| Saturday, 4th October 2025, 10:44 am

അണിയറയിലൊരുങ്ങുന്നത് ഓസീസിന്റെ അടിത്തറയിളക്കാന്‍ പോന്ന നീക്കങ്ങള്‍; കളം നിറയാന്‍ ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള മുന്നൊരുക്കത്തിലാണ് അപെക്‌സ് ബോര്‍ഡ്. മൂന്ന് ഏകദിനങ്ങള്‍ക്കും അഞ്ച് ടി-20കള്‍ക്കുമായാണ് മെന്‍ ഇന്‍ ബ്ലൂ ഓസീസിന്റെ മടയിലെത്തുന്നത്.

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ഏകദിന പരമ്പര കൂടിയാണിത്. ഒക്ടോബര്‍ 19 മുതല്‍ ആരംഭിക്കുന്ന പര്യടനത്തില്‍ ഏകദിന പരമ്പരയാണ് ആദ്യം നടക്കുക.

വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് മടങ്ങിയെത്തുന്ന മത്സരം കൂടിയായിരിക്കുമിത്. നിലവില്‍ രണ്ട് താരങ്ങളും ഏകദിനത്തില്‍ മാത്രമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. രോ-കോ സഖ്യം വീണ്ടും കളത്തിലിറങ്ങുന്നതിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.

ടീമിന്റെ ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ നാളെ (ഞായര്‍) രോഹിത് ശര്‍മയുമായി ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഹിത്തിന് കീഴില്‍ തന്നെയായിരിക്കും ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ കളത്തിലിറങ്ങുക.

അതേസമയം, ഇന്ന് (ശനി) ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന, ടി-20 പരമ്പരയ്ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഷ്യാ കപ്പിനിടെ പരിക്കേറ്റ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ സ്‌ക്വാഡിലുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പരിക്കിന് പിന്നാലെ താരത്തിന് പാകിസ്ഥാനെതിരായ ഫൈനല്‍ മത്സരവും നഷ്ടപ്പെട്ടിരുന്നു.

ഹര്‍ദിക് പാണ്ഡ്യ

റെഡ് ബോള്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയും സ്‌ക്വാഡിന്റെ ഭാഗമാക്കാന്‍ സാധ്യതയില്ല. താരത്തിന് വിശ്രമം നല്‍കുന്നതിന്റെ ഭാഗമായാണിത്. ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്തതിന് പിന്നാലെ ഗില്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുകയാണ്.

ശുഭ്മന്‍ ഗില്‍

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലും ഏഷ്യാ കപ്പിലും എല്ലാ മത്സരങ്ങളും ഗില്‍ കളിച്ചിരുന്നു. നിലവില്‍ ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയുടെ ഭാഗമാണ് ഗില്‍. ഒക്ടോബര്‍ 14നാണ് പരമ്പര അവസാനിക്കുന്നത്.

സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ടീമിലേക്ക് മടങ്ങിയെത്താനും സാധ്യതകളുണ്ട്. ബാക്കപ്പ് വിക്കറ്റ് കീപ്പറായാകും ഇന്ത്യ താരത്തെ പരിഗണിക്കുക.

സഞ്ജു സാംസണ്‍

ഏതാണ്ട് രണ്ട് വര്‍ഷത്തോളമായി ഇന്ത്യയുടെ ഏകദിന പദ്ധതികളില്‍ സഞ്ജു ഉണ്ടായിരുന്നല്ല. 2023 ഡിസംബറിലാണ് താരം അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ താരം ഏകദിനം കളിച്ചത്. മത്സരത്തില്‍ താരം സെഞ്ച്വറിയും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

Content Highlight: India’s tour of Australia

We use cookies to give you the best possible experience. Learn more