ന്യൂദല്‍ഹി: യു.എസുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ നിന്നും ഇന്ത്യ പിന്‍മാറിയത് അധിക താരിഫുകള്‍ കാരണമെന്ന് മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ഗാര്‍ഗെ. ആര്‍ക്കും ട്രംപിന്റെ പുതിയ താരിഫ് നിരക്കില്‍ വ്യപാരം നടത്താന്‍ കഴിയില്ലെന്നും എപ്പോഴെങ്കിലും വിവേകമുണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ താരിഫ് നിലവില്‍ വന്നതിന് പിന്നാലെ എന്‍.ഡി.റ്റി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് സുഭാഷ് ഗാര്‍ഗിന്റെ പ്രതികരണം.
‘ട്രംപിന്റെ താരിഫ് നിരക്കില്‍ ആര്‍ക്കും വ്യാപാരം നടത്താന്‍ സാധിക്കില്ല. ട്രംപിന്റെ ഏകപക്ഷീയ താരിഫുകള്‍ കാരണം, ഇന്ത്യ ഇതിനോടകം ചര്‍ച്ചകളില്‍ നിന്ന് ഫലപ്രദമായി പിന്‍മാറി. പക്ഷെ, ഇന്ത്യ ഒരിക്കലും ഔദ്യോഗികമായി അവര്‍ക്ക് മുന്നില്‍ വാതില്‍ അടച്ചിടരുത്. എപ്പോഴെങ്കിലും വിവേകം വരുമെന്ന് പ്രതീക്ഷിക്കാം’ ഗാര്‍ഗ് പറഞ്ഞു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ വന്‍തോതില്‍ ലാഭം കൊയ്യുകയാണെന്ന ട്രംപിന്റെ വാദത്തെയും ഗാര്‍ഗ് വിമര്‍ശിച്ചു. ഈ ആരോപണം രാഷട്രീയ നാടകം എന്നുപറഞ്ഞ ഗാര്‍ഗ്, ഇത് സാമ്പത്തിക യാഥാര്‍ത്ഥ്യമല്ലെന്നും കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ എണ്ണ വ്യാപാരത്തില്‍ നിന്നുള്ള ഇന്ത്യയുടെ യഥാര്‍ത്ഥ സമ്പാദ്യം പ്രതിവര്‍ഷം 25 ബില്യണ്‍ ഡോളറല്ലെന്നും ഇന്ത്യക്ക് ലഭിക്കുന്ന നേട്ടം 2.5 ബില്യണ്‍ ഡോളറിനടുത്താണെന്ന് സി.എല്‍.എസ്.എ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപിന് എത്ര കണക്ക് വേണമെങ്കിലും ഉപയോഗിക്കാമെന്നും ഇന്ത്യയെ ശിക്ഷിക്കുന്നതിന് ട്രംപ് ഇതൊരു ആയുധമാക്കി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
ആഗോള വില പരിധി ചട്ടക്കൂട്ടില്‍ നിന്നിട്ടാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതെന്നും ഇത് ഒരു അന്താരാഷ്ട്ര കരാറും ലംഘിക്കുന്നില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങിക്കുന്നതിനെ പിന്തിരിപ്പിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ക്രൂഡ് ഓയില്‍ വിലയില്‍ എന്തെങ്കിലും കുറവ് വരുത്തുന്നത് ഇന്ത്യക്ക് മൂല്യവത്താണെന്നും ഇതില്‍ നിന്നും പിന്‍മാറിയാല്‍ അത് അമേരിക്കയെ ധൈര്യപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഇന്ത്യയുടെ കര്‍ക്കശമായ നിലപാടുകളെ പുനര്‍വിചിന്തനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റഷ്യയുമായുള്ള എണ്ണ വ്യാപാരം ചൂണ്ടിക്കാട്ടി ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ അധിക തീരുവ ഓഗസ്റ്റ് 27നാണ് പ്രാബല്യത്തില്‍ വന്നത്. എന്നാല്‍, തനിക്ക് കര്‍ഷകരുടെ താത്പര്യങ്ങളാണ് വലുതെന്നാണ് മോദി പറഞ്ഞത്. ഒരു വിട്ടുവീഴ്ചയും സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ എല്ലാ തീരുവകളും പ്രാബല്യത്തില്‍ തുടരുമെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. തീരുവ നീക്കം ചെയ്താല്‍ അത് രാജ്യത്തെ സാമ്പത്തികമായി ദുര്‍ബലമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ പല താരിഫുകളും നിയമവിരുദ്ധമാണെന്ന ഫെഡറല്‍ അപ്പീല്‍ കോടതി വിധിക്ക് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം, കേസിനെ നേരിടുമെന്നും ട്രംപ് അറിയിച്ചു.
Content Highlight: India’s withdrawal from trade talks with US due to additional tariffs says Subhash Garge