തിരുവനന്തപുരം: ഇസ്രായേലുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ ബന്ധം അന്താരാഷ്ട്ര മാനവിക നിയമങ്ങളോടുള്ള പ്രതിബദ്ധതയെ മറികടന്നുകൊണ്ടാകരുതെന്ന് ഒറീസ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്. മുരളിധരന്‍. ഗാസയില്‍ സാധാരണക്കാരും കുട്ടികളും ഭക്ഷണവും വൈദ്യസഹായവും ലഭിക്കാതെ കഷ്ടപ്പെടുമ്പോള്‍ ഇത്തരം തത്ത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ കൂടിയായ അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
‘ഫലസ്തീനിലെ കുട്ടികള്‍ ഭക്ഷണമില്ലാതെയും മരുന്നില്ലാതെയും കഷ്ടപ്പെടുമ്പോള്‍ അത് പ്രശ്‌നമല്ലന്ന മട്ടില്‍ കാണുന്ന മറ്റ് രാജ്യങ്ങളെ പോലെയാവരുത് ഇന്ത്യ. നമ്മുടെ ഇന്ത്യ അത്തരമൊരു രാജ്യമല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, ചരിത്രപരമായി ഫലസീന്‍ ജനതയെ പിന്തുണച്ച പാരമ്പര്യമാണ് ഇന്ത്യയ്ക്കുളളത്,’ മുരളീധരന്‍ പറഞ്ഞു.
ഇസ്രഈലുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കുമ്പോള്‍ മാനവികതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നീതി ന്യായ കോടതികള്‍ പോലുള്ള സ്ഥാപനങ്ങളില്‍ രാഷ്ട്രീയ സമര്‍ദങ്ങളില്‍ നിന്ന് മുക്തമായിരിക്കണമെന്നും മുന്‍ ജഡ്ജി പറഞ്ഞു.
ജന്തര്‍ മന്ദറിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ പിന്തുണച്ചും അദ്ദേഹം രംഗത്തെത്തി. യുവതലമുറയുടെ പ്രതികരണ ശേഷി ഇന്ത്യന്‍ ജനാധിപത്യം മരിക്കില്ല എന്നതിന്റെ തെളിവാണെന്നും സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് മേല്‍ ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹ ചൂണ്ടിക്കാട്ടി.
Content Highlight: India’s relationship with Israel must not violate humanitarian laws: Former Justice S. Muralidhar