സൂപ്പര്‍ 8ലെ നിര്‍ണായക മത്സരത്തിന് ഇന്ത്യ സിംബാബ്‌വേയ്‌ക്കെതിരെ ഇന്ന് കളത്തിലിറങ്ങുകയാണ്. ചെപ്പോക് സ്‌റ്റേഡിയമാണ് വേദി. സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയോടും ഷെവ്‌റോണ്‍സ് വെസ്റ്റ് ഇന്‍ഡീസിനോടും വലിയ മാര്‍ജിനില്‍ പരാജയപ്പെട്ടതിനാല്‍ സെമി സാധ്യതകള്‍ സജീവമാക്കി നിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്.
ബാറ്റിങ് യൂണിറ്റ് ഫോമിലേക്കുയരാത്തതാണ് ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്, പ്രത്യേകിച്ചും ഓപ്പണിങ് കൂട്ടുകെട്ട്. ഓപ്പണിങ് കൂട്ടുകെട്ടില്‍ റണ്‍സ് പടുത്തുയര്‍ത്താന്‍ സാധിക്കാത്ത ടീമെന്ന നാണക്കേടും 2026 ടി-20 ലോകകപ്പ് ഇന്ത്യയ്ക്ക് ഇതിനോടകം തന്നെ സമ്മാനിച്ചിട്ടുണ്ട്.
ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയും മത്സരത്തിനിടെ
ഓപ്പണിങ്ങില്‍ ഏറെ കാലമായി പിന്തുടരുന്ന ഇടംകൈ-വലംകൈ കോമ്പിനേഷനില്‍ നിന്നും മാറി രണ്ട് ഇടംകയ്യന്‍മാരെ കളത്തിലിറക്കിയ പരീക്ഷണം ആദ്യ മത്സരം മുതല്‍ പാളിയെങ്കിലും ഒന്നൊഴികെയുള്ള എല്ലാ മത്സരത്തിലും അതേ രീതി തന്നെയാണ് ഇന്ത്യ അവലംബിച്ചത് എന്നതാണ് ആരാധകരില്‍ ഇപ്പോഴും ആശങ്കയുണര്‍ത്തുന്നത്.
അഭിഷേക് ശര്‍മ – ഇഷാന്‍ കിഷന്‍ ഓപ്പണിങ് ജോഡിക്ക് ലോകകപ്പില്‍ ഇതുവരെ തിളങ്ങാന്‍ സാധിച്ചില്ല. ഒന്നിച്ചിറങ്ങിയ നാലില്‍ നാല് മത്സരത്തിലും ഓപ്പണിങ് കൂട്ടുകെട്ട് അമ്പേ പരാജയപ്പെട്ടിരുന്നു.
ഈ നാല് മത്സരത്തിലും ഓപ്പണര്‍മാരില്‍ ഒരാള്‍ പൂജ്യത്തിന് പുറത്തായിട്ടുണ്ട് എന്നതാണ് അത്ഭുതപ്പെടുത്തുന്ന ഒരു വസ്തുത. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് മത്സരത്തില്‍ മൂന്നിലും അഭിഷേക് ശര്‍മ പൂജ്യത്തിന് മടങ്ങിയപ്പോള്‍ പതിവിന് വിപരീതമായി സൂപ്പര്‍ 8ല്‍ ഇഷാന്‍ കിഷനാണ് പൂജ്യത്തില്‍ നില്‍ക്കവെ പുറത്തായി മടങ്ങേണ്ടി വന്നത്.
