| Sunday, 28th September 2025, 8:36 am

T20 ഫൈനലുകളില്‍ ഇന്ത്യ; അഫ്ഗാനിസ്ഥാനോട് ജയിക്കാതെയും തോല്‍ക്കാതെയും, ശ്രീലങ്കയോട് തോല്‍വിയും

സ്പോര്‍ട്സ് ഡെസ്‌ക്

മറ്റൊരു ഇന്ത്യ – പാകിസ്ഥാന്‍ ഫൈനല്‍ പോരാട്ടത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ഞായറാഴ്ച ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഏഷ്യാ കപ്പ് 2025ന്റെ കിരീടപ്പോരാട്ടത്തിലാണ് ഏഷ്യന്‍ ടൈറ്റന്‍സ് പരസ്പരം കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങുന്നത്.

ടൂര്‍ണമെന്റില്‍ ഇതിനോടകം ഏറ്റുമുട്ടിയ രണ്ട് മത്സരത്തിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന് വിജയിച്ച ഇന്ത്യ സൂപ്പര്‍ ഫോറില്‍ ആറ് വിക്കറ്റിന്റെ മികച്ച വിജയവും സ്വന്തമാക്കി.

ഇത് ഏഴാം തവണയാണ് ഇന്ത്യ ഒരു ടി-20 സീരീസ്/ ടീ- ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിക്കാന്‍ ഒരുങ്ങുന്നത്. പാകിസ്ഥാനെതിരെ രണ്ടാം തവണയും.

ടി-20 ഫൈനലുകളില്‍ ഇന്ത്യ

(ടൂര്‍ണമെന്റ് – എതിരാളികള്‍ – മത്സരഫലം എന്നീ ക്രമത്തില്‍)

2007 ടി-20 ലോകകപ്പ് – പാകിസ്ഥാന്‍ – വിജയം

2014 ടി-20 ലോകകപ്പ് – ശ്രീലങ്ക – തോല്‍വി

2016 ഏഷ്യാ കപ്പ് – ബംഗ്ലാദേശ് – വിജയം

2018 നിദാഹസ് ട്രോഫി – ബംഗ്ലാദേശ് – വിജയം

2023 ഏഷ്യന്‍ ഗെയിംസ് – അഫ്ഗാനിസ്ഥാന്‍ – നോ റിസള്‍ട്ട്

2024 ടി-20 ലോകകപ്പ് – സൗത്ത് ആഫ്രിക്ക – വിജയം

ഐ.സി.സി ടി-20 ലോകകപ്പിന്റെ ആദ്യ എഡിഷന്‍ ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ കിരീട ധാരണം. ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ട മത്സരത്തില്‍ ബോള്‍ ഔട്ടില്‍ വിജയിച്ച ഇന്ത്യ, അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ ഫൈനലില്‍ അഞ്ച് റണ്‍സിനായിരുന്നു വിജയം സ്വന്തമാക്കിയത്.

2007 ടി-20 ലോകകപ്പ്

2014 ടി-20 ലോകകപ്പില്‍ ലസിത് മലിംഗയുടെ ശ്രീലങ്കയോട് ആറ് വിക്കറ്റിന് പരാജയപ്പെട്ടാണ് ഇന്ത്യ കിരീടം അടിയറവ് വെച്ചത്. മിര്‍പൂരിലെ ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 131 റണ്‍സിന്റെ വിജയലക്ഷ്യം 13 പന്ത് ശേഷിക്കെ കുമാര്‍ സംഗക്കാരയുടെ അപരാജിത അര്‍ധ സെഞ്ച്വറി കരുത്തില്‍ മറികടന്ന് ലങ്ക തങ്ങളുടെ ആദ്യ ടി-20 ലോകകപ്പ് സ്വന്തമാക്കുകയായിരുന്നു.

