| Sunday, 31st May 2026, 7:46 am

സര്‍ക്കാര്‍ ആശുപത്രികളേക്കാള്‍ കൂടുതല്‍ ചെലവ് മരുന്നുകടകളില്‍; ഇന്ത്യക്കാര്‍ മരുന്നിനായി പൊടിച്ചത് 1.6 ലക്ഷം കോടി

ആദര്‍ശ് എം.കെ.

ന്യൂദല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളേക്കാള്‍ കൂടുതല്‍ പണം ചെലവഴിച്ചത് റീട്ടെയില്‍ മരുന്നുകടകളിലാണെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട നാഷണല്‍ ഹെല്‍ത്ത് അക്കൗണ്ട്സ് (എന്‍.എച്ച്.എ) 2022-23 റിപ്പോര്‍ട്ട് പ്രകാരം 1.6 ലക്ഷം കോടി രൂപയാണ് ഇന്ത്യ മരുന്ന് വേണ്ടി മാത്രമായി ചെലവാക്കിയത്.

പ്രസ്തുത സാമ്പത്തിക വര്‍ഷത്തില്‍ ഫാര്‍മസികളിലെ ചെലവ് 1,62,511 കോടി രൂപയായി വര്‍ധിച്ചു. മുന്‍വര്‍ഷം ഇത് 1,52,910 കോടി രൂപയായിരുന്നു.

രാജ്യത്തെ മൊത്തം ആരോഗ്യ ചെലവിന്റെ (കള്‍ച്ചറല്‍ ഹെല്‍ത്ത് എക്‌സ്‌പെന്‍ഡിച്ചര്‍ – സി.എച്ച്.എ) 21.19 ശതമാനവും മരുന്നുകള്‍ക്കായാണ് ചെലവഴിച്ചത്. ഇതിന് വിപരീതമായി സര്‍ക്കാര്‍ ആശുപത്രികളിലെ ചെലവ് 18.99 ശതമാനത്തില്‍ നിന്ന് 16.73 ശതമാനമായി കുറഞ്ഞു എന്നതും ശ്രദ്ധേയമാണ്.

സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ ചെലവ് വിഹിതം മുന്‍വര്‍ഷത്തെ 26.96 ശതമാനത്തില്‍ നിന്ന് 30.83 ശതമാനമായി വര്‍ധിച്ചു. തുകയുടെ അടിസ്ഥാനത്തില്‍ ഇത് ഒരു വര്‍ഷത്തിനുള്ളില്‍ 2,12,948 കോടിയില്‍ നിന്ന് 2,36,410 കോടി രൂപയായി ഉയര്‍ന്നു.

രാജ്യത്തെ മൊത്തം ആരോഗ്യ ചെലവ് (ടോട്ടല്‍ ഹെല്‍ത്ത് എക്‌സ്‌പെന്‍ഡിച്ചര്‍ – ടി.എച്ച്.എ) മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ തോതില്‍ കുറഞ്ഞ സാഹചര്യത്തിലാണ് സി.എച്ച്.എയില്‍ ഈ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

മൊത്തം ആരോഗ്യ ചെലവിന്റെ സിംഹഭാഗവും മരുന്നുകള്‍ക്കായാണ് ഉപയോഗിക്കുന്നത്.

കുറിപ്പടി പ്രകാരമുള്ള മരുന്നുകള്‍ക്കായി 1,34,572 കോടി രൂപ (സി.എച്ച്എയുടെ 17.55%), മറ്റ് മരുന്നുകള്‍: 26,670 കോടി രൂപ (സി.എച്ച്.എയുടെ 3.48 ശതമാനം)യുമാണ് ചെലവഴിച്ചത്. ആകെ മരുന്നുകള്‍ക്കും അനുബന്ധ ഉത്പന്നങ്ങള്‍ക്കുമായി 2,27,311 കോടി രൂപയും ചെലവഴിച്ചു.

പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ വര്‍ധിക്കുന്നത് മരുന്നുകള്‍ക്കായി വലിയ തുക ചെലവഴിക്കാന്‍ കാരണമാകുന്നു.

ഭൂരിഭാഗം പേരും ഡോക്ടറെ കാണുന്നതിനും മരുന്നുകള്‍ വാങ്ങുന്നതിനുമുള്ള തുക ഇന്‍ഷുറന്‍സ് സഹായമില്ലാതെ സ്വന്തം കൈയില്‍ നിന്നാണ് കണ്ടെത്തുന്നത്. ഇത്തരത്തില്‍ ജനങ്ങള്‍ സ്വന്തം കൈയില്‍ നിന്ന് നേരിട്ട് നല്‍കുന്ന തുക 3,82,629 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്.

കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുന്ന ജന്‍ ഔഷധി പദ്ധതിയുടെ ദേശീയ വിഹിതം വെറും 100 കോടി രൂപ മാത്രമാണ്.

അതേസമയം, മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യുന്ന സംവിധാനമുള്ള തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ ആരോഗ്യപരമായ സാമ്പത്തിക ഭാരം ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. ദേശീയ തലത്തില്‍ ജനങ്ങള്‍ സ്വന്തം കൈയില്‍ നിന്ന് ചെലവാക്കുന്ന തുക 43.41% ആണെങ്കില്‍ തമിഴ്നാട്ടില്‍ ഇത് 38.7% മാത്രമാണ്.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ ആരോഗ്യ മേഖലയ്ക്കായി ചെലവാക്കുന്ന തുക 28.6 ശതമാനത്തില്‍ നിന്ന് 43.7 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെങ്കിലും, ഔട്ട്പേഷ്യന്റ് ചികിത്സയ്ക്കും മരുന്നുകള്‍ക്കുമായി ജനങ്ങള്‍ ഇപ്പോഴും വലിയ തുക ചെലവാക്കേണ്ടി വരുന്നുവെന്ന് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Content Highlight:  India’s Rising Expenditure on Retail Pharmacies and Private Healthcare

 

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more