| Thursday, 20th November 2025, 9:27 am

ദല്‍ഹിയില്‍ ഇന്ത്യയിലെ ആദ്യ 'ജെന്‍ സി' പോസ്റ്റ് ഓഫീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ ആദ്യ ജെന്‍ സി പോസ്റ്റ് ഓഫീസ് ദല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹോസ്ഖാസിലെ
ദല്‍ഹി ഐ.ഐ.ടി ക്യാമ്പസിലാണ് ജെന്‍ സി പോസ്റ്റ് ഓഫീസ്. പഴയ പോസ്റ്റ് ഓഫീസിനെ പുനരുദ്ധരിച്ചാണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

90 ശതമാനവും ഡിജിറ്റല്‍ സേവനങ്ങളാണ് ലഭ്യമാക്കുന്നത് എന്നതാണ് ജെന്‍ സി പോസ്റ്റ് ഓഫീസിന്റെ പ്രത്യേകത. ക്യു.ആര്‍ അധിഷ്ഠിത പാഴ്‌സല്‍ ബുക്കിങ് ഉള്‍പ്പെടെയുള്ള സേവനങ്ങളും ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രം ലഭ്യമാക്കുന്ന സ്മാര്‍ട്ട് സര്‍വീസ് ടച്ച് പോയിന്റുകളും ഈ പോസ്റ്റ് ഓഫീസിലുണ്ട്.

ഒപ്പം, സ്വീകരണമുറി, ചുവരുകളില്‍ ഗ്രാഫിറ്റി, വൈ-ഫൈ-സോണുകള്‍ എന്നിവയും ഈ പോസ്റ്റ് ഓഫീസിന്റെ പ്രത്യേകതകളാണ്.

ഐ.ഐ.ടി ദല്‍ഹിയിലെ നവീകരിച്ച കാമ്പസ് പോസ്റ്റ് ഓഫീസ് ഒരു സര്‍വകലാശാലാ കാമ്പസിലെ തപാല്‍ സേവനങ്ങളുടെ ആധുനികവും പൂര്‍ണവുമായ മാറ്റത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് കേന്ദ്ര ആശയവിനിമയ മന്ത്രാലയം പറഞ്ഞു.

ഇന്ത്യയിലെ വിദ്യാഭ്യാസ ക്യാമ്പസുകളില്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസുകളെ നവീകരിക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണ് പഴയ പോസ്റ്റ് ഓഫീസ് നവീകരിച്ച് പുത്തന്‍ രീതിയില്‍ അവതരിപ്പിച്ചത്. അടുത്തമാസം 15-നുള്ളില്‍ രാജ്യത്ത് ഇത്തരത്തിലുള്ള 46 പോസ്റ്റ് ഓഫീസുകള്‍ക്ക് ‘ജെന്‍ സി ടച്ച്’ നല്‍കാനാണ് തപാല്‍ വകുപ്പിന്റെ തീരുമാനം.

തപാല്‍ സേവനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും ഈ പദ്ധതിയുടെ ഭാഗമാണ്. വിദ്യാര്‍ത്ഥികളെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി നിയമിക്കും. കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ബ്രാന്‍ഡഡ് പാഴ്‌സല്‍ പാക്കേജിങ് സൗകര്യങ്ങളും സ്പീഡ് പോസ്റ്റ് ഡിസ്‌കൗണ്ടുകളും ഈ പദ്ധതിയുടെ ഭാഗമായി നല്‍കുന്നുണ്ട്.

നേരത്തെ, ഇന്ത്യന്‍ തപാല്‍ വകുപ്പ് പിന്‍കോഡുകള്‍ക്ക് പകരം പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ചിരുന്നു. ഈ വര്ഷം ജൂണില്‍ ഡിജിപിന്‍ എന്ന സംവിധാനമാണ് അവതരിപ്പിച്ചിരുന്നത്. തപാല്‍ വകുപ്പ് പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായിരുന്നു ഈ മാറ്റം.

Content Highlight: India’s first ‘Gen Z’ post office opens in Delhi

We use cookies to give you the best possible experience. Learn more