2014 ടി-20 ലോകകപ്പ് കിരീടവുമായി ശ്രീലങ്ക

ഏഷ്യാ കപ്പ് ആദ്യമായി ടി-20 ഫോര്‍മാറ്റില്‍ കളിച്ച 2016ല്‍ കിരീടപ്പോരാട്ടത്തില്‍ അനായാസമായിരുന്നു ഇന്ത്യയുടെ വിജയം. മിര്‍പൂരില്‍ നടന്ന മത്സരത്തില്‍ ശിഖര്‍ ധവാന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ 122 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു.

2016 ഏഷ്യാ കപ്പ്

ദിനേഷ് കാര്‍ത്തിക് ആരാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകര്‍ മനസിലാക്കിയ മത്സരമായിരുന്നു 2018ലെ നിദാഹസ് ട്രോഫി ഫൈനല്‍. വിജയം മുമ്പില്‍ കണ്ട ശേഷമായിരുന്നു ബംഗ്ലാദേശ് തോല്‍വിയിലേക്ക് വീണത്. അവസാന പന്തില്‍ വിജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ ദിനേഷ് കാര്‍ത്തിക് സിക്‌സര്‍ പറത്തി ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുനടത്തുകയായിരുന്നു. എട്ട് പന്തില്‍ പുറത്താകാതെ 29 റണ്‍സടിച്ചാണ് ഡി.കെ. ഇന്ത്യയുടെ വിജയശില്‍പിയായത്.

2018 നിദാഹസ് ട്രോഫി

2023 ഏഷ്യന്‍ ഗെയിംസില്‍ മഴ മൂലം ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ മത്സരം ഉപേക്ഷിച്ചിരുന്നു. മോശം കാലാവസ്ഥ മൂലം അഫ്ഗാനിസ്ഥാന്‍ ഇന്നിങ്‌സ് പൂര്‍ത്തിയാക്കാനോ ഇന്ത്യയ്ക്ക് ബാറ്റിങ്ങിനിറങ്ങാനോ സാധിച്ചിരുന്നില്ല. എങ്കിലും ടോപ് സീഡ് എന്ന നിലയില്‍ സ്വര്‍ണ മെഡലുമായാണ് ഋതുരാജ് ഗെയ്ക്വാദിന്റെ ഇന്ത്യ ഗ്വാങ്ഷുവില്‍ നിന്നും തിരികെ വിമാനം കയറിയത്.

2023 ഏഷ്യന്‍ ഗെയിംസ്

ഒരു പതിറ്റാണ്ടുകാലം നീണ്ടുനിന്ന ഐ.സി.സി ട്രോഫി വരള്‍ച്ചയ്ക്ക് അന്ത്യമിട്ടായിരുന്നു 2024ല്‍ ഇന്ത്യയുടെ രണ്ടാം ടി-20 ലോകകപ്പ് നേട്ടം. ഫൈനലില്‍ സൗത്ത് ആഫ്രിക്കയായിരുന്നു എതിരാളികള്‍. അവസാന ഓവറില്‍ ഡേവിഡ് മില്ലര്‍ സൂര്യകുമാര്‍ യാദവിന്റെ കൈകളിലൊതുങ്ങും വരെ പ്രോട്ടിയാസിനായിരുന്നു വിജയസാധ്യത. എന്നാല്‍ അവിശ്വസനീയമായ തിരിച്ചുവരവില്‍ ഇന്ത്യ കിരീടമണിയുകയായിരുന്നു.

2024 ടി-20 ലോകകപ്പ്

ഇപ്പോള്‍ മറ്റൊരു ടി-20 ഫൈനലിനാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ടൂര്‍ണമെന്റില്‍ പാകിസ്ഥാനെതിരായ രണ്ട് മത്സരത്തിലും വിജയിച്ച ഇന്ത്യയ്ക്ക് തന്നെയാണ് കിരീടപ്പോരാട്ടത്തിലും സാധ്യത കല്‍പ്പിക്കുന്നത്.

Content Highlight: India’s performance in T20 Finals

Latest Stories

We use cookies to give you the best possible experience. Learn more