| Monday, 23rd February 2026, 6:21 pm

2026 ലോകകപ്പിലെ മാത്രമല്ല, തോല്‍വിയറിയാത്ത കുതിപ്പ് ഇവിടെ അവസാനിക്കുന്നു, ഇത് സൗത്ത് ആഫ്രിക്കന്‍ പ്രതികാരം

ആദര്‍ശ് എം.കെ.

ഇന്ത്യയുടെ അപരാജിത കുതിപ്പിന് ഒടുവില്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ അന്ത്യം. ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരത്തില്‍ പോലും പരാജയമറിയാതെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായെത്തിയ ഇന്ത്യ സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ വഴങ്ങിയത് 76 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി!

കഴിഞ്ഞ ലോകകപ്പ് ഫൈനലിലേറ്റ പരാജയത്തിന് മറ്റൊരു ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്ക കണക്കുതീര്‍ത്തപ്പോള്‍ ടി-20 ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ പരാജയവും ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെട്ടു. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 111ന് പുറത്തായി.

ഈ പരാജയം അന്ത്യമിട്ടത് കേവലം ഇന്ത്യയുടെ 2026 ലോകകപ്പിലെ അപരാജിത കുതിപ്പിനല്ല, മറിച്ച് ഐ.സി.സി ടൂര്‍ണമെന്റുകളിലെ അപരാജിത കുതിപ്പിനാണ്. 2023 ഏകദിന ലോകകപ്പ് ഫൈനല്‍ പരാജയത്തിന് ശേഷം തോല്‍വിയറിയാതെ 17 മത്സരം പൂര്‍ത്തിയാക്കിയ ഇന്ത്യയ്ക്ക് 18ാം മത്സരത്തില്‍ തോല്‍വി വഴങ്ങേണ്ടി വന്നിരിക്കുകയാണ്.

ഐ.സി.സി ടൂര്‍ണമെന്റുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിന്നിങ് സ്ട്രീക്കിന് കൂടിയാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്.

2024 ടി-20 ലോകകപ്പിലെ ആദ്യ മത്സരം മുതല്‍ ഫൈനല്‍ വരെ തോല്‍വിയറിയാതെ കുതിച്ച ഇന്ത്യ 2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലും തോല്‍വിയുടെ കയ്പുനീര്‍ കുടിക്കാതെ മുത്തമിട്ടു. 2026 ടി-20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടവും പരാജയമറിയാതെ കഴിഞ്ഞെങ്കിലും സൂപ്പര്‍ 8ല്‍ ഇപ്പോള്‍ കാലിടറിയിരിക്കുകയാണ്.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായ വിജയം

(എത്ര തവണ – ടീം എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ കാലഘട്ടം)

17- ഇന്ത്യ (2024-2026)

15 – ഓസ്ട്രേലിയ (2006-2007)

14 – ഓസ്ട്രേലിയ (2023-2024)

13 – ഓസ്ട്രേലിയ (2003-2004)

12 – ഇന്ത്യ (2012-2014)

10 – ഓസ്ട്രേലിയ (2009-2010)

10 – ഇന്ത്യ (2023)

9 – വെസ്റ്റ് ഇന്‍ഡീസ് (1975-1979)

9 – ശ്രീലങ്ക (1996-1998)

9 – പാകിസ്ഥാന്‍ (2019-2021)

അതേസമയം, സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരാജയം ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റിലും കാര്യമായി തന്നെ പ്രതിഫലിച്ചിട്ടുണ്ട്. -3.80 ആണ് നിലിവില്‍ ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റ്.

ഫെബ്രുവരി 26നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ സിംബാബ് വേയാണ് എതിരാളികള്‍.

Content Highlight: India’s unbeaten run in ICC tournaments ends

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more