ന്യൂദല്‍ഹി: ഇന്ത്യയിലെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. പ്രധാനമായും റോസ് നെഫ്റ്റ്, ലൂക്കോയില്‍ എന്നീ രണ്ട് റഷ്യന്‍ കമ്പനികളില്‍ നിന്നാണ് ഇന്ത്യ എണ്ണ വാങ്ങുന്നത്. എന്നാല്‍ ഈ കമ്പനികളെ ലക്ഷ്യമിട്ട് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയതോടെ എണ്ണ ഇറക്കുമതിയില്‍ ഇടിവുണ്ടായതായാണ് വിവരം.
പ്രതിദിനം 1.95 മില്യണ്‍ ബാരല്‍സ് എന്ന കണക്കിലായിരുന്നു രണ്ടാഴ്ച മുമ്പത്തെ ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി. എന്നാല്‍ ഇത് കഴിഞ്ഞ ആഴ്ച 1.19ലേക്ക് ഇടിയുകയായിരുന്നു. നവംബര്‍ 21ന് യു.എസ് ഉപരോധം പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ഈ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഉപരോധം നിലവില്‍ വരുന്നതിന് മുന്നോടിയായി ഇന്ത്യന്‍ കമ്പനികള്‍ എണ്ണ ഇറക്കുമതി കുറയ്ക്കുകയാണെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള തീരുമാനം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് വിവരം.
അതേസമയം ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ നേരിയ വര്‍ധനവുണ്ടാകുമെന്നാണ് റോയിട്ടേഴ്സ് പറയുന്നത്. കെപ്ലറിന്റെയും ഓയില്‍എക്സിന്റെയും പ്രാഥമിക ഷിപ്പ്-ട്രാക്കിങ് ഡാറ്റ അനുസരിച്ചാണ് റിപ്പോര്‍ട്ട്. ഇത് നംവബറിന്റെ തുടക്കമാണെന്നും എണ്ണ ഇറക്കുമതിയില്‍ വ്യക്തമായ ചിത്രം ലഭിക്കാന്‍ ഒരു മാസത്തോളം സമയമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സെപ്റ്റംബറില്‍ 1.44 ദശലക്ഷം ബാരലായിരുന്നു ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി. ഒക്ടോബറില്‍ ഇത് പ്രതിദിനം 1.48 ദശലക്ഷം ബാരലായി ഉയര്‍ന്നിട്ടുണ്ടെന്നാണ് കെപ്ലര്‍ ഡാറ്റ പറയുന്നത്.
നിലവില്‍ മംഗലാപുരം റിഫൈനറീസ് ആന്‍ഡ് പെട്രോകെമിക്കല്‍സ്, എച്ച്.പി.സി.എല്‍-മിത്തല്‍ എനര്‍ജി എന്നിവ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിവെച്ചിട്ടുണ്ടെന്നും റോയിട്ടേഴ്സ് പറയുന്നു. അതേസമയം മറ്റു ഇന്ത്യന്‍ കമ്പനികള്‍ ഇപ്പോഴും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി തുടരുന്നതായും വിവരമുണ്ട്.
അടുത്തിടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ സമ്മതിച്ചെന്ന അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Content Highlight: India’s Russian oil imports drop