സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ഏകദിനം ഇന്നാണ് നടക്കുന്നത്. വിശാഖപട്ടണത്തിലാണ് ഈ മത്സരം നടക്കുക. പരമ്പര വിജയികളെ നിര്‍ണയിക്കുന്ന ജീവന്‍മരണ പോരാട്ടത്തിനാണ് ആരാധകര്‍ ഇന്ന് സാക്ഷിയാവുക.
നിലവില്‍ പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ വീതം ജയിച്ച് ഇന്ത്യയും സൗത്ത് ആഫ്രിക്കയും ഒപ്പത്തിനൊപ്പമാണ്. അതിനാല്‍ തന്നെ പരമ്പര നേടാന്‍ ഇരു ടീമിനും വിജയം അനിവാര്യമാണ്. വിജയമെന്ന ഒറ്റ ലക്ഷ്യത്തിലാണ് ഇരു ടീമിലെയും താരങ്ങള്‍ ഇറങ്ങുക എന്നതിനാല്‍ വിശാഖപട്ടണത്ത് പോരാട്ടം പൊടിപൊടിക്കും.
സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള മത്സരത്തിൽ വിരാട് കോഹ്‌ലി Photo: BCCI/x.com
ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് ഒരു സൂപ്പര്‍ നേട്ടമാണ്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ കളിക്കുന്ന താരങ്ങളില്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്ക് ഒപ്പമെത്താന്‍ അവസരമുണ്ട്. ഇന്നത്തെ മത്സരത്തില്‍ കളത്തില്‍ ഇറങ്ങിയാല്‍ കോഹ്‌ലിയ്ക്ക് ഇന്ത്യയ്ക്കായി 308 ഏകദിനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
സൗരവ് ഗാംഗുലിയും ഏകദിനത്തില്‍ 311 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ മൂന്നെണ്ണം ഏഷ്യ ഇലവനിന് വേണ്ടിയാണ് ഇറങ്ങിയത്. ഇന്ത്യക്കായി താരം 50 ഓവര്‍ ക്രിക്കറ്റില്‍ കളിച്ചത് 308 തവണയാണ്. അതിനാല്‍ പ്രോട്ടിയാസിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇറങ്ങിയാല്‍ തന്നെ ഗാംഗുലിക്ക് ഒപ്പമെത്താം.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 463
എം.എസ് ധോണി – 347
രാഹുല്‍ ദ്രാവിഡ് – 340
മുഹമ്മദ് അസറുദ്ദീന്‍ – 334
സൗരവ് ഗാംഗുലി – 308
അതേസമയം, ഈ മത്സരത്തിനിറങ്ങുമ്പോള്‍ വിരാട് കോഹ്‌ലി തന്റെ ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. പരമ്പരയിലെ ആദ്യ രണ്ട് ഏകദിനത്തില്‍ താരം സെഞ്ച്വറി നേടിയിരുന്നു. 135, 102 റണ്‍സ് എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോര്‍. ഈ പ്രകടനം തന്നെ മൂന്നാം ഏകദിനത്തിലും കാണാന്‍ സാധിക്കണമെന്നാണ് ആരാധകര്‍ ഒന്നടങ്കം ആഗ്രഹിക്കുന്നത്.
Content Highlight: India vs SA: Virat Kohli to equal the record of Sourav Gangly of fifth player to play most ODI for India