ദൽഹി: അദാനിക്കെതിരെയുള്ള സമൻസ് മോദി സർക്കാർ തടഞ്ഞത് രണ്ടുതവണ
സമൻസ് അയച്ച കവറിൽ മഷികൊണ്ടുള്ള ഒപ്പില്ല, ഔദ്യോഗിക സീൽ ഇല്ല എന്നീ ന്യായങ്ങൾ പറഞ്ഞാണ് അദാനിക്കെതിരെയുള്ള സമൻസ് നിയമ മന്ത്രാലയം തടഞ്ഞതെന്നാണ് റിപോർട്ടുകൾ.
നിക്ഷേപകരെ കബളിപ്പിച്ച കേസിലാണ് അദാനി ഗ്രൂപ്പ് ചെയർമാനായ ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും എതിരെ യു.എസ് സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (യു.എസ്.എസ്.ഈ.സി) സമ്മൻസ് അയച്ചത്.
രണ്ടുതവണയും സമൻസ് തടഞ്ഞതോടെ ഇ-മെയിൽ വഴി അയക്കുന്നതിന് അമേരിക്കൻ കോടതിയിൽ നിന്നും അനുമതി തേടിയ സാഹചര്യത്തിലാണ് മുമ്പ് രണ്ടുതവണ സമൻസ് തടഞ്ഞ വിവരം പുറംലോകമറിഞ്ഞത്.
2024 ഫെബ്രുവരിയിലായിരുന്നു ആദ്യ സമൻസ് തടഞ്ഞതെങ്കിൽ കഴിഞ്ഞ ഡിസംബറിലായിരുന്നു രണ്ടാമത്തേത്.
ഹേഗ് ചട്ടപ്രകാരം സമൻസ് കൈമാറുന്നതിന് ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ തടസ്സമാവില്ലെന്ന് ആദ്യ സമൻസിൽ യു.എസ്.എസ്.ഈ.സി ചൂണ്ടികാണിച്ചിരുന്നതായി ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്യുന്നു.
രണ്ടാം അപേക്ഷയിൽ ഇത്തരമൊരു സമൻസ് അയക്കാൻ യു.എസ്.എസ്.ഈ.സിക്ക് അധികാരമില്ലെന്ന തടസവാദം ഉന്നയിച്ചാണ് നിയമ മന്ത്രാലയം നടപടികൾ തടഞ്ഞത്.
നേരത്തെ അദാനിക്കെതിരെ ഹിൻഡൻബെർഗ് റിപ്പോർട്ട് വന്നതും സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (എസ്.ഇ.ബി.ഐ) അദാനിക്ക് ക്ലീൻ ചീട്ട് നൽകിയതും ഏറെ ചർച്ചയായിരുന്നു.
Content Highlight: India’s Law Ministry declined twice to serve SEC summons on Gautam Adani