്നുണ്ടെന്ന് അവർ പറയുന്നു. 78കാരിയായ ഹസീന ഈ വർഷം അവസാനത്തോടെ ധാക്കയിലേക്ക് മടങ്ങാനുള്ള സാധ്യത പരിഗണിക്കുന്നതായും പാർട്ടി അംഗങ്ങൾ പറയുന്നു.

ഓഗസ്റ്റ് അഞ്ചിന് നടന്ന വാർത്താസമ്മേളനത്തിൽ എപ്പോൾ മടങ്ങുമെന്ന് ചോദിച്ചപ്പോൾ 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തെ പരാമർശിച്ച് അവർ, ‘ഡിസംബർ ഞങ്ങളുടെ വിജയമാസമാണ്. അതിനാൽ ഡിസംബർ മാസത്തിൽ തിരിച്ചുപോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്’ എന്ന് പറഞ്ഞു.

ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ 2013ൽ ഒപ്പു വെച്ച കൈമാറ്റ കരാർ പ്രകാരം, കുറ്റം ചുമത്തപ്പെട്ടവരെയോ കുറ്റക്കാരെന്ന് കണ്ടെത്തപ്പെട്ടവരെയോ, അല്ലെങ്കിൽ കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നതിനായി വിധിക്കപ്പെട്ടവരോ തിരിച്ചയക്കുന്നതിനുള്ള ബാധ്യത ഈ കരാറിലുണ്ട്. കുറ്റം കൈമാറ്റത്തിന് അർഹമായ കുറ്റമാണോ എന്നത് മറ്റൊരു കരാർ രാജ്യത്തിന്റെ നീതിന്യായ അധികാരിയാണ് പരിഗണിക്കേണ്ടതെന്നും കരാർ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ എക്സ്ട്രഡിക്ഷൻ ആക്ട് , 1962ലെ വ്യവസ്ഥകളും ഈ വിഷയത്തിൽ പ്രസക്തമാണ്. കൈമാറ്റ കരാർ പരിഗണിച്ച ശേഷം, കേസ് പരിശോധിക്കുന്നതിനായി ഒരു ഇൻക്വയറി മജിസ്ട്രേറ്റിനെ നിയമിക്കാൻ മന്ത്രാലയത്തിന് കഴിയും. കൈമാറ്റത്തിന് കേസ് യോഗ്യമാണെന്ന് ഇൻക്വയറി മജിസ്ട്രേറ്റ് കണ്ടെത്തിയാൽ, കുറ്റവാളിയെ കൈമാറണമെന്ന് ശുപാർശ ചെയ്യാൻ മജിസ്ട്രേറ്റിന് കഴിയും.

അതേസമയം, കൈമാറ്റ അന്വേഷണം പൂർത്തിയാക്കിയ ശേഷം വിദേശരാജ്യത്തിന്റെ ആവശ്യം പിന്തുണയ്ക്കുന്ന പ്രഥമദൃഷ്ട്യാ ഉള്ള കേസ് (prima facie case) പോലും നിലവിലില്ലെന്ന് എക്സ്ട്രഡിക്ഷൻ മജിസ്ട്രേറ്റ് കണ്ടെത്തുകയാണെങ്കിൽ, ആ വ്യക്തിയെ കേസിൽ നിന്ന് മോചിപ്പിക്കാനും നിയമം അനുവദിക്കുന്നു.

ഈ വിഷയങ്ങൾക്കിടയിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഓഗസ്റ്റ് 20നും 25നും ഇടയിൽ ഇന്ത്യയിൽ ആദ്യ ഔദ്യോഗിക സന്ദർശനം നടത്താൻ സാധ്യതയുണ്ടെന്ന് ‘ദ ഡെയ്‌ലി സ്റ്റാർ’ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരിയിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള താരിഖ് റഹ്മാന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

ഇന്ത്യയിൽ തുടരുന്ന ഷെയ്ഖ് ഹസീനയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയം ധാക്ക–ന്യൂഡൽഹി ബന്ധത്തിൽ പ്രധാന ചർച്ചാവിഷയമായി തുടരുന്നതിനിടയിലാണ് ഈ നീക്കം. ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രസ്താവന പ്രകാരം, ബംഗ്ലാദേശ് ഷെയ്ഖ് ഹസീനയുടെ കൈമാറ്റ നടപടികൾ ഇന്ത്യ വേഗത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് അറിയിച്ചിട്ടുണ്ട്.

ഇന്ത്യ ഹസീനയെ കൈമാറുമെന്ന് ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നും, കൈമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ഇന്ത്യൻ നിയമ-നീതിന്യായ നടപടിക്രമങ്ങളിലൂടെ ആയിരിക്കുമെന്നും വ്യക്തമാക്കിക്കൊണ്ട് ധാക്കയുമായി നയതന്ത്ര തലത്തിലുള്ള ചർച്ചകൾ തുടരുകയാണ്.

Content Highlight:India says the final decision on Sheikh Hasina’s extradition rests with the courts.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more