| Friday, 31st October 2025, 3:58 pm

അഭിഷേകിന് കൊടുക്കാം ഒരു കയ്യടി; ഓസീസിനെതിരെ കഷ്ടിച്ച് 100 കടന്ന് ഇന്ത്യ!

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ രണ്ടാം ടി-20 മത്സരം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ ഓള്‍ ഔട്ട് ആയിരിക്കുകയാണ്. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് പ്രകടനത്തിലാണ് ഇന്ത്യ 125 എന്ന ടോട്ടലിലെത്തിയത്. 37 പന്തില്‍ രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 68 റണ്‍സാണ് താരം അടിച്ചെടുത്തത്.

ഹര്‍ഷിത് റാണയും അഭിഷേകും തമ്മിലുള്ള കൂട്ടുകെട്ടിലാണ് ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത്. 33 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 35 റണ്‍സാണ് റാണയുടെ സമ്പാദ്യം. മറ്റാര്‍ക്കും ഇന്ത്യയ്ക്ക് വേണ്ടി രണ്ടക്കം നേടാന്‍ പോലും സാധിച്ചിരുന്നില്ല. ഓസീസ് ബൗളര്‍മാരുടെ തീയുണ്ടകള്‍ക്ക് മുന്നില്‍ നിസഹായരാകുന്ന ഇന്ത്യന്‍ ടീമിനെയാണ് കാണാന്‍ സാധിച്ചത്.

വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യയ്ക്ക് ആദ്യ നഷ്ടപ്പെട്ടത്. 10 പന്തില്‍ 5 റണ്‍സുമായാണ് താരം കൂടാരം കയറിയത്. ശേഷം വണ്‍ഡൗണിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സഞ്ജു സാംസണ്‍ നാല് പന്തില്‍ രണ്ട് റണ്‍സിനും മടങ്ങി. ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവ് (4 പന്തില്‍ 1), തിലക് വര്‍മ (2 പന്തില്‍ 0), അക്‌സര്‍ പട്ടേല്‍ (12 പന്തില്‍ 7) എന്നിവര്‍ പ്രതീക്ഷിച്ച പ്രകടനം നടത്താതെയാണ് മധ്യനിരയില്‍ പരാജയപ്പെട്ടത്.

അതേസമയം ഓസീസിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് സൂപ്പര്‍ പേസര്‍ ഹേസല്‍വുഡ്ഡാണ്. നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 3.25 എന്ന എക്കോണമിയിലായിരുന്നു താരത്തിന്റെ ബൗളിങ്. താരത്തിന് പുറമെ സേവിയര്‍ ബാര്‍ട്ട്‌ലെറ്റ്, നഥാന്‍ എല്ലിസ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക്കസ് സ്‌റ്റേയിനിസ് ഒരു വിക്കറ്റും സ്വന്തമാക്കി.

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

ഓസ്ട്രേലിയ പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, മിച്ചല്‍ ഓവന്‍, മാര്‍കസ് സ്റ്റോയ്നിസ്, മാറ്റ് ഷോര്‍ട്ട്, സേവ്യര്‍ ബാര്‍ട്ലെറ്റ്, നഥാന്‍ എല്ലിസ്, മാത്യു കുന്‍മാന്‍, ജോഷ് ഹെയ്സല്‍വുഡ്.

Content Highlight: India’s poor performance against Australia, Abhishek shines

Latest Stories

We use cookies to give you the best possible experience. Learn more