| Wednesday, 7th January 2026, 6:36 pm

'നരേന്ദര്‍ സറണ്ടര്‍' എന്ന് ട്രംപ് ഫോണ്‍ ചെയ്ത് പറഞ്ഞപ്പോഴേക്കും മോദി കീഴടങ്ങി: രാഹുൽ ഗാന്ധി

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ രാഹുല്‍ ഗാന്ധി. വിദേശികള്‍ക്ക് മുമ്പില്‍ നട്ടെല്ല് വളയ്ക്കുന്നതായിരുന്നില്ല ഇന്ത്യയുടെ പാരമ്പര്യമെന്നും ഇവര്‍ക്കൊക്കെ തലകുനിച്ചാണല്ലോ ശീലമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രതിരോധം, വ്യവസായം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി മോദി തന്നെ നേരിട്ട് സമീപിച്ചിരുന്നുവെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

‘നരേന്ദര്‍ സറണ്ടര്‍’ എന്ന് ഫോണ്‍ ചെയ്ത് പറഞ്ഞപ്പോഴേക്കും മോദി കീഴടങ്ങിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോട് താരതമ്യം ചെയ്തുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം.

അമേരിക്കന്‍ പടക്കപ്പല്‍ നേരിട്ട് വന്നിട്ടും ഇന്ദിര ഗാന്ധി കുലുങ്ങിയിരുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നേതാക്കളെ കുറിച്ച് ഇപ്പോള്‍ ഒരു ബോധ്യമുണ്ട്. അവരുടെ മേല്‍ കുറച്ചധികം സമ്മര്‍ദം ചെലുത്തുക, ആഞ്ഞൊരു തള്ള് തള്ളുക, അധികം വൈകാതെ തന്നെ അവര്‍ ഭയന്ന് ഓടിപോകുമെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

1971ല്‍ യു.എസിന്റെ സമ്മര്‍ദത്തിന് മുന്നില്‍ ഇന്ത്യ ഉറച്ചുനിന്നിരുന്നുവെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 71ല്‍ ആയുധങ്ങള്‍ വന്നപ്പോഴും യുദ്ധ കപ്പലുകള്‍ വന്നപ്പോഴും തനിക്ക് ചെയ്യാനുള്ളത് താന്‍ ചെയ്യുമെന്നാണ് ഇന്ദിര ഗാന്ധി പറഞ്ഞത്. അതാണ് മോദിയും ഇന്ദിരയും തമ്മിലുള്ള വ്യത്യാസമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

അതേസമയം മോദിയുമായുള്ള ബന്ധം ആദ്യത്തേക്കാള്‍ ശക്തമായെന്നാണ് ട്രംപിന്റെ അവകാശവാദം. എന്നാല്‍ തീരുവയുടെ കാര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് തന്നോട് അതൃപ്തിയുണ്ടെന്നും തന്റെ തീരുമാനങ്ങളില്‍ അദ്ദേഹം സന്തുഷ്ടനല്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഗണ്യമായി കുറച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

Content Highlight: India’s tradition was not to bow down to foreigners: Rahul Gandhi against Modi

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more