അഭിഷേക് ശര്‍മ
ഈ നാല് മത്സരത്തിലും ഓപ്പണിങ് കൂട്ടുകെട്ട് പത്ത് റണ്‍സ് പോലും തികച്ചില്ല എന്നതാണ് മറ്റൊരു വസ്തുത. നെതര്‍ലന്‍ഡ്‌സിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ സൂപ്പര്‍ 8ലെ ആദ്യ മത്സരത്തിലും സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് ആദ്യ വിക്കറ്റ് നഷ്ടമായപ്പോള്‍, പാകിസ്ഥാനെതിരെ ഒരു റണ്‍സ് നേടി നില്‍ക്കവെയും യു.എസ്.എയ്‌ക്കെതിരെ എട്ട് റണ്‍സുള്ളപ്പോഴും ആദ്യ വിക്കറ്റ് വീണിരുന്നു.
നമീബിയക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് ഇന്ത്യന്‍ ഓപ്പണിങ് കൂട്ടുകെട്ട് ഇരട്ടയക്കം കണ്ടത്. അന്ന് ഇന്ത്യ ഇടംകൈ – വലംകൈ കോമ്പിനേഷനിലാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. അഭിഷേക് ശര്‍മയുടെ അനാരോഗ്യം മൂലം കളത്തിലിറങ്ങിയ സഞ്ജു സാംസണ്‍ എട്ട് പന്ത് നേരിട്ട് മൂന്ന് സിക്‌സറുമായി 22 റണ്‍സെടുത്ത് ഇന്‍സ്റ്റന്റ് ഇംപാക്ടുണ്ടാക്കി മടങ്ങി.
സഞ്ജു സാംസണ്‍ മത്സരത്തിനിടെ
ഇതിന് പുറമെ ഈ ലോകകപ്പിലെ ഏറ്റവും മോശം ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് ശരാശരിയും ഇന്ത്യയുടെ പേരിലാണ്. 6.80 മാത്രമാണ് ഇന്ത്യയുടെ ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് ശരാശരി. ഈ ലോകകപ്പിന്റെ ഭാഗമായ 20 ടീമുകളില്‍ ഇറ്റലിക്കും നേപ്പാളിനും നമീബിയക്കും കീഴില്‍ 20ാം സ്ഥാനത്താണ് ഇന്ത്യ.
അഞ്ച് മത്സരത്തില്‍ നിന്നുമായി വെറും 34 റണ്‍സാണ് ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇന്ത്യയ്ക്ക് കണ്ടെത്താന്‍ സാധിച്ചത്. ഇതില്‍ സിംഹഭാഗവും നമീബിയക്കെതിരായ മത്സരത്തിലാണ് പിറന്നത്.
അതേസമയം, സിംബാബ്‌വേയ്‌ക്കെതിരെ സഞ്ജു സാംസണ്‍ കളത്തിലിറങ്ങാന്‍ സാധ്യതകളേറെയാണ്. എന്നാല്‍ ഓപ്പണിങ്ങില്‍ താരത്തിന് അവസരം കിട്ടുമോ എന്ന കാര്യത്തില്‍ ഉറപ്പേതുമില്ല. റിങ്കു സിങ്ങിന് പകരമായിരിക്കും ഇന്ത്യ സഞ്ജുവിനെ പരീക്ഷിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ താരത്തിന് ഫിനിഷറുടെ റോളിലാകും കളിക്കേണ്ടി വരിക.
നേരത്തെ ശുഭ്മന്‍ ഗില്ലിനെ ഓപ്പണറായി ബി.സി.സി.ഐ കൊണ്ടുവന്നപ്പോള്‍ സഞ്ജുവിന്റെ സ്ഥാനം മിഡില്‍ ഓര്‍ഡറിലേക്ക് മാറിയിരുന്നു. ഏഷ്യാ കപ്പിലും താരം മിഡില്‍ ഓര്‍ഡറിലാണ് കളിച്ചത്. ഫൈനലില്‍ പാകിസ്ഥാനെതിരെ തിലക് വര്‍മയ്‌ക്കൊപ്പം മാച്ച് വിന്നിങ് പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്താനും മധ്യനിരയില്‍ സഞ്ജുവിന് സാധിച്ചിരുന്നു.
Content Highlight: India’s opening partnership fails in T20 World Cup