| Saturday, 8th August 2026, 10:37 pm

ഇന്ത്യയുടെ കരുത്ത് യുവാക്കള്‍, അമേരിക്കയ്ക്കും ചൈനയ്ക്കും നല്‍കാനാവാത്ത ശേഷി നമുക്കുണ്ട്: രാഹുല്‍ ഗാന്ധി

ആദർശ് എം.കെ.

പ്രയാഗ്‌രാജ്: ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തും അഭിമാനവും രാജ്യത്തെ യുവജനങ്ങളാണെന്നും അവരുടെ കഴിവുകള്‍ ലോകത്ത് മറ്റൊന്നിനോടും ഉപമിക്കാനാവാത്തത്ര വലുതാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലുള്ള കെ.പി. ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഛാത്രോം കീ ഗൂഞ്ച് എന്ന സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്ക, ചൈന, റഷ്യ എന്നീ വന്‍ശക്തികളെക്കുറിച്ച് ലോകം എപ്പോഴും ചര്‍ച്ച ചെയ്യാറുണ്ടെങ്കിലും, ഇന്ത്യയിലെ 40 കോടിയോളം വരുന്ന യുവാക്കളുടെ ശേഷി വേറെവിടെയുമില്ലെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

യുവാക്കള്‍ നേരിടുന്ന ‘ദര്‍ദ്’ (വേദന), ‘ഡാറ്റ’ (വിവരങ്ങള്‍), രാജ്യത്തിന്റെ ‘ദൗലത്ത്’ (സമ്പത്ത്) എന്നീ മൂന്ന് പ്രധാന വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

രാജ്യത്ത് വിദ്യാഭ്യാസ യോഗ്യതകളുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പഠിച്ചിട്ടും യുവാക്കള്‍ക്ക് ജോലി ലഭിക്കാത്ത അവസ്ഥയാണെന്നും, തൊഴില്‍ നല്‍കാന്‍ സാധിക്കാത്തതിനാല്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മൂല്യമില്ലാതായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

മാനുഫാക്ചറിങ് മേഖയിലെ ഇടിവ്, സ്വയംതൊഴിലിനായി വായ്പകള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടുകള്‍, തുടര്‍ച്ചയായുണ്ടാകുന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാരണം ജോലി നഷ്ടപ്പെടാനുള്ള സാധ്യതകള്‍ എന്നിവയാണ് രാജ്യത്തെ യുവാക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനീതിക്കും ക്രമക്കേടുകള്‍ക്കുമെതിരെ ഭയമില്ലാതെ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ ഇരുട്ടില്‍ വെളിച്ചം തെളിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രശംസിച്ചു. അഴിമതി നിറഞ്ഞ വ്യവസ്ഥിതിയെ മാറ്റാന്‍ അക്രമത്തിന്റെ പാത സ്വീകരിക്കരുതെന്ന് ഉപദേശിച്ച അദ്ദേഹം, ‘നമ്മള്‍ ഒരിക്കലും വെറുപ്പിലേക്കോ അക്രമത്തിലേക്കോ കടക്കില്ല. സ്‌നേഹവും കരുണയും കൊണ്ട് ഈ വ്യവസ്ഥിതിയെ നമ്മള്‍ മാറ്റിയെടുക്കും,’ അദ്ദേഹം പറഞ്ഞു.

കനത്ത മഴയെത്തുടര്‍ന്ന് ഗ്രൗണ്ടില്‍ വെള്ളക്കെട്ടും ചെളിയും നിറഞ്ഞിരുന്നെങ്കിലും അത് വകവെക്കാതെ വന്‍തോതിലാണ് വിദ്യാര്‍ത്ഥികളും മത്സരപരീക്ഷാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തത്. ഹോസ്റ്റല്‍ സൗകര്യങ്ങളുടെ പോരായ്മകളും മത്സരപരീക്ഷകളിലെ അപാകതകളും വിദ്യാര്‍ത്ഥികള്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ചടങ്ങിന് മുന്നോടിയായി ഓഗസ്റ്റ് ഏഴ്, വെള്ളിയാഴ്ച യു.പി. കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ വിപുലമായ ബൈക്ക് റാലി സംഘടിപ്പിച്ചിരുന്നു. ശനിയാഴ്ച പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മുംബൈയില്‍ നിന്നുള്ള ഗായകര്‍ അവതരിപ്പിച്ച റാപ്പ് സംഗീത പരിപാടികളും അരങ്ങേറി.

Content Highlight: India’s strength lies in its youth; we possess a capability that neither America nor China can match: Rahul Gandhi.